Tuesday, 21 November 2017 5.30 PM IST
ദിയാളാണയാൾ, ആശുപത്രി ജീവനക്കാരിയുടെ അഹങ്കാരം ശമിപ്പിച്ച സോളമൻ
November 13, 2017, 5:05 pm
ഇടുക്കി: കഴിഞ്ഞ ദിവസം ഇടുക്കി പൈനാവ് ജില്ലാ ആശുപത്രിയിൽ രോഗികൾക്ക് ടോക്കൺ നിഷേധിച്ച സംഭവം വലിയ വാർത്തയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ ആരോഗ്യ മന്ത്രി ഇടപെട്ട് പ്രശ്‌നക്കാരിയായ ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്‌തു. അപ്പോഴും വീഡിയോ എടുത്ത മിടുക്കൻ ആരെന്ന ചോദ്യം ബാക്കി നിന്നു. ഇപ്പോഴിതാ അതിന് ഉത്തരമായിരിക്കുന്നു. കൊന്നത്തടി സ്വദേശിയായ സോളമനാണ് ആ മിടുക്കൻ.

വളരെ യാദൃശ്ചികമായാണ് സോളമൻ ഇടുക്കിയിലെ സർക്കാർ ആശുപത്രിയിൽ എത്തിയത്. വർഷങ്ങളായി കോഴിക്കോട് ജോലി ചെയ്‌തു വരികയായിരുന്ന ഈ യുവാവ് വിദേശത്ത് പോകുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. പുറത്തേക്ക് പോകുന്നതിന് മുൻപായി വിദേശത്ത് വാഹനം ഓടിക്കുന്നതിന് ഇന്റർനാഷണൽ ലൈസൻസ് എടുക്കുന്നതിനായാണ് ഇടുക്കിയിലെത്തിയത്. സർക്കാർ ഡോക്‌ടർ സർട്ടിഫൈ ചെയ്‌ത ഐ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായാണ് ഇടുക്കിയിലെ ആശുപത്രിയിൽ എത്തിയത്.

താൻ വന്നപ്പോൾ ടിക്കറ്റ് കൗണ്ടറിന് മുൻപിൽ നീണ്ട ക്യൂ ആയിരുന്നെന്ന് സോളമൻ പറയുന്നു. എന്നാൽ സമയം ഏറെ കഴിഞ്ഞിട്ടും രോഗികൾക്ക് ചീട്ട് നൽകാൻ അധികൃതർ തയ്യാറായില്ല. അവർ പരസ്‌പരം സംസാരിക്കുന്ന തിരക്കിലായിരുന്നു. കൗണ്ടറിൽ ജീവനക്കാരിയുണ്ടായിരുന്നെങ്കിലും ടിക്കറ്റ് കൊടുക്കുന്നുണ്ടായിരുന്നില്ല. കൈകുഞ്ഞുങ്ങളുമായി എത്തിയ അമ്മമാരും പ്രായമായവരുമൊക്കെ ക്യൂവിൽ നിൽക്കുന്നുണ്ടായിട്ടും ചീട്ട് നൽകാൻ ഇവർ തയ്യാറായില്ല. കുഞ്ഞുങ്ങളുടെ കരച്ചിൽ ഉയർന്നിട്ട് പോലും ജീവനക്കാർ സ്വന്തം തിരക്കുകളിയായിരുന്നു. ഇതോടെ താൻ വിവരം തിരക്കുകയായിരുന്നുവെന്ന് സോളമൻ പറഞ്ഞു.

ചോദ്യവുമായി ക്യൂവിൽ നിന്നവർ എത്തിയതോടെ ജീവനക്കാരുടെ തനി സ്വഭാവം പുറത്തായി. ഇപ്പോൾ ടിക്കറ്റ് നൽകാൻ തയ്യാറല്ല എന്ന നിലപാടാണ് ജീവനക്കാരിയായ ജീന ജോർജ് എടുത്തത്. ജീവനക്കാരിയുടെ നിലപാടിൽ പ്രതിഷേധിച്ച് സോളമൻ വീഡിയോ പകർത്തിയപ്പോൾ പൊലിസിനെ വിളിയ്‌ക്കുമെന്ന നിലപാട് സ്വീകരിക്കുകയും സീറ്റിൽ നിന്ന് ഇറങ്ങി പോവുകയുമാണ് അവർ ചെയ്‌തത്.

പിന്നീട് ജനം പ്രതികരിക്കും എന്ന ഘട്ടം വന്നപ്പോഴാണ് ടോക്കൺ വീണ്ടും നൽകിയത്. എന്നാൽ സീറ്റിൽ നിന്ന് എഴുന്നേറ്റ് പോയ ജീന തിരികെ എത്തിയതുമില്ല. സംഭവം ഇത്രയൊക്കെയായിട്ടും ആശുപത്രി സൂപ്രണ്ട് വന്ന് വിവരങ്ങൾ തിരക്കിയില്ല എന്നും സോളമൻ പറയുന്നു. ഒരു ഡോക്‌ടർ മാത്രമാണ് പ്രശ്‌നം പരിഹരിക്കാൻ ശ്രമം നടത്തിയത്. യാത്രയുടെ തിരക്കിലായതിനാൽ പിന്നീടാണ് സോളമൻ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ