ചൈനയ്ക്ക് പുതിയ 'സ്വർഗപുത്രൻ'
November 15, 2017, 12:05 am
ഡോ.ജോസുകുട്ടി സി.എ
221 ബി.സിയിൽ qin രാജവംശം ചൈനയെ ഐക്യപ്പെടുത്തി ഭരിച്ചതു മുതൽ ചക്രവർത്തിയെ സ്വർഗത്തിന്റെ പുത്രൻ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ചക്രവർത്തിയായി ഭരിക്കുന്നവർക്ക് 'സ്വർഗത്തിന്റെ അധികാരപത്രം' നൽകപ്പെട്ടിരുന്നുവെന്നാണ് സങ്കല്പം. ഇന്ന് ചൈനയിൽ ഈ അധികാരപത്രത്തിന്റെ പ്രഭവകേന്ദ്രം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ ഭരണഘടനയുമാണ്. ഈ പ്രഭവകേന്ദ്രത്തിലേക്ക് ഇക്കഴിഞ്ഞ മാസം സമാപിച്ച ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 19-ാം പാർട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറിയായും ചൈനീസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ട ഷീ ചിൻ പിങ്ങിന്റെ ചിന്തകൾ വിളക്കിച്ചേർത്തത് ഇതോടുകൂടി ഷീ ചീൻ പിങ്ങിന്റെ ആശയപരമായ സംഭാവനകൾ മാവോ സെ തുങ്ങിനും ടെങ് സിയാവോ പിങ്ങിനും സമാനമായ തലങ്ങളിലേക്കുയർന്നു കഴിഞ്ഞു. ഇനി മുതൽ ഷീ ചിൻ പിങ്ങും കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ വ്യത്യാസമില്ല. പാർട്ടിയെ ധിക്കരിക്കുന്നവർ ഷീയെ ധിക്കരിക്കുന്നു, ഷീയെ ധിക്കരിക്കുന്നവർ പാർട്ടിയെ ധിക്കരിക്കുന്നു. ഇതാണ് സമവാക്യം. കാരണം അദ്ദേഹം, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധികാരപത്രത്തിന്റെ സ്വർഗപുത്രനാണ്. 19-ാം പാർട്ടി കോൺഗ്രസ്, ചൈനയ്ക്ക് സ്വർഗത്തിന്റെ അധികാരപത്രം കൈയാളുന്ന സ്വർഗപുത്രനായ പുതിയ ചക്രവർത്തിയെ അവരോധിച്ചിരിക്കുന്നു. പാർട്ടി കോൺഗ്രസ് ഈ ചക്രവർത്തിയുടെ അധികാരങ്ങളെ പല തലങ്ങളിലൂടെ അരക്കിട്ടുറപ്പിക്കുന്നു.

അധികാര കേന്ദ്രങ്ങൾ
കൈപ്പിടിയിൽ

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും അധികാരമുള്ള സമിതിയാണ് 7 പേരടങ്ങുന്ന പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി. പത്തൊൻപതാം പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്ത പുതിയ പി.ബി സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ 5 പേർ ഷീ ചിൻ പിങ്ങിന്റെ വിശ്വസ്ത അനുയായികളാണ്. മിക്കവരും പല കാരണങ്ങളാൽ അടുത്ത അധികാര കൈമാറ്റത്തിന്റെ സമയം ആകുമ്പോൾ സ്വാഭാവികമായും അയോഗ്യരാക്കപ്പെടും. അതായത്. ഷീ ചിൻ പിങ്ങിന് 2022ൽ മൂന്നാമത് ഒരു അവസരം കൂടി ലഭിക്കുന്ന രീതിയിലാണ് പി.ബി സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. മാത്രമല്ല, 25 അംഗ പൊളിറ്റ് ബ്യൂറോയിൽ 18 പേരും ഷീയെ പിന്തുണയ്ക്കുന്നവരാണ്. പ്രധാനപ്പെട്ട മറ്റ് പാർട്ടി സമിതികളായ കേന്ദ്ര അച്ചടക്ക കമ്മിറ്റി, മിലിട്ടറി കമ്മിഷൻ എന്നിവയെല്ലാം ഷീയുടെ നിയന്ത്രണത്തിലാണ്. പാർട്ടിയുടെ സർവ തലങ്ങളും കൈപ്പിടിയിലൊതുക്കിയിട്ടുള്ള ഷീ ചിൻ പിങ്ങിന് ഏത് തീരുമാനവും പാർട്ടിയിൽ യഥേഷ്ടം നടപ്പിലാക്കാൻ കഴിയും. വേണ്ടിവന്നാൽ, പാർട്ടി ഭരണഘടന തന്നെ ഭേദഗതി ചെയ്ത് മാവോയെപ്പോലെ ചെയർമാൻ പദവി സ്വയം ഏറ്റെടുത്താലും അത്ഭുതപ്പെടേണ്ട എന്ന് വിലയിരുത്തുന്നു.

പിൻഗാമിയില്ല

19=ാം പാർട്ടി കോൺഗ്രസിലെ ഷീ ചിൻ പിങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നേട്ടമായി കാണുന്നത് അടുത്ത തവണ അധികാര കൈമാറ്റത്തിന് മുമ്പായി തന്റെ പിൻഗാമിയെ അനൗദ്യോഗികമായി തീരുമാനിക്കുന്ന പതിവ് ഉപേക്ഷിച്ചിരിക്കുന്നു എന്നതാണ്. 1992ലാണ് ഈ പതിവ് ആരംഭിച്ചത്. 2007ൽ ഇപ്രകാരം നേതാവായി അംഗീകരിക്കപ്പെടുക വഴിയാണ് 2012ൽ ഷീ ചിൻ പിങ്ങ് നേതൃസ്ഥാനത്തേക്ക് വരുന്നത്. നേതാക്കൾക്കിടയിൽ അനാവശ്യമായ അധികാര വടംവലിയും ഗ്രൂപ്പിസവും നിയന്ത്രിക്കാൻ ഈ പതിവ് ഉപകരിച്ചിരുന്നു. എന്നാൽ 2016ൽ ഷീയെ പരമോന്നയ നേതാവായി പ്രഖ്യാപിച്ചും കേന്ദ്ര അച്ചടക്ക സമിതി വഴി വിരുദ്ധ ചേരിയിലുള്ളവരെ വെട്ടിനിരത്തിയും ഭാവി നേതാക്കളായി ഉയർന്നുവരാൻ സാദ്ധ്യതയുള്ള യുവാക്കളെ പി.ബി സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയും ഷീ യുടെ അനുയായികൾ 2022ൽ മൂന്നാം ടേമിനുള്ള പാത വെട്ടിയൊരുക്കിയിരിക്കുകയാണ്. 2022ന് ശേഷവും ഷീ ചിൻ പിങ്ങ് പാർട്ടിയെയും ചൈനയെയും നയിക്കുമെന്ന സന്ദേശമാണ് പിൻഗാമിയെക്കുറിച്ച് സൂചന നൽകാതെ നൽകുന്നത്.

എല്ലാത്തിനും മീതേ പാർട്ടി

19-ാം പാർട്ടി കോൺഗ്രസ് പാർട്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചൈനീസ് സ്വഭാവമുള്ള ഷീ ചിൻ പിങ്ങ് ചിന്തകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ' എല്ലാ മേഖലകളിലും പാർട്ടിയുടെ നേതൃത്വം' എന്നതാണ്. പഴയ ഭരണഘടനയിൽ രാഷ്‌ട്രേതര ഏജൻസികൾക്ക് സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടായിരുന്ന അടിസ്ഥാനപരമായ പങ്കിന് പകരം 'പ്രധാനപ്പെട്ട പങ്ക്' എന്നാക്കി മാറ്റിയിട്ടുള്ളതും സ്വകാര്യ കമ്പനികളുടെ നിയന്ത്രണ സമിതികളിൽ കൂടുതൽ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്താനുള്ള തീരുമാനം, എല്ലാത്തിനും മീതെ പാർട്ടിയുടെ അധികാരത്തെ അരക്കിട്ടുറപ്പിക്കുന്നു. പൗരസമൂഹത്തിനോ പാശ്ചാത്യസങ്കല്പത്തിലുള്ള സ്വാതന്ത്ര്യത്തിനോ മനുഷ്യാവകാശങ്ങൾക്കോ യാതൊരു പ്രസക്തിയും നൽകുന്നില്ല. അതായത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനശൈലിയിൽ ജനാധിപത്യപരമായ പരിഷ്കാരങ്ങൾ ഉണ്ടാകും.

ശക്തമായ ചൈന
ഷീ യിലൂടെ

ഷീ ചിൻ പിങ്ങിനെ ശക്തനായ നേതാവാക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണം 2050 ഓടുകൂടി ചൈനയെ ലോകത്തിലെ ഏറ്റവും പ്രബല രാഷ്ട്രമാക്കുക എന്ന സ്വപ്നം സാക്ഷാത്‌കരിക്കാൻ കെല്പുള്ള നേതാവാണെന്ന വിശ്വാസമാണ്. ചൈനയെ കുറിച്ച് 'മഹത്തായ രാഷ്ട്രം', 'പ്രബല രാഷ്ട്രം' എന്നീ പദപ്രയോഗങ്ങൾ നിരവധി തവണയാണ് പാർട്ടി കോൺഗ്രസിലെ മൂന്നര മണിക്കൂർ നീണ്ട പ്രസംഗമദ്ധ്യേ ഷീ ഉദ്ധരിച്ചത്. ഈ നേട്ടം കൈവരിക്കാൻ ആവശ്യമായ പദ്ധതികൾ ലോകവ്യാപകമായി നടപ്പിലാക്കും. സൈന്യത്തെ ശക്തിപ്പെടുത്തി അതിർത്തിയും ഭൂപ്രദേശങ്ങളും സംരക്ഷിക്കും. ഇന്ത്യയിലെ അതിർത്തിയിലും തെക്കേ ഏഷ്യയിലും ഇന്ത്യൻ മഹാസമുദ്രത്തിലും മറ്റുമൊക്കെ ഇന്ത്യയെ മറികടന്ന് മേധാവിത്വത്തിനായി ശ്രമിക്കുമെന്ന് വിദേശകാര്യവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ നിന്ന് വായിച്ചെടുക്കാം. അതുകൊണ്ട് തന്നെ ഇന്ത്യയോട് വിട്ടുവീഴ്ച ഇല്ലാത്ത നിലപാടായിരിക്കും ഷീ ചിൻപിങ്ങ് സ്വീകരിക്കുക.

അമേരിക്കൻ സർട്ടിഫിക്കറ്റ്

12 ദിവസത്തെ ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ ട്രംപ് ഷീയെ വിശേഷിപ്പിച്ചത് ശക്തനും ബഹുമാന്യനുമായ നേതാവെന്നാണ്. ചൈനയുമായുള്ള വ്യാപാരത്തിൽ അമേരിക്ക വൻ നഷ്ടം നേരിടുന്നുണ്ടെങ്കിലും അതിന് ചൈനയെ കുറ്റപ്പെടുത്താൻ ഷീയുടെ സാന്നിദ്ധ്യത്തിൽ ട്രംപ് തയ്യാറായില്ല. ലഭ്യമായ അവസരങ്ങളിലെല്ലാം ചൈനീസ് നേതാവിനെ പ്രശംസ കൊണ്ട് മൂടുകയാണ് ട്രംപ് ചെയ്തത്. അതേസമയം, ചൈനയ്ക്ക് എതിരെയുള്ള അമേരിക്ക, ആസ്ട്രേലിയ, ജപ്പാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ സഖ്യത്തെ രഹസ്യമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. ഒരേസമയം, പരസ്യമായി പ്രശംസിക്കുകയും രഹസ്യമായി ഒരു നീക്കം നടത്തുകയും ചെയ്യുന്നത് ഷീ ചിൻ പിങ്ങ് എന്ന അധികാര കേന്ദ്രത്തോടും ചൈനയെന്ന വൻശക്തിക്കുമുള്ള അമേരിക്കൻ സർട്ടിഫിക്കറ്റായി കാണാവുന്നതാണ്.

വെല്ലുവിളികളുണ്ടോ?

തത്‌കാലം ഷീയുടെ മേധാവിത്വത്തിന് പാർട്ടിയിൽ വെല്ലുവിളിയില്ല. സാധാരണഗതിയിൽ ഒരു ഏകാധിപതിയുടെ ഭരണശേഷം രാഷ്ട്രീയ അസ്ഥിരത സ്വാഭാവികമാണ്. അതുകൊണ്ടാണ് മാവോയുടെ ഭരണശേഷം മറ്റൊരു മാവോ ഉണ്ടാകരുതെന്ന് കരുതി, കൂട്ടായ നേതൃത്വത്തിന് ചൈന ശ്രമിച്ചത്. ചുരുക്കത്തിൽ ഷീയുടെ ഏകാധിപത്യഭരണം ഉണ്ടാക്കുന്ന ആഘാതം താങ്ങാൻ കഴിയുമോ എന്നതാണ് പ്രധാന വെല്ലുവിളി. അതുപോലെ തന്നെ കടുത്ത നിയന്ത്രണത്തിന് വിധേയമാണെങ്കിലും വിവരസാങ്കേതിക വിദ്യയും നവ സാമൂഹ്യ മാദ്ധ്യമങ്ങളും ചൈനീസ് സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. എത്രകാലം, ഈ മേഖലയിൽ കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുവാൻ കഴിയുമെന്ന് അന്ന് തന്നെയറിയണം. മറ്റൊരു പ്രധാനപ്പെട്ട വെല്ലുവിളിയാണ് ചൈനയിലെ ബൃഹത്തായ ബ്യൂറോക്രസി. താഴേക്കിടയിലുള്ള ഉദ്യോഗസ്ഥ വൃന്ദത്തെയും പാർട്ടി പ്രവർത്തകരെയും ഷീ യുടെ അഴിമതി വിരുദ്ധ നിലപാടുകൾക്കും തത്വചിന്തകൾക്കും ഒപ്പം പ്രവർത്തിപ്പിക്കുക എന്നത്.
ഇതിലൊക്കെ ഉപരിയായി സ്വർഗത്തിന്റെ പുത്രൻ നരകത്തിന്റെ സന്തതി ആകാൻ ഒരു നിമിഷം മതി. ഏറ്റെടുത്തിരിക്കുന്ന പ്രതീക്ഷകളും നൽകിയ വാഗ്ദാനങ്ങളും നിറവേറ്റാൻ പരാജയപ്പെട്ടാൽ ചൈനയുടെ വൻശക്തി മോഹങ്ങൾ പൂവണിയാതെ വന്നാൽ, ഷീ യ്ക്ക് സ്വർഗത്തിന്റെ അധികാരം നഷ്ടപ്പെടും.
21-ാം നൂറ്റാണ്ടിലെ ചൈനയുടെ പരമാധികാരിയാണ് ഷീ ചിൻ പിങ്ങ്. എല്ലാ അധികാരങ്ങളും തന്നിലേക്ക് കേന്ദ്രീകരിച്ച് സ്വർഗത്തിന്റെ പുത്രനായി ഇനിയും കുറെയധികം വർഷങ്ങൾ ചൈനയുടെ ചക്രവർത്തിയായി ഷീ ചിൻ പിങ് വാഴുവാനുള്ള സാദ്ധ്യത.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ