Tuesday, 21 November 2017 5.27 PM IST
പി. ജയരാജനെതിരായ നീക്കത്തിന് പിന്നിൽ ഉന്നത നേതാവ്
November 13, 2017, 11:25 am
റഹനാസ്‌ മടിക്കൈ
കണ്ണൂർ: പാർട്ടിയ്ക്ക് അതീതനായി വളരാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന വിമർശനം കണ്ണൂരിൽ പാർട്ടി അണികൾക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് അപ്രതീക്ഷിതമായി പി. ജയരാജനെതിരെ വിമർശനമുയർന്നത്. പാർട്ടിയുടെ കണ്ണൂർ ജില്ലയിലെ കീഴ്ഘടകങ്ങളിൽ ഇക്കാര്യം റിപ്പോർട്ടു ചെയ്യും. ജയരാജനെ പ്രകീർത്തിച്ചുകൊണ്ട് പുറത്തിറങ്ങിയ സംഗീത ആൽബവും ഫ്ലക്സുകളും ചൂണ്ടിക്കാട്ടിയാണ് പാർട്ടി ഈ വിലയിരുത്തലിലെത്തിയതെന്നാണ് പറയുന്നത്. ജയരാജനെതിരായ അപ്രതീക്ഷിത നീക്കം കണ്ണൂരിൽ വലിയ അമ്പരപ്പാണ് പാർട്ടിയിലും ഉണ്ടാക്കിയത്. ഇതിന് പിന്നിൽ മുമ്പ് വിവാദത്തിൽപെട്ടിരുന്ന ഒരു ഉന്നത നേതാവിന് പങ്കുണ്ടെന്ന വിലയിരുത്തലാണ് പാർ‌ട്ടി അണികളിൽ പൊതുവെ ഉള്ളതെന്നും അറിയുന്നു.

ശനിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ കണ്ണൂർ ജില്ലയിലെ ചില നേതാക്കളുൾപ്പെടെയാണ് ജയരാജനെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്. ജീവിത രേഖ വെളിവാക്കുന്ന നൃത്ത ശിൽപം അവതരിപ്പിച്ചും കൂറ്റൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചും ജനപ്രീതിയുണ്ടാക്കാൻ ശ്രമിക്കുന്നെന്നാണ് ആരോപണം. എന്നാൽ, ഇതു തയ്യാറാക്കിയത് താനല്ലെന്ന് ജയരാജൻ വിശദീകരിച്ചു. യോഗത്തിൽ കെ.കെ. രാഗേഷ് എം.പിയ്ക്കെതിരെയും വിമർശനമുണ്ടായി.

അടുത്തകാലത്തായി ജയരാജന് കണ്ണൂരിൽ പാർട്ടിയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. പി. ജയരാജന് ലഭിക്കുന്ന പിന്തുണ അസ്വസ്ഥമാക്കുന്ന ചിലരാണ് ഇതിന് പിന്നിലെന്ന വിലയിരുത്തൽ ഉണ്ടാകുന്നതും ഇതുകൊണ്ടാണ്. നേരത്തെ എം.വി രാഘവന് നേരിട്ടതു പോലെയാണ് ഈ സംഭവമെന്ന് നിരീക്ഷിക്കുന്നവരും പാർട്ടിയിലുണ്ട്. സി.പി.എമ്മിനകത്ത് എം.വി.ആർ വീരപുരുഷനായി മാറിയപ്പോഴാണ് അദ്ദേഹത്തിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്. എന്നാൽ, പാർട്ടിയ്ക്ക് വേണ്ടി മരണവക്കിൽ നിന്നും തിരിച്ചെത്തിയ പി. ജയരാജനെതിരെ നേരെ അത്തരമൊരു നീക്കമൊന്നും ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. സംസ്ഥാന സമിതി യോഗത്തിൽ വിമർശനമുണ്ടായെങ്കിലും അദ്ദേഹം ഇറങ്ങിപ്പോയെന്ന വാർത്തകൾ തെറ്റാണെന്നും ഏറെ നേരത്തിന് ശേഷം ട്രെയിൻ സമയമായപ്പോഴാണ് യോഗത്തിൽ നിന്നും പുറത്ത് വന്നതെന്നും സി.പി.എം കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. യോഗത്തിൽ ഏറെ വൈകാരികതയോടെ സംസാരിച്ച ജയരാജൻ '' ഈ നീക്കത്തിന് പിന്നിൽ എന്താണെന്ന് മനസിലാകുന്നില്ലെന്നും ഇതിന് തക്ക കുറ്റം എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും നൃത്ത ശിൽപവും മറ്റും തയ്യാറാക്കിയത് കെ.കെ. രാഗേഷാണെന്നും ഇങ്ങനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനില്ലെന്നും പറഞ്ഞിരുന്നുവെന്ന വാർത്തകൾ വന്നിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ