വിജയിന് ജോഡിയാകാൻ ഇവർ തമ്മിൽ പോട്ടി
November 9, 2017, 3:03 pm
ഇളയ ദളപതിയുടെ പുതിയ ചിത്രം പ്രഖ്യാപിക്കും മുൻപു തന്നെ നായികയാകാൻ ചരടുവലി രൂക്ഷമെന്ന് കോളിവുഡ് പത്രങ്ങളിൽ റിപ്പോർട്ട്. വിജയുടെ മുരുകദോസ് ചിത്രത്തിൽ നായികാപട്ടത്തിനായാണ് രണ്ട് താരസുന്ദരിമാർ തമ്മിൽ പൊരിഞ്ഞ പോരാട്ടം തുടങ്ങിയത്. വിജയുടെ 64ാമത് ചിത്രത്തിനായി ചരടുവലി തുടങ്ങിയതിൽ ഒരാൾ ബോളിവുഡിലെ തിരക്കുള്ള താരം സൊനാക്ഷി സിൻഹയാണ്. ലിംഗ എന്ന ചിത്രത്തിൽ സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ നായികയായി സൊനാക്ഷി അഭിനയിച്ചിട്ടുണ്ട്.

തുടർന്ന് തമിഴിൽ മികച്ച അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് താനെന്ന് പല അഭിമുഖങ്ങളിലും താരം തുറന്നു പറഞ്ഞിട്ടുമുണ്ട്. മുരുകദോസിന്റെ പടത്തിൽ നായികയാകാൻ താത്പര്യമുണ്ടെന്ന് പറഞ്ഞ് സൊനാക്ഷി പ്രതിനിധികളെ സംവിധായകന്റെ പക്കൽ അയച്ചുവെന്നാണ് കോളിവുഡ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. മറ്റൊരു നായിക തെന്നിന്ത്യൻ സുന്ദരി രാകുൽ പ്രീത് സിംഗ് ആണ്. വിജയുടെ ഹീറോയിനായി ഒരു ചിത്രത്തിലെങ്കിലും അഭിനയിക്കണമെന്ന് രാകുൽ തുറന്നു പറഞ്ഞിട്ടുണ്ട് പലപ്പോഴും. ഇവരിൽ ആർക്ക് നറുക്കു വീഴുമെന്ന് ദിവസങ്ങൾക്കുള്ളിൽ അറിയാമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

ദീപാവലി ചിത്രമായ മെർസലിന്റെ വിജയാവേശങ്ങൾ അടങ്ങും മുൻപു തന്നെ അടുത്ത പടത്തിന്റെ ചിത്രീകരണത്തിനായി ഒരുങ്ങുകയാണ് വിജയ്. മുരുകദോസുമായി കൈകോർക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവും അഭിനയിക്കുന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രീകരിക്കും. തമിഴിൽ മഹേഷ് ബാബുവും തെലുങ്കിൽ വിജയും വില്ലനായി എത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ