ജോസഫ്‌ വിജയും ലവ്‌ റ്റുഡെ ശ്രീനാഥും
November 15, 2017, 12:10 am
‌ഡോ.കെ.അന്പാടി
കിലുക്കം എന്ന സിനിമ ഇറങ്ങിയിട്ട്‌ 25 വർഷം തികഞ്ഞ ദിനം. ചാനലുകളിൽ ചിത്രത്തിന്റെ വിജയത്തെപറ്റിയും, വിജയ കാരണങ്ങളെ പറ്റിയും വാചാലരാകുന്ന അണിയറ പ്രവർത്തകരും, വിഷയ വിദഗ്ധരും. ഇതേ സമയം, അധികമാരും ശ്രദ്ധിക്കാതെ, ഒരു ന്യൂസ്‌ സ്ക്രൊൾ താഴെ കൂടെ കടന്ന് പോകുന്നുണ്ട്‌. 'കിലുക്കത്തിന്റെ വിജയ കാരണം ഇന്നും അജ്ഞാതം - മോഹൻലാൽ'. അയാൾ എന്ന സിനിമയ്ക്ക്‌ ശേഷം ഞാൻ തിരക്കഥ എഴുതിയ പോക്കിരി സൈമൺ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ്‌, മോഹൻലാൽ എന്ന അതുല്യ നടന്റെ വാക്കുകളുടെ പൊരുൾ ഞാൻ മനസിലാക്കിയത്‌.

പലപ്പോഴും സിനിമകൾ സംഭവിക്കുകയാണ്‌, അതൊരു മാജിക്കാണെന്നൊക്കെ മോഹൻലാൽ പറയുമ്പോൾ, അതൊക്കെ വെറും വാക്കുകളായിട്ടാണ്‌ തോന്നിയിട്ടുള്ളത്‌. പക്ഷെ തമിഴ്‌ താരം ജോസഫ്‌ വിജയുടെ കേരളത്തിലെ കടുത്ത ആരാധകരുടെ കഥ പറഞ്ഞ പോക്കിരി സൈമൺ ആ തെറ്റിദ്ധാരണ പൂർണമായും മാറ്റി തന്നു.
വർഷങ്ങളായി പണിയെടുക്കുന്ന തിരകഥ. നിർമ്മാതാവും, സംവിധായകനും, നായക നടനും റെഡി. മുഖ്യ കഥാപാത്രത്തിന്‌ കൂടുതൽ മിഴിവേകാൻ കഥാപാത്ര സാദൃശ്യമുള്ള ചിലരെ കാണുന്നു. അവസാനം, കയ്യിലിലുള്ള തിരകഥ ‌ മാറ്റി വെച്ചിട്ട്‌, കാണാൻ ചെന്നവരെ പറ്റി സിനിമ ചെയ്യുക. ഇങ്ങനെയാണ്‌ പോക്കിരി സൈമൺ സംഭവിക്കുന്നത്‌. സിനിമ അൻപത്‌ ദിവസം പിന്നിടുമ്പോഴും വിജയ കാരണം അജ്ഞാതം. ലാൽ സലാം!

തിരുവനന്തപുരത്തെ, ചെങ്കൽ ചൂളയുടെ പശ്ചാത്തലത്തിൽ ഒരു സിനിമ എന്നതായിരുന്നു ഉദ്ദേശം. മലയാളത്തിലെയും തമിഴിലെയും ഒട്ടു മിക്ക എല്ലാ നടന്മാരുടേയും ഫാൻസ്‌ യൂണിറ്റ്‌ ഉള്ള സ്ഥലമായതിനാലും മുഖ്യ കഥാപാത്രത്തിനു ഒരു തമിഴ്‌ പശ്ചാത്തലം ഉള്ളതിനാലും, നായകൻ ഒരു വിജയ്‌ ഫാൻ ആയാൽ നല്ലതാകും എന്ന് തോന്നി. അങ്ങനെയാണ്‌ ഞങ്ങൾ ലവ്‌ റ്റുഡെ ശ്രീനാഥ്‌ ഉൾപ്പെട്ട കടുത്ത വിജയ്‌ ആരാധകരുടെ ഒരു സംഘത്തെ കാണുന്നത്‌. ആദ്യ കൂടികാഴ്ചയിൽ തന്നെ എന്നെ ഞെട്ടിച്ചത്‌, അവരുടെ ഒരു കാഡർ സ്വഭാവമാണ്‌. സ്ഥലം കേരളം ആണെന്നത്‌ ഓർക്കണം. 'നിങ്ങളെ പറ്റി കൂടുതൽ അറിയണം', എന്ന് ഞാൻ. 'അതിനെന്താ, പെർമ്മിഷൻ ഉണ്ട്‌'എന്ന് ശ്രീനാഥ്‌. ആരുടെ എന്ന് ഞാൻ? സാർ ഞങ്ങളെ ബന്ധപ്പെട്ടത്‌ മുതൽ ഉള്ള എല്ലാ കാര്യങ്ങളും ഞങ്ങൾ അഖിലേന്ത്യ നേതൃത്വത്തെ അറിയിക്കുന്നുണ്ട്‌. ഇന്ന് ഈ മീറ്റിംഗ്‌ കഴിഞ്ഞു ഇതും റിപ്പോർട്ട്‌ ചെയ്യും, എന്ന് ശ്രീനാഥ്‌. ഞാനും നിർമ്മാതാവ്‌ കൃഷ്ണനും പരസ്പരം ഒന്ന് നോക്കി. സംഭവം ശരിയാണ്‌. ദേശീയം, സംസ്ഥാനം, ജില്ല, മണ്ഡലം പോലുള്ള ഘടകങ്ങളും ഒരു കോടിയോളം വരുന്ന അണികളും ഉള്ള ഒരു കാഡർ. തിരുവനന്തപുരത്ത്‌ മാത്രം 500 യൂണിറ്റുകൾ. വടക്ക്‌ ഉപ്പ്പള മുതൽ കിഴക്ക്‌ കട്ടപ്പന വരെ പടർപ്പ്‌ ഉള്ള മണ്ഡലം കമ്മറ്റികൾ. സത്യം പറഞ്ഞാ ഞങ്ങൾ ഞെട്ടി.

 ഇനി ശ്രീനാഥിനെ കുറിച്ച്‌.
ലവ്‌ റ്റുഡെ എന്ന വിജയ്‌ സിനിമ ഇറങ്ങിയ ദിവസം, ലവ്‌ ചിഹ്നത്തിലുള്ള ഒരു പടകൂറ്റൻ കട്ട്‌ ഔട്ട്‌, തിരുവനന്തപുരത്തെ കാട്ടാക്കടയിൽ നിന്നും തമ്പാനൂര്‌ കൊണ്ട്‌ വെച്ചത്‌ മുതലാണ്‌ ശ്രീനാഥ്‌ ലവ്‌ റ്റുഡെ ശ്രീനാഥ്‌ ആകുന്നത്‌. ശ്രീനാഥിന്റെ ഏറ്റവും വല്യ ആഗ്രഹം വിജയ്‌ സാറിന്റെ ബോഡി ഗാർഡ്‌ ആവുക എന്നതായിരുന്നു. ചിലർക്ക്‌ അദ്ദേഹത്തിന്റെ കൂടെ ഒരു ഫോട്ടൊ എടുത്താൽ മതി. മറ്റു ചിലർക്ക്‌ അദ്ദേഹം കണ്ടാൽ, അവരെ മനസ്സിലാക്കി പേര്‌ വിളിക്കണം. അങ്ങനെ ചെറുതും വലുതുമായ ആഗ്രഹങ്ങൾ. ഇത്‌ തമിഴ്‌ നാട്ടിലാണെങ്കിൽ ഒരു സാധരണ സബ്ജക്ട്. എന്നാൽ കേരളത്തിൽ ഇത്‌ സംഭവിക്കുമ്പോൾ അതിൽ ഒരു സിനിമ ഉണ്ട്‌ എന്നതിൽ തിരകഥാകൃത്ത്‌ എന്ന നിലയിൽ എനിക്കൊ, നിർമ്മാതാവ്‌ എന്ന നിലയിൽ കൃഷ്ണൻ സേതുകുമാറിനോ, സംവിധായകൻ എന്ന നിലയിൽ ജിജോ ആന്റണിക്കോ ഒരു സംശയവും ഇല്ലായിരുന്നു. ഇതിൽ എല്ലാം ഉപരി, ഈ സിനിമ ചെയ്യുന്നതിൽ ഒരു കാവ്യ നീതി ഉണ്ടെന്നും ഞങ്ങൾക്ക്‌ തോന്നി. കാരണം, ഒരു നടനെ താരമാക്കുന്നത്‌, നിലയ്ക്കാത്ത കരഘോഷങ്ങളാണ്‌, ആർപ്പുവിളികളാണ്‌,

വെള്ളിത്തിരയിൽ ആ മുഖം തെളിയുമ്പോൾ, ഉയരുന്ന ആവേശ തിരകളാണ്‌. താരങ്ങളെ നാമറിയും, പക്ഷെ, തളരാത്ത കൈകളും,
ഇടറാത്ത ശബ്ദവും, പതറാത്ത ചുവടുകളുമായി, ഒരു നടനെ താരമാക്കുന്നവരെ നാമറിയില്ല. അവരുടെ പേരറിയില്ല, ഊരറിയില്ല, ജീവിതമറിയില്ല. അങ്ങനെ തിരിച്ചറിയപ്പെടാത്ത ശ്രീനാഥിനെ പോലുള്ളവരുടെ ഒരു സമൂഹം. ആരാധകർ! അവരെ പോക്കിരി സൈമണിലൂടെ അടയാളപ്പെടുത്തണം എന്ന് ഞങ്ങൾ തീരുമാനിച്ചു.
അങ്ങനെ ശ്രീനാഥും കൂട്ടരുമായി ഞങ്ങൾ ആ യാത്ര തുടങ്ങി. പതിയ പതിയെ അവരെ മനസിലാക്കി തുടങ്ങി. അവരുടെ പ്രശ്നങ്ങൾ ഞങ്ങളുടെ പ്രശ്നങ്ങളായി. അവരുടെ ആഘോഷങ്ങൾ ഞങ്ങളുടേത്‌ കൂടായി. ഒന്നും പ്രതീക്ഷിക്കാതെയുള്ള അവരുടെ സ്നേഹത്തിന്‌ ഞങ്ങളും അനുഭവ സാക്ഷ്യങ്ങളായി.

പോക്കിരി സൈമൺ സിനിമയുടെ ചിത്രീകരണ സമയത്തും റിലീസിംഗ്‌ സമയത്തും ഒക്കെ ഞങ്ങളൊട്‌ കൂടി ഒരു അനുജനെ പോലെ നിന്ന ശ്രീനാഥ്‌ ഇന്ന് നമ്മോടൊപ്പം ഇല്ല. ഏതാനും ദിവസങ്ങൾക്ക്‌ മുൻപ്‌ ഒരു ആക്സിഡന്റിൽ ശ്രീനാഥ്‌ മരണപ്പെട്ടു. പക്ഷെ ശ്രീനാഥും അദ്ദേഹം പ്രതിനിധീകരിക്കുന്ന ഒരു ജനസമൂഹവും ചരിത്രത്തിൽ അടയാളപ്പെടണം എന്ന ഉത്തമ ബോധ്യത്തിലാണ്‌ ഈ കുറിപ്പ്‌ എഴുതുന്നത്‌. ലവ്‌ റ്റുഡേ ശ്രീനാഥ്‌ അമ്മ ഉഷയോട്‌ ഒരിക്കൽ പറഞ്ഞു, പോക്കിരി സൈമൺ സിനിമ ഇറങ്ങുന്നതോട്‌ എന്നെ ലോകം അറിയും. അമ്മയ്ക്ക്‌ ഒക്കെ എന്നെ ഒരു വില വരും, എന്ന്. അപ്പാനി ശരത്‌ അവതരിപ്പിച്ച ലവ്‌ റ്റുഡെ ഗണേഷ്‌ എന്ന കഥാപാത്രം തന്നെയാണ്‌ പ്രതിനിധീകരിക്കുന്നത്‌ എന്ന ബോധ്യത്തിലാണ്‌ ശ്രീനാഥ്‌ അത്‌ പറഞ്ഞത്‌. സത്യത്തിൽ ആ കഥാപാത്രത്തിലൂടെ ശ്രീനാഥ്‌ അനശ്വരനാകുകയാണ്‌.

സമൂഹത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച വല്യ മനുഷ്യരെ നമ്മൾ എപ്പോഴും ഓർക്കും അവരെ ചരിത്രം അടയാളപ്പെടുത്തും. അവരുടെ സ്വപ്നങ്ങളും സാക്ഷാത്കാരങ്ങളും കൊണ്ടാടപ്പെടും. പക്ഷെ ശ്രീനാഥിനെ പോലുള്ളവരുടെ ചെറിയ സ്വപ്നങ്ങൾ നമ്മൾ അംഗീകരിക്കില്ല. ഒരു പക്ഷെ 'വട്ട്‌' എന്ന വട്ട പേരിൽ 'ബ്രാക്കറ്റ്‌'ചെയ്ത്‌ നിർത്തും.
സത്യത്തിൽ ഓരോ മനുഷ്യനും ചലിക്കുന്ന ഒരു സ്വപ്നകൂടല്ലേ? എല്ലാവർക്കും അവരവരുടെ സ്വപ്നങ്ങളും, ജീവിതങ്ങളുമാണ്‌ വലുത്‌. അതിൽ വലുപ്പ ചെറുപ്പങ്ങളില്ല. നാസയിൽ നിന്ന് ചൊവ്വയിലേക്ക്‌ വിക്ഷേപിക്കുന്ന പേടകത്തിൽ ഒരു സീറ്റ്‌ നേടണം എന്ന സ്വപ്നത്തിൽ നിന്നും ഒട്ടും കുറവല്ല വിജയുടെ ബോഡീഗാഡ്‌ ആവണം എന്ന ശ്രീനാഥിന്റെ സ്വപ്നവും. ഒന്ന് ഉദാത്തവും മറ്റൊന്ന് ജുഗുപ്സാവഹവും ആകുന്നില്ല. പിന്നെ സ്വപ്ന സഞ്ചാരികൾ എപ്പോഴും അൽപം വട്ടുള്ളവരായിരിക്കും. അതാണ്‌ അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥരാക്കുന്നതും.

പിന്നെ ആരാധന. അത്‌ ചെഗുവേരയോടായാലും, ജോസഫ്‌ വിജയോടായാലും, ആരാധകരുടെ സൈക്കോളജി ഒന്നാണ്‌. തങ്ങളെ ഇൻസ്പയർ ചെയ്യുന്നവരെ ആരാധിക്കുക. പോക്കിരി സൈമണിൽ നെടുമുടി വേണു ചേട്ടന്റെ കഥാപാത്രം പറയുന്ന പോലെ, ശിവകാശിയിലെ ഏതോ ഒരു തമിഴൻ വരച്ച പടം, അതാണ്‌ നമ്മുടെ പൂജാമുറിയിലെ ദൈവം. ആ ദൈവത്തിന്റെ മുന്നിൽ നമ്മൾ കരയും, പ്രാർത്ഥിക്കും, പരിഭവം പറയും, ഒരു പ്രശ്നവുമില്ല. പക്ഷെ ശിവാജീ ഗണേശൻ ശിവനായി വരുമ്പൊ നമ്മൾ മൈൻഡ്‌ ചെയ്യില്ല. കാരണമെന്താ, ശിവാജി ഗണേശനെ നമ്മൾ അറിയും, പടത്തിലെ ശിവനെ നമ്മൾ അറിയില്ല.

സത്യത്തിൽ കാണുന്നതിലല്ല, കാണുമ്പോൾ നമുക്ക്‌ കിട്ടുന്ന ഒരു സമാധാനം, ആത്മവിശ്വാസം, സന്തോഷം, ദിശാബോധം; ഇതൊക്കെയാണ്‌ പ്രധാനം. ദൈവാരാധനയുടെ ആണിക്കല്ല് പോലും മറ്റൊന്നല്ല. ശ്രീനാഥിനെ പോലുള്ള ലക്ഷങ്ങൾക്ക്‌, അവരുടെ ദിശയും, ദിശാബോധവും എല്ലാം, ജോസഫ്‌ വിജയ്‌ എന്ന, വിജയ്‌ സാറാണ്‌. വല്യ സങ്കടങ്ങളൊക്കെ വരുമ്പോൾ, അണ്ണന്റെ ഒരു പാട്ട്‌ കാണും സാറെ, അഞ്ച്‌ മിനുട്ട്‌ കൊണ്ട്‌ ഞാൻ ഓക്കെയാകും സർ, എന്ന് ശ്രീനാഥ്‌ പറഞ്ഞത്‌ ഞാൻ ഇവിടെ ഓർക്കുകയാണ്‌. എനിക്ക്‌ ഒരിക്കലും ആ വാക്കുകളുടെ മൂല്യം കുറച്ച്‌ കാണാൻ സാധിക്കുന്നില്ല. രക്തദാനം, വീൽ ചെയർ വിതരണം, പൂവർ ഹോമിൽ ഭക്ഷണ കിറ്റുകൾ നൽകുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്കും, വിജയ്‌ മക്കൾ ഇയക്കം തിരുവനന്തപുരം യൂത്ത്‌ വിംഗ്‌ പ്രസിഡന്റ്‌ എന്ന നിലയിൽ ശ്രീനാഥ്‌ നേതൃത്വം കൊടുത്തിട്ടുണ്ട്‌. 23 വയസ്‌ വരെ മാത്രം ജീവിച്ചിരുന്ന ഈ ചെറുപ്പകാരന്റെ ജീവിതം ഓർക്കപ്പെടണ്ടതല്ലെ?

ആണെന്നുള്ള ഉത്തമ ബോധ്യത്തിലാണ്‌ പോക്കിരി സൈമൺ അണിയറ പ്രവർത്തകർ ജോസഫ്‌ വിജയുടെ പിതാവായ എസ്‌. എ.സി അപ്പാ എന്ന് ശ്രീനാഥ്‌ ഉൾപെടയുള്ള ലക്ഷങ്ങൾ വിളിക്കുന്ന എസ്‌ എ ചന്ദ്രശേഖറെ തിരുവനന്തപുരത്ത്‌ എത്തിച്ച്‌ ശ്രീനാഥ്‌ അനുസ്മരണം സംഘടിപ്പ്പിച്ചത്‌.
വ്യക്തി ആരാധന എന്നതിൽ ഉപരി, ആരാധന എന്ന സങ്കൽപ്പത്തെ കൂടുതൽ മനസിലാക്കുവാൻ എന്നെ സഹായിച്ച സിനിമയാണ്‌ പോക്കിരി സൈമൺ. എല്ലാത്തുക്കും മേലെ, ശ്രീനാഥിനെ പോലുള്ള സാധരണക്കാരുടെ ചെറിയ ചെറിയ സ്വപ്നങ്ങളും, സാക്ഷാത്കാരങ്ങളും ചരിത്രത്തിൽ കോറിയിടാൻ നിമിത്തമായതും ഈ ചിത്രം തന്നെയാണ്‌.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ