കോഴ കിട്ടിയില്ല; മദ്യസാമ്പിളിൽ വെള്ളം ചേർത്ത കമ്മിഷണർ 'അൺഫിറ്റായി
November 13, 2017, 12:34 am
ശ്രീകുമാർപള്ളീലേത്ത്
തിരുവനന്തപുരം:പെട്ടെന്ന് ഫിറ്റാകാതിരിക്കാൻ വിദേശ മദ്യത്തിൽ സ്വൽപം വെള്ളം ചേർത്ത് കഴിക്കുന്നതാണ് മദ്യപരുടെ ഒരു രീതി. എന്നാൽ കൈക്കൂലി നൽകാത്ത മദ്യക്കമ്പനിയെ കുടുക്കാൻ മദ്യസാമ്പിളിൽ വെള്ളം ചേർത്ത് വീര്യം കുറച്ച് അതിബുദ്ധികാട്ടിയ ഉദ്യോഗസ്ഥൻ അപ്രതീക്ഷിതമായി 'അൺഫിറ്റായി'.
ബിവറേജസ് കോർപ്പറേഷന്റെ കൊട്ടാരക്കര വെയർഹൗസ് ഗോഡൗൺ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ രാജുവാണ് വീര്യം കാട്ടി കുടുക്കിലായത്. മദ്യത്തിന്റെ സാമ്പിൾ പരിശോധനയിൽ ഇദ്ദേഹം കൃത്രിമം കാട്ടിയെന്നാണ് വിജിലൻസ് റിപ്പോർട്ട്. എക്സൈസ് കമ്മിണർക്ക് മുമ്പാകെ ഹാജരാവാൻ ഇദ്ദേഹത്തിന് നിർദ്ദേശം നൽകിയിരിക്കയാണ്.
മദ്യക്കമ്പനി എക്സൈസ് മന്ത്രിക്കും ടാക്‌സസ് സെക്രട്ടറിക്കും കമ്മിഷണർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് അന്വേഷണം.
സംഭവം ഇങ്ങനെ:
ഗോഡൗണിൽ മുന്തിയ മദ്യത്തിന്റെ ലോഡിറക്കാൻ ഇദ്ദേഹം പണം ആവശ്യപ്പെട്ടg. കേരളത്തിൽ ഏറെ വില്പനയുള്ള മദ്യത്തിന്റെ കമ്പനിപ്രതിനിധി പണം നൽകാൻ വിസമ്മതിച്ചു. അതോടെ, കെമിക്കൽ സർട്ടിഫിക്കറ്റ് തൃപ്തികരമല്ലെന്ന് പറഞ്ഞ് ലോഡ് ഇറക്കാൻ അനുവദിച്ചില്ല. ഒരു കെയ്സിൽ നിന്ന് എടുത്ത പൈന്റ് കുപ്പിയിലെ മദ്യം ഇദ്ദേഹം സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചു. തിരുവനന്തപുരം റീജിയണൽ കെമിക്കൽ ലാബിലെ പരിശോധനയിൽ മദ്യത്തിന് വീര്യം കുറവാണെന്നായിരുന്നു കണ്ടെത്തൽ.
എന്നാൽ മറ്ര് വെയർഹൗസുകളിൽ എത്തിച്ച ഇതേ ബാച്ചിലെ മദ്യം കമ്പനി നേരിട്ട് കൊച്ചി മട്ടാഞ്ചേരിയിലെ ലാബിൽ പരിശോധിച്ചപ്പോൾ ശരിയായ വീര്യം ഉള്ളതായി കണ്ടെത്തി. ഉന്നത നിലവാരമുള്ള ഗോവയിലെ ലാബിലെ പരിശോധനാഫലവും സമാനമായിരുന്നു. രണ്ട് ഫലവും ഉൾപ്പെടെ കമ്പനി സർക്കാരിന് പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വിജിലൻസ് ഓഫീസർ രാമചന്ദ്രൻ അന്വേഷണം നടത്തി. തുടർന്ന് വിജിലൻസ് നേരിട്ട് സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരത്തെയും കാക്കനാട്ടെയും ലാബുകളിൽ പരിശോധിച്ചപ്പോൾ കമ്പനി ഹാജരാക്കിയ റിസൾട്ട് ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു. സാമ്പിളിൽ ഉദ്യോഗസ്ഥൻ രഹസ്യമായി വെള്ളം ചേർത്തെന്നാണ് നിഗമനം. വകുപ്പു മന്ത്രിക്കും അഡിഷണൽ ചീഫ് സെക്രട്ടറിക്കും എക്സൈസ് കമ്മിഷണർക്കും വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമമുണ്ടെന്നും അറിയുന്നു.

കേരളത്തിലെ വീര്യം
കേരളത്തിൽ വിൽക്കുന്ന മദ്യത്തിന്റെ വീര്യം 42.86 ശതമാനമാണ്. ഇതിൽ പരമാവധി മൂന്ന് പോയിന്റ് വരെ മാറ്രം അനുവദനീയമാണ്.

മദ്യം കൊണ്ടുവരുമ്പോൾ വേണ്ട രേഖകൾ

ഡിസ്റ്റിലറിയിൽ നിന്നുള്ള പെർമിറ്റ് (ഒരു പെർമിറ്റിൽ 750 കെയ്സ് മദ്യം വരെ).
ഡിസ്റ്റിലറി സ്ഥിതിചെയ്യുന്ന സ്ഥലത്തെ എക്സൈസ് അധികൃതർ സാമ്പിൾ പരിശോധിച്ച് നൽകുന്ന കെമിക്കൽ സർട്ടിഫിക്കറ്റ്
 മദ്യനിർമ്മാണത്തിന് ഉപയോഗിച്ചത് യഥാർത്ഥ സ്പിരിറ്റാണെന്ന് തെളിയിക്കുന്ന ഇ.എൻ.എ സർട്ടിഫിക്കറ്റ്

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ