Thursday, 23 November 2017 8.09 PM IST
ഒരു മുതലാളി മന്ത്രിയുടെ ധാർഷ്‌ട്യം, തോമസ് ചാണ്ടിക്കെതിരെ വിനയൻ
November 15, 2017, 10:38 am
കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്കെതിരെ സംസ്ഥാന ഹോർട്ടികോർപ്പ് ചെയർമാനും സംവിധായകനുമായ വിനയൻ. ഒരു 'മുതലാളി മന്ത്രി'യുടെ ധാർഷ്‌ട്യം കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇത്രയേറെ വിലപ്പോകുമോ എന്നും പണത്തിന്റെ ഹുങ്ക് കൊണ്ട് കണ്ണു മഞ്ഞളിച്ച ഒരു മന്ത്രി പുംഗവൻ സ്വന്തം സർക്കാരിനെതിരെ കോടതിയിൽ പോയിട്ടാണേലും വേണ്ടില്ല ആ സ്ഥാനത്തു കടിച്ചു തൂങ്ങിക്കിടക്കുന്നതിന്റെ സുഖം ആസ്വദിക്കുന്നെങ്കിൽ അതു രാഷ്ട്രീയ പാപ്പരത്തവും വിവരദോഷവുമാണെന്നും വിനയൻ പറയുന്നു. തന്റെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് തോമസ് ചാണ്ടിയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ അനുഭാവി കൂടിയായ വിനയൻ രംഗത്തെത്തിയത്.

ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം
'ഒരു 'മുതലാളി മന്ത്രി'യുടെ ധാർഷ്ട്യം കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇത്രയേറെ വിലപ്പോകുമോ എന്ന് സാധാരണക്കാർ അതിശയിച്ചു പോയാൽ തെറ്റുപറയാൻ പറ്റുമോ? കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിലുള്ള ഒരു ഇടതുപക്ഷ സർക്കാരിന് ഇതു ഭൂഷണമാണോ?

താൻ പറയുന്നതാണ് പ്രമാണം, താൻ പറയുന്നതാണ് നിയമം എന്ന് വിശ്വസിച്ച് ജീവിക്കുന്ന പുങ്കന്മാരായ കുട്ടനാടൻ പ്രമാണിമാരുടെ കാലം എന്നേ കഴിഞ്ഞുവെന്ന് ശ്രീ തോമസ് ചാണ്ടിയേ ഉപദേശിച്ചുകൊടുക്കാൻ ആരും ഈ നാട്ടിൽ ഇല്ലെന്നായോ?

പണത്തിന്റെ ഹുങ്ക് കൊണ്ട് കണ്ണു മഞ്ഞളിച്ച ഒരു മന്ത്രി പുംഗവൻ സ്വന്തം സർക്കാരിനെതിരെ കോടതിയിൽ പോയിട്ടാണേലും വേണ്ടില്ല ആ സ്ഥാനത്തു കടിച്ചു തൂങ്ങിക്കിടക്കുന്നതിന്റെ സുഖം ആസ്വദിക്കുന്നെങ്കിൽ അതു രാഷ്ട്രീയ പാപ്പരത്തമാണ്, വിവരദോഷമാണ്.

സത്യത്തിൽ നമ്മുടെ സാംസ്‌കാരിക നായകന്മാർ ഈ അധികാര ദുർവിനിയോഗത്തിനെതിരേ,, ഈ ധാർമ്മിക മൂല്യച്യുതിക്കെതിരെ പ്രതികരിക്കേണ്ടതല്ലേ? മഹാനായ സുകുമാർ അഴിക്കോട് മാഷിനെ ഈ ഘട്ടത്തിൽ സ്മരിച്ചു പോകുകയാണ്. അദ്ദേഹമുണ്ടായിരുന്നെങ്കിൽ സിംഹത്തെപ്പോലെ ഗർജ്ജിച്ചുകൊണ്ട് തോമസ് ചാണ്ടിക്കെതിരെ ചാടി വീണേനെ.

ശ്രീ തോമസ് ചാണ്ടിയെ പോലെ ധാർമ്മികത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു മന്ത്രിയെ ഒരു നിമഷമെങ്കിലും ആ കസേരയിൽ തുടരാൻ അനുവദിക്കുന്നത് ബൂർഷ്വ ഭരണകൂടത്തിനു പോലും ചേർന്നതല്ല എന്നു വിശ്വസിക്കുന്ന ഒരു എളിയ ഇടതുപക്ഷ പ്രവർത്തകനാണു ഞാൻ. ഈ സർക്കാരിന്റെ ഭാഗമായ ഒരു കോർപ്പറേഷന്റെ ചെയർമാനായി ഇരിക്കുമ്പോൾ തന്നെ തുറന്നു പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഇതുപോലുള്ള മാടമ്പിമാർക്കു വേണ്ടി ഇടതുപക്ഷ പ്രസ്ഥാനം ഒരിക്കലും പഴി കേൾക്കേണ്ട കാര്യമില്ല. ശക്തമായ നടപടി എടുക്കണം. അതാണ് ധാർമ്മികത. അതായിരിക്കണം കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തീരുമാനം.'
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ