സ്റ്റാർട്ട്...ആക്ഷൻ...കട്ട് ഫെബ്രുവരിയിൽ തുടങ്ങും
November 14, 2017, 10:16 am
ധ്യാൻ ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയിൽ തുടങ്ങും. നിവിൻ പോളിയും നയൻതാരയും നായികാനായകന്മാരാകുന്ന ചിത്രത്തിന്റെ തിരക്കഥാ രചന പൂർത്തിയായതായി ധ്യാൻ ശ്രീനിവാസൻ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.

''തിരക്കഥ പൂർത്തിയായി കഴിഞ്ഞു. നിവിൻ ഇപ്പോൾ കായംകുളം കൊച്ചുണ്ണിയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. നിവിന്റെ അടുത്ത പ്രോജക്ട് ഇതാണ്. ഫെബ്രുവരിയിൽ ഷൂട്ടിംഗ് തുടങ്ങാനാണ് തീരുമാനം. ആദ്യ ചിത്രമെന്ന നിലയിൽ എനിക്ക് കുറച്ച് ടെൻഷനുണ്ട്. അച്ഛനോടും ചേട്ടനോടും താരതമ്യമുണ്ടാകുമെന്നുള്ള കാര്യം ഉറപ്പാണ്. എങ്കിലും എന്റേതായ രീതിയിൽ മികച്ചതാക്കാനുള്ള ശ്രമമുണ്ടാകും.''

നടൻ അജു വർഗീസാണ് നിർമ്മാതാവ്. ശ്രീനിവാസന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രം വടക്കുനോക്കിയന്ത്രത്തിലെ കഥപാത്രങ്ങളുടെ പേര് കടമെടുത്താണ് ധ്യാനിന്റെ വരവ്. നിവിൻ ദിനേശനെയും നയൻതാര ശോഭയെയും അവതരിപ്പിക്കും. എന്നാൽ വടക്കുനോക്കിയന്ത്രവുമായി തന്റെ ചിത്രത്തിന് മറ്റ് ബന്ധങ്ങളൊന്നുമില്ലെന്ന് ധ്യാൻ പറയുന്നു. കേരളത്തോടൊപ്പം ചെന്നൈയും പ്രധാന ലൊക്കേഷനാകും. ഷാൻ റഹ് മാനാണു സംഗീത സംവിധാനം നിർവഹിക്കുന്നത്. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന സച്ചിൻ എന്ന ചിത്രത്തിലാണ് ധ്യാൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇത് പൂർത്തിയാക്കിയ ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അണിയറ ജോലികൾ ധ്യാൻ ആരംഭിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ