നമിത വിവാഹിതയാകുന്നു
November 11, 2017, 9:03 am
തെന്നിന്ത്യയുടെ രോമാഞ്ചമായ നടി നമിത വിവാഹിതയാകുന്നു. സുഹൃത്തിന്റെ യുട്യൂബ് വീഡിയോയിലൂടെയാണ് നമിത വിവരം ആരാധകരുമായി പങ്കുവച്ചത്. ദീർഘകാല സുഹൃത്തു കൂടിയായ വീരാണ് നമിതയുടെ കഴുത്തിൽ താലി ചാർത്തുന്നത്. നവംബർ 24നാണ് വിവാഹം. സുഹൃത്തായ റെയ്സയുടെ വീഡിയോയിൽ വന്ന് നമിതയും വീറും ഒരുമിച്ചാണ് ആരാധകർക്കായി സന്തോഷ വാർത്ത പങ്കുവച്ചത്. ''എല്ലാവർക്കും നമസ്‌കാരം, ഞാനും എന്റെ സുഹൃത്ത് വീരും വിവാഹിതരാകുന്നു. നവംബർ 24നാണ് വിവാഹ ചടങ്ങുകൾ നടക്കുക. എനിക്ക് നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും വേണം. ഒരു വധുവാകാൻ പോകുന്നതിന്റെ ത്രിൽ ഉണ്ട്. എല്ലാവർക്കും നന്ദി'' എന്ന് പറഞ്ഞു. സുഹൃത്തുക്കളായ കുറച്ചുപേരെയും വീഡിയോയിൽ കാണാൻ കഴിയും.

വിവാഹം സംബന്ധിച്ച് നമിത പ്രസ്താവനയും ഇറക്കിയിരുന്നു. ഈ മാസം 24ന് തിരുപ്പതിയിൽ വച്ചാണ് വിവാഹം. നിർമ്മാതാവും നടനുമാണ് വീര. സുഹൃത്തായ ശശിധർ ബാബുവാണ് കഴിഞ്ഞ വർഷം വീറിനെ പരിചയപ്പെടുത്തി തന്നത്. പതുക്കെപ്പതുക്കെ അത് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറി. ഇക്കഴിഞ്ഞ സെപ്തംബറിൽ ബീച്ചിലെ കാന്റിൽ ലൈറ്റ് ഡിന്നറിനിടയിലാണ് ഇരുവരും പ്രണയം തുറന്നുപറഞ്ഞതെന്നും നമിത പറയുന്നു. തങ്ങളുടെ പ്രണയത്തെ പിന്തുണച്ച വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും പ്രസ്താവനയിൽ നമിത നന്ദിയും സ്‌നേഹവും അറിയിക്കുന്നുണ്ട്. ഇടയ്ക്ക് നടൻ ശരത് ബാബുവിനെ ചേർത്ത് ഗോസിപ്പുകൾ ഇറങ്ങിയെങ്കിലും അതെല്ലാം നമിത തള്ളിക്കളയുകയായിരുന്നു. ശരത് ബാബു എന്ന് പറയുന്നത് ആരാണെന്നായിരുന്നു നമിത അന്ന് ചോദിച്ചത്. 1998ൽ മിസ് സൂറത്തായി തിരഞ്ഞെടുക്കപ്പെട്ട നമിത 2002ൽ തെലുങ്ക് ചിത്രമായ സൊന്തത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.

ജന്മം കൊണ്ട് ഗുജറാത്തിയാണെങ്കിലും നമിത തന്റെ ചുവടുറപ്പിച്ചത് തെന്നിന്ത്യൻ സിനിമാലോകത്തായിരുന്നു. നായികയായി തുടക്കം കുറിച്ച താരം മാദക നർത്തകിയായി മാറുകയായിരുന്നു. പുലിമുരുകൻ, ബ്ളാക് സ്റ്റാലിയൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും നമിത വേഷമിട്ടിരുന്നു. വടിവുടയാൻ സംവിധാനം ചെയ്യുന്ന പൊട്ടാണ് നമിതയുടേതായി റിലീസ് ചെയ്യാനുള്ള ചിത്രം. ഭരത് നായകനാകുന്ന പൊട്ടിൽ ഇനിയയാണ് നായിക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ