ലൂസിഫർ എത്തുന്നു
November 14, 2017, 11:55 am
കൈനിറയെ അവസരങ്ങളുണ്ടെങ്കിലും അതെല്ലാം തത്ക്കാലം തന്റെ സ്വപ്ന പൂർത്തീകരണത്തിനായി മാറ്റിവയ്ക്കുകയാണ് പൃഥ്വിരാജ്. അഞ്ജലിമേനോൻ ചിത്രവും ബ്‌ളെസിയുടെ ആടു ജീവിതവും പൂർത്തിയാക്കിയാലുടൻ പൃഥ്വി തന്റെ പ്രഥമ സംവിധാന സംരംഭമായ ലൂസിഫറിലേക്ക് കടക്കും. 2018 മേയ് ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. മോഹൻലാലാണ് ചിത്രത്തിൽ നായകനായി എത്തുക. ഒടിയനും ഒരു തെലുങ്ക് ചിത്രവും ഭദ്രനുമൊത്തുള്ള ചിത്രവും പൂർത്തിയാക്കിയ ശേഷമായിരിക്കും മോഹൻലാൽ ലൂസിഫറിൽ ജോയിൻ ചെയ്യുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ലൂസിഫർ നിർമ്മിക്കുന്നത്. നടൻ മുരളീ ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. മുരളി തന്റെ തിരക്കഥാ ജോലിയുടെ അവസാന മിനുക്കു പണികളിൽ പ്രവേശിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ലൂസിഫറിന്റെ പ്രഖ്യാപനം വന്നത്. ഈ വർഷം ഏപ്രിലിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം പൃഥ്വിരാജും മോഹൻലാലും ചേർന്ന് ലാലിന്റെ വീട്ടിൽ വച്ച് നടത്തി. മുരളീ ഗോപിയും ആന്റണി പെരുമ്പാവൂരും ഇതിൽ പങ്കെടുത്തിരുന്നു.

ഫേസ്ബുക്കിലൂടെ ഈ വിവരം ആരാധകരെ അറിയിക്കുകയും ചെയ്തു. ഇതിനിടയിൽ ഇരുവരും തങ്ങളുടെ പ്രോജക്ടുകളുമായി തിരക്കിലായതോടെ ഷൂട്ടിംഗ് നീണ്ടുപോവുകയായിരുന്നു. പുലിമുരുകന്റെ ബ്രഹ്മാണ്ഡ വിജയത്തിനു ശേഷം മഹാഭാരതം ഉൾപ്പെടെ മൂന്നോളം വമ്പൻ സിനിമകൾ മോഹൻലാൽ കരാർ ഒപ്പിട്ടതിനാൽ ലൂസിഫർ ഇനിയും വൈകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് ഡേറ്റ് അധികൃതർ പുറത്തുവിടുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ