Thursday, 23 November 2017 8.06 PM IST
ആ വീഡിയോ എന്റേതല്ല, വിശദീകരണവുമായി നടി അനു ജോസഫ്
November 9, 2017, 8:18 pm
തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വിശദീകരിച്ച് സിനിമാ-സീരിയൽ താരം അനു ജോസഫ് രംഗത്തെത്തി. വാട്സ് ആപ്പിൽ പ്രചരിക്കുന്നത് ഏതോ ഒരു സ്ത്രീ വസ്ത്രം മാറുന്ന വീഡിയോയാണെന്ന് തന്റേതല്ലെന്നും അനു വ്യക്തമാക്കി.

'വാട്‌സാപ്പിൽ എന്റെ പേരിൽ ഒരു വ്യാജ വീഡിയോ പ്രചരിക്കുന്നുന്നുണ്ട്. ഇവരെ അറിയുമോ? ഇവർ അറിയാതെ ഒളിക്യാമറ വച്ച് എടുത്തതാണ് എന്നു പറഞ്ഞ് ഏതോ ഒരു സ്ത്രീ വസ്ത്രം മാറുന്ന വീഡിയോയാണ് എന്റെ പേരിൽ പ്രചരിക്കുന്നത്. ഈ പോസ്‌റ്റിനടിയിൽ എന്റെ ഫോട്ടോയും ചേർത്ത് തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലാണ് ഇപ്പോൾ ആ വീഡിയോ ഷെയർ ചെയ്‌ത് കൊണ്ടിരിക്കുന്നത്.

വൈഡ് ഷൂട്ട് ആയത് കൊണ്ട് മുഖം വ്യക്തമാണ്. ഏതോ പാവം സ്ത്രീയാണ് വീഡിയോയിൽ ഉള്ളത്. പക്ഷെ എന്നെ നേരിട്ട് കാണാത്ത ഒരാൾക്ക് ഒരുപക്ഷേ സാമ്യം തോന്നാവുന്ന പോലെ എന്റെ അത്ര ഉയരവും രൂപ സാദൃശ്യവുമുള്ള ഒരാളാണ് വീഡിയോയിലുള്ളത്. ഗൾഫിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്‌തത് എന്ന് സംശയമുണ്ട്. അവിടെയുള്ള സുഹൃത്തുക്കൾ വിളിച്ച് പറഞ്ഞാണ് ഞാൻ വിവരം അറിയുന്നത്. പണ്ടൊരിക്കൽ ഇതുപോലെ ഞാൻ മരിച്ചു എന്ന് പറഞ്ഞ് വ്യാജ വാർത്ത പ്രചരിച്ചിരുന്നു.' അനു ജോസഫ് പറയുന്നു.

'എസ്.പി ഓഫീസിൽ പരാതി കൊടുത്തിട്ടുണ്ട്. സൈബർ സെല്ലിന് വീഡിയോ കൈമാറിയിട്ടുമുണ്ട്. ഇനി ഷെയർ ചെയ്‌‌ത് പോകുന്നവർക്കെതിരെ നടപടിയുണ്ടാവുന്ന വിധത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നാമത്തെ കാര്യം ഞാനെന്നല്ല, ഏത് സ്ത്രീയ്‌ക്ക് സംഭവിച്ചതായാലും സംഗതി കുറ്റകൃത്യം തന്നെയാണ്. ഒരാൾ അറിയാതെ അവരുടെ സ്വകാര്യ വീഡിയോ റെക്കാർഡ് ചെയ്യുകയും അത് പ്രചരിപ്പിയ്‌ക്കുകയും ചെയ്‌തു എന്നുള്ളതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമത് ഒരു ബന്ധവുമില്ലാത്ത എന്റെ ചിത്രം വച്ച് തെറ്റിദ്ധാരണ ഉണ്ടാകുന്ന വിധത്തിൽ ഇത് പ്രചരിപ്പിച്ചു എന്നതും. ഞാൻ വളരെ പബ്ലിക്ക് ആയ ഒരു ഫീൽഡിൽ വർക്ക് ചെയ്യുന്ന ആളാണ്. ഇത്തരം സംഭവങ്ങൾ സ്വാഭാവികമായും എന്നെ മാനസികമായും തൊഴിൽപരമായും ബാധിക്കും. എനിക്കെന്നല്ല ആർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല. അതു കൊണ്ടാണ് ഈ വിശദീകരണവുമായി ഞാൻ തന്നെ രംഗത്തു വരുന്നത്.' അനു കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ