ദുൽഖറിന്റെ അടുത്ത മലയാള ചിത്രം ഫെബ്രുവരിയിൽ
November 11, 2017, 9:25 am
ദുൽഖർ സൽമാൻ നായകനാകുന്ന അടുത്ത മലയാള ചിത്രം ഫെബ്രുവരിയിൽ തുടങ്ങും. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രചയിതാക്കളായ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തിരക്കഥ വായിച്ച ദുൽഖർ ആവേശത്തിലാണ്. കോമഡിക്ക് പ്രാധാന്യമുള്ള ഒരു മാസ് എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് സൂചന.
പരീക്ഷണ ചിത്രങ്ങളായ പറവയ്ക്കും സോളയ്ക്കും ശേഷം മലയാളത്തിലെ യംഗ് ക്രൗഡ് പുള്ളറായ ദുൽഖർ ഒരു മാസ് ചിത്രത്തിൽ നായകനാകുന്ന വാർത്ത ഇൻഡസ്ട്രിയെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. മൂന്ന് നിർമ്മാതാക്കളാണ് ചിത്രം നിർമ്മിക്കാനുള്ള ആഗ്രഹവുമായി ഇപ്പോൾ രംഗത്തുള്ളത്. അണിയറപ്രവർത്തകരുടെ കാര്യത്തിൽ നവംബർ 20ന് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

അതേസമയം ചിത്രത്തിൽ ദുൽഖറിനോടൊപ്പം ജയറാമും മുഴുനീള വേഷത്തിലഭിനയിക്കുന്നുവെന്ന വാർത്ത ആരുടെയോ സങ്കല്പ സൃഷ്ടിയാണെന്ന് രചയിതാക്കളിലൊരാളായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, 'സിറ്റി കൗമുദി'യോട് പറഞ്ഞു. ഹിന്ദി ചിത്രമായ കാർവാ, തെലുങ്ക് ചിത്രമായ മഹാനടി എന്നിവ പൂർത്തിയാക്കിക്കഴിഞ്ഞ ദുൽഖർ ഇപ്പോൾ ചെന്നൈയിൽ നവാഗതനായ ദേസിൻ പെരിയസ്വാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ സെറ്റിലാണ്. ഈ ചിത്രവും ഒരു മാസ് എന്റർടെയ്നറാണെന്നാണ് റിപ്പോർട്ടുകൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ