Thursday, 23 November 2017 8.14 PM IST
പൗ​​​രാ​​​വ​​​കാ​​​ശ​​​ബോ​​​ധം വ​​​ള​​​ര​​​ണം
November 10, 2017, 1:14 am
പൊതുജനങ്ങളോട് മാന്യമായി പെരുമാറാനും അവരുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കാനും ജീവനക്കാരെ നിർബന്ധിക്കുന്ന തരത്തിൽ ഒരു പെരുമാറ്റച്ചട്ടം പഞ്ചായത്ത് വകുപ്പിൽ നടപ്പാക്കുന്നു എന്ന റിപ്പോർട്ടിൽ കുറച്ചല്ല, അല്പം കൂടുതൽ കൗതുകമുണ്ട്. പഞ്ചായത്തുകൾ മാത്രമല്ല, സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതു തന്നെ ജനങ്ങൾക്ക് സേവനം നൽകാൻ വേണ്ടിയാണ്. സേവനം തേടി എത്തുന്ന പൊതുജനങ്ങളോട് സർക്കാർ ഉദ്യോഗസ്ഥന്മാർ മാന്യമായേ പെരുമാറാവൂ എന്ന് മുഖ്യമന്ത്രി മുതൽ താഴോട്ട് വകുപ്പദ്ധ്യക്ഷന്മാർ വരെ അടിക്കടി ആവശ്യപ്പെടേണ്ടിവരുന്നത് നിലവിൽ കാര്യങ്ങൾ അങ്ങനെയല്ലെന്നതിന്റെ തെളിവാണ്. ജീവനക്കാർ ജനങ്ങളുടെ യജമാനന്മാരല്ല, ദാസന്മാരാണെന്ന് ഭംഗിവാക്ക് പറയാറുണ്ട്. പൊതുജീവിതവുമായി ഏറെ അടുത്തു ബന്ധമുള്ള സർക്കാർ ഓഫീസുകൾ പലതും ഇപ്പോഴും സാധാരണക്കാർക്ക് ആശങ്കയോടെ മാത്രമേ കടന്നു ചെല്ലാനാകുന്നുള്ളൂ.

സേവനം ജനങ്ങളുടെ അവകാശമായി പ്രഖ്യാപിക്കുന്ന നിയമമുണ്ട്. ഒട്ടുമിക്ക സർക്കാർ ഓഫീസുകളുടെയും മുന്നിലെ ചുവരിൽ അത് എഴുതിവച്ചിട്ടുമുണ്ട്. അപേക്ഷ നൽകിയാൽ ആവശ്യപ്പെടുന്ന സേവനം എത്ര ദിവസത്തിനകം ലഭ്യമാകുമെന്ന വിവരവും ഇത്തരം ബോർഡുകളിൽ കാണാം. കുറെ ഓഫീസുകളിലെങ്കിലും ബോർഡിൽ എഴുതി വച്ചിട്ടുള്ളതുപോലെ കാര്യങ്ങൾ നടക്കുന്നുണ്ട്. അങ്ങനെ അല്ലാത്തവയാണ് ഏറെയും. തദ്ദേശ വകുപ്പിന് കീഴിലുള്ള ഓഫീസുകൾ അങ്ങനെയല്ലാത്തതുകൊണ്ടാവാം പുതിയ പെരുമാറ്റച്ചട്ടവുമായി പഞ്ചായത്ത് ഡയറക്ടർ രംഗത്തു വന്നിട്ടുള്ളത്.

സേവനം വൈകിപ്പിക്കുകയോ പൊതുജനങ്ങളോട് തട്ടിക്കയറുകയോ ചെയ്യുന്ന ജീവനക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നാണ് മുന്നറിയിപ്പ്. ജീവനക്കാരെക്കുറിച്ച് ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ പഞ്ചായത്ത് സെക്രട്ടറിക്കോ പ്രസിഡന്റിനോ സമർപ്പിക്കാം. നഗരസഭകളിലാണെങ്കിൽ ഓഫീസ് മേധാവിക്കാണ് ഇതിന്റെ ചുമതല. മേലുദ്യോഗസ്ഥർക്കെതിരെയാണ് പരാതിയെങ്കിൽ പഞ്ചായത്ത് ഡയറക്ടറെത്തന്നെ സമീപിച്ച് പരിഹാരം തേടാവുന്നതാണ്. നേരിട്ടു മാത്രമല്ല, ഫോൺ വഴിയുള്ള അന്വേഷണങ്ങൾക്കും ജീവനക്കാർ കൃത്യമായ മറുപടി നൽകേണ്ടതുണ്ട്. ഇതിനായി പ്രത്യേക രജിസ്റ്റർ തന്നെ സൂക്ഷിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അവധിയിലാണെങ്കിൽ വിളിക്കുന്നയാളിന്റെ നമ്പർ രജിസ്റ്ററിൽ എഴുതി വച്ചശേഷം പിന്നീട് മറുപടി നൽകണം. എല്ലാ പഞ്ചായത്തുകളിലും ഫ്രണ്ട് ഓഫീസിൽ ജീവനക്കാരുടെ പേരും അവരിൽ നിന്നു ലഭിക്കുന്ന സേവനവും എഴുതി വയ്ക്കണമെന്നും നിർദ്ദേശമുണ്ട്.

എഴുതിവച്ചാലുമില്ലെങ്കിലും സേവനം തേടി എത്തുന്നവരോട് മാന്യമായി പെരുമാറുകയും അനുഭാവത്തോടെ വിവരം ചോദിച്ചറിയുകയും ചെയ്യേണ്ടത് കേവല മര്യാദയാണ്. സൗഹൃദപൂർവമായ സമീപനമുണ്ടായാൽത്തന്നെ സർക്കാർ ഓഫീസുകളെക്കുറിച്ചുള്ള ജനങ്ങളുടെ പരാതി വലിയതോതിൽ കുറയും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിഷ്‌ക്രിയത്വവും ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവുമാണ് പലപ്പോഴും അസുഖകരമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്. സഹികെട്ട് ആളുകൾ പലവിധ സാഹസങ്ങൾക്കു മുതിരുന്നതിനു പിന്നിലും കാണാം സ്ഥായിയായ കാരണങ്ങൾ. ഒട്ടേറെ കാര്യങ്ങൾക്ക് പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സേവനം ആവശ്യമാണ്. അതുപോലെ വില്ലേജ് ഓഫീസുകളും താലൂക്ക് ഓഫീസുകളും കളക്ടറേറ്റുമൊക്കെ ജനജീവിതവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നവയാണ്. ഇവിടങ്ങളിൽ സേവനം അകാരണമായി വൈകുമ്പോൾ ജനങ്ങൾ രോഷാകുലരാകുക സ്വാഭാവികമാണ്. മുൻഗണനാക്രമം മറികടന്നും സേവനം ലഭ്യമാകുന്നിടത്താണ് കൈക്കൂലി വളരുന്നത്.

എല്ലാ രാഷ്ട്രീയ കക്ഷികൾക്കും പ്രത്യേകം പ്രത്യേകം സർവീസ് സംഘടനകളുണ്ട്. ഉദ്യോഗസ്ഥന്മാർ പൊതുജനങ്ങളോട് മാന്യമായി പെരുമാറാനും സേവനം കഴിയുന്നത്ര വേഗത്തിൽ ലഭ്യമാക്കാനും സർവീസ് സംഘടനകൾ വിചാരിച്ചാൽ വളരെ എളുപ്പമാണ്. അണികളിലേക്ക് അതിനുള്ള സന്ദേശം എത്തിച്ചാൽ മതി. നിർഭാഗ്യവശാൽ സർവീസ് സംഘടനകളുടെ വാർഷിക യോഗങ്ങളിൽ ഇത്തരം വിഷയങ്ങൾ ദുർലഭമായേ പരിഗണനയ്ക്ക് വരാറുള്ളൂ. ആവശ്യങ്ങൾ ഉന്നയിക്കുന്നതിനൊപ്പം കടമകളെക്കുറിച്ചും ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നത് ഗുണം ചെയ്യാതിരിക്കില്ല.

പഞ്ചായത്ത് ഓഫീസുകളിലെ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ അറിയിക്കാൻ മൊബൈൽ ആപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അത്യാധുനിക പരിഹാര സംവിധാനങ്ങൾ നല്ലതുതന്നെ. എന്നാൽ, ഇത്തരം ഓഫീസുകളെ ആശ്രയിക്കുന്ന സാധാരണക്കാരിൽ എത്രപേർക്ക് അത് ഉപയോഗപ്പെടും എന്നുകൂടി ആലോചിക്കണം. പരാതിപ്പെട്ടികൾ ഉണ്ടെങ്കിലും അതുപോലും ഉപയോഗിക്കാൻ മടിക്കുന്നവരാണ് അധികവും. മറ്റൊന്നും കൊണ്ടല്ല, പരാതി പറഞ്ഞാൽ സേവനം മുടങ്ങുമോ എന്ന ആശങ്കയാണ് കാരണം. ജനങ്ങൾ കൂടുതൽ പൗരാവകാശബോധമുള്ളവരായാലേ സേവനം ഒരു അവകാശമെന്ന നിലയിൽ നേടിയെടുക്കാനാവൂ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ