Tuesday, 21 November 2017 5.32 PM IST
ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് മുമ്പ് മൂന്നാം വിക്കറ്റ് വീഴും
November 15, 2017, 12:15 am
തിരുവനന്തപുരം: കായൽ കൈയ്യേറ്റക്കേസിൽ എല്ലാ വഴികളും അടഞ്ഞതോടെ ബുധനാഴ്‌ച നടക്കുന്ന മന്ത്രിസഭാ യോഗത്തിന് മുമ്പ് തന്നെ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവയ്‌ക്കുമെന്ന് എൻ.സി.പി വൃത്തങ്ങൾ വ്യക്തമാക്കി. ബുധനാഴ്‌ച എട്ട് മണിയോട് കൂടി സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ പിണറായിയും തോമസ് ചാണ്ടിയും കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. ഈയവസരത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പങ്കെടുക്കും. ഈ കൂടിക്കാഴ്‌ചയിൽ ചാണ്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാൽ എൽ.ഡിഎഫിനെ പ്രതിസന്ധിയിലാക്കാതെ രാജിവച്ചൊഴിയാനാണ് എൻ.സി.പി നേതൃത്വത്തിന്റെ തീരുമാനം.

എന്നാൽ തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ട് പോകാൻ എൻ.സി.പി ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്. ബുധനാഴ്‌ച കൊച്ചിയിൽ എൻ.സി.പി സംസ്ഥാന കമ്മിറ്റി ചേരുന്നുണ്ട്. ഈ യോഗത്തിൽ ചാണ്ടിയുടെ രാജിക്കാര്യം ചർച്ച ചെയ്യില്ലെന്നാണ് സൂചന. അതേസമയം,എ.കെ.ശശീന്ദ്രന് പിന്നാലെ തോമസ് ചാണ്ടിയും രാജി വച്ചാൽ ഇന്ത്യയിൽ അവശേഷിക്കുന്ന ഏക മന്ത്രി സ്ഥാനം എൻ.സി.പിയ്‌ക്ക് നഷ്‌ടമാകും. ഒപ്പം പിണറായി മന്ത്രി സഭയിലെ മൂന്നാമത്തെ വിക്കറ്റും വീഴും.

തോമസ് ചാണ്ടിക്ക് നേരെ പ്രതിഷേധം
തിരുവനന്തപുരത്തെത്തിയ മന്ത്രി തോമസ് ചാണ്ടിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. വിമാനത്താവളത്തിൽ നിന്നും തന്റെ ഔദ്യോഗിക വസതിയിലേക്ക് പോകും വഴി മസ്‌ക്കറ്റ് ഹോട്ടലിന്റെ മുന്നിലാണ് അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് പ്രതിഷേധിക്കാൻ ശ്രമിച്ചത്. മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വീണ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് മാറ്റി. മന്ത്രിയുടെ വസതിക്ക് മുന്നിൽ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സ്ഥലത്തേക്ക് കൂടുതൽ പ്രവർത്തകർ എത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബ്ലോക്ക് ചെയ്‌തിരിക്കുകയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ