Tuesday, 21 November 2017 5.20 PM IST
ഒറ്റനോട്ടത്തിൽ: തോമസ് ചാണ്ടി, ഹൈക്കോടതി വിധി, മെഡിക്കൽ കോഴ
November 14, 2017, 8:11 pm

1. ഹൈക്കോടതി കൈവിട്ട തോമസ് ചാണ്ടി ഇനി സുപ്രീം കോടതിയിലേക്ക്. കയ്യേറ്റം സ്ഥിരീകരിക്കുന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്ത് ചാണ്ടി സമർപ്പിച്ച ഹർജി തള്ളിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യം. മന്ത്രിയുടെ പുതിയ നീക്കം, രാജിക്കാര്യത്തിലെ അന്തിമ തീരുമാനം തത്കാലം നീട്ടിവയ്പിക്കാൻ എന്ന് വ്യക്തം

2. കായൽ കയ്യേറ്റ വിവാദത്തിൽ തോമസ് ചാണ്ടിക്കും സംസ്ഥാന സർക്കാരിനും എതിരെ ഹൈക്കോടതി ഇന്നു നടത്തിയത് രൂക്ഷ വിമർശനങ്ങൾ. കോടതിയെ കൂട്ടുപിടിച്ച് മന്ത്രിസ്ഥാനത്ത് തുടരാൻ ചാണ്ടിക്ക് ആകില്ലെന്നും, വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നും കോടതി. മുഖ്യമന്ത്രിയിലോ സർക്കാരിലോ മന്ത്രിക്ക് വിശ്വാസം ഇല്ലെന്നും വിമർശനം

3. സ്വന്തം സർക്കാരിന് എതിരെ ഹർജി ഫയൽ ചെയ്ത ചാണ്ടി, ഗതാഗത മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ല. തോമസ് ചാണ്ടിക്ക് ഉത്തമം രാജി എന്നും ഗതാഗതമന്ത്രി സ്ഥാനത്ത് നിന്ന് ആരോപണ വിധേയനെ അയോഗ്യനാക്കാൻ പറ്റിയ സാഹചര്യം എന്നും കോടതി. അതേസമയം, തന്റെ ഹർജി തള്ളിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി തോമസ് ചാണ്ടി സുപ്രീം കോടതിയിലേക്ക്.

4. കേസ് രാവിലെ പരിഗണനയ്ക്ക് എടുത്ത കോടതി, ഉച്ചയ്ക്ക് പിരിയുമ്പോൾ ഹർജി പിൻവലിച്ചില്ലെങ്കിൽ അനുചിതം എന്ന് ഉത്തരവിടും എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കയ്യേറ്റം നടത്തി എന്ന ആരോപണങ്ങൾ ഇനിയും തെളിയിക്കപ്പെടാത്ത സാഹചര്യത്തിൽ അപേക്ഷ പിൻവലിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു തോമസ് ചാണ്ടിയുടെ അഭിഭാഷകൻ സ്വീകരിച്ചത്. തന്റെ വാദം കേൾക്കാൻ അവസരം തന്നില്ലെന്ന ചാണ്ടിയുടെ വാദത്തിനും അംഗീകാരം ഇല്ല

5. തോമസ് ചാണ്ടിയുടെ രാജി കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ട് എൻ.സി.പി സംസ്ഥാന ഘടകം. രാജിയെച്ചൊല്ലി പാർട്ടിയിലുണ്ടായ തർക്കങ്ങൾ സാധാരണ അഭിപ്രായ വ്യത്യാസം.തോമസ് ചാണ്ടി രാജിവയ്ക്കണം എന്ന് കോടതി പറഞ്ഞിട്ടില്ല. ഇക്കാര്യങ്ങൾ എല്ലാം പാർലമെന്ററി ബോർഡിനെ അറിയിക്കും എന്ന് ടി.പി.പീതാംബരൻ മാസ്റ്റർ

6. കയ്യേറ്റക്കേസിൽ തോമസ് ചാണ്ടിയെ അവസാന നിമിഷം വരെ ഒപ്പം ചേർത്ത പാർട്ടി പെട്ടെന്ന് നിലപാട് മാറ്റിയത്, ഹൈക്കോടതി പരമാർശം എതിരാവുകയും ചാണ്ടി ഒഴിഞ്ഞില്ലെങ്കിൽ പാർട്ടിയുടെ രാഷ്ട്രീയ ഭാവിതന്നെ ത്രിശങ്കുവിൽ ആകും എന്ന അഭിപ്രായം നേതാക്കളിൽ നിന്ന് ഉയരുകയും ചെയ്ത സാഹചര്യത്തിൽ. ഗതാഗതമന്ത്രിയെ ഇനിയും സംരക്ഷിക്കുന്നത് ഉചിതമല്ലെന്നും നേതാക്കളുടെ വിലയിരുത്തൽ. ദേശീയ അധ്യക്ഷൻ ശരത്പവാർ മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കും

7. തോമസ് ചാണ്ടി ഗതാഗതമന്ത്രി സ്ഥാനം രാജിവയ്ക്കണം എന്ന് എൻ.സി.പി ദേശീയ എക്സിക്യൂട്ടീവിൽ ഒരു വിഭാഗം നേതാക്കൾ. നേതാവ് മുന്നണി മര്യാദ കാട്ടണം എന്നും നിലവിലേത് പ്രതികൂലമായ രാഷ്ട്രീയ സാഹചര്യം എന്നും വിലയിരുത്തൽ. വിഷയം സങ്കീർണ്ണമാകവെ, കോടിയേരിടി.പി.പീതാംബരൻ കൂടിക്കാഴ്ച നാളെ

8. കായൽ കയ്യേറ്റത്തിൽ കുരുങ്ങിയ മന്ത്രി തോമസ് ചാണ്ടിയുടെ പടിഇറക്കം ഉറപ്പിച്ച് പിണറായി സർക്കാർ. ഉചിതമായ തീരുമാനം തക്ക സമയത്ത് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി. കോടതി പരാമർശം പരിശോധിക്കേണ്ടതുണ്ട്. വിഷയത്തിലെ പിണറായിയുടെ പ്രതികരണം, നിയമസഭയിൽ തോമസ് ചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനു ശേഷം ഇത് ആദ്യം

9. കോടതി പരമാർശം പ്രതികൂലമായതോടെ വിഷയത്തിൽ നിലപാട് കടുപ്പിച്ച് സി.പി.എമ്മും സി.പി.ഐയും. എൻ.സി.പി ഉചിതമായ തീരുമാനം എടുക്കണം എന്ന് കാനം രാജേന്ദ്രൻ. കോടതി പരാമർശം ഗൗരവമുള്ളത്. ചാണ്ടിക്കാര്യത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി. നാണവും മാനവും ഉണ്ടെങ്കിൽ തോമസ് ചാണ്ടി രാജിവയ്ക്കണം എന്ന് ബിനോയ് വിശ്വം

10. കയ്യേറ്റക്കേസിൽ ഹൈക്കോടതി കുടഞ്ഞതോടെ തോമസ് ചാണ്ടിക്ക് എതിരെ നടപടി തുടങ്ങി സർക്കാർ. എ.ജിയുടെ നിയമോപദേശം ചീഫ് സെക്രട്ടറിക്ക് കൈമാറി മുഖ്യമന്ത്രി. ഭരണഘടനാപരമായ നടപടി ക്രമങ്ങൾ സ്വീകരിക്കാൻ നിർദ്ദേശം

11. മെഡിക്കൽ കോഴ ആരോപണത്തിൽ അഭിഭാഷകർക്ക് എതിരെ സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. പ്രശാന്ത് ഭൂഷൻ, ദുഷ്യന്ത് ദവെ എന്നിവർ ചീഫ് ജസ്റ്റിസിന് എതിരെ അഴിമതി ആരോപണം ഉന്നയിച്ചത് കോടതിയലക്ഷ്യം. എന്നാൽ അഭിഭാഷകർക്ക് എതിരെ ഇപ്പോൾ നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി

12. പരിഗണിച്ചത്, ജഡ്ജിമാർക്ക് അഴിമതിയിലുള്ള പങ്ക് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജി. ജഡ്ജിമാർ നിയമത്തിന് മുകളിലല്ല. എന്നാൽ ശരിയായ നടപടിക്രമം തന്നെ പാലിക്കണം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒരു ജഡ്ജിക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാകില്ലെന്നും കോടതി

12. അതേസമയം, ജഡ്ജിമാർക്കെതിരെ ഉയർന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളിൽ കോടതിയുടെ അന്തസ്സിന് കോട്ടം തട്ടി എന്ന് സുപ്രീംകോടതി. ജുഡീഷ്യറിക്കെതിരെ അനാവശ്യ സംശയങ്ങൾ ഉന്നയിച്ചത് ഖേദകരമെന്നും പരാമർശം. കേസിന് ആധാരമായത്, ലക്നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസാദ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിന് കീഴിലുള്ള മെഡിക്കൽ കോളേജിന് പ്രവേശന അനുമതി ലഭിക്കുന്നതിന് സുപ്രീംകോടതി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിച്ചത്

14. ഇറാൻ അതിർത്തിയിൽ ഇന്നലെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 400 കടന്നു. കൂടുതൽ പേരും മരിച്ചത്, ഭൂകമ്പത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന്. പലരുടേയും നില ഗുരുതരം. 6500 പേർക്ക് പരിക്കേറ്റതായി ഔദ്യോഗിക കണക്ക്. ഭൂകമ്പത്തിന് ശേഷം മധ്യേഷ്യയിൽ നിരവധി തുടർ ചലനങ്ങളും റിപ്പോർട്ട് ചെയ്തു
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ