Thursday, 23 November 2017 8.08 PM IST
മുന്നാക്കക്കാരിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തും
November 15, 2017, 12:18 pm
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഒരു നിശ്ചിത ശതമാനം സംവരണം ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകാമെന്നാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കും മറ്റു പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും സർക്കാർ ഉദ്യോഗങ്ങളിൽ ഇപ്പോൾ നിലനിൽക്കുന്ന സംവരണം തുടരണമെന്നാണ് സർക്കാരിന്റെ പ്രഖ്യാപിത നിലപാട്. ഇത്ത തുടരുന്നതിനൊപ്പമാണ് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഒരു നിശ്ചിത ശതമാനം സംവരണം ഏർപ്പെടുത്തുന്നത്. ഭരണഘടനാഭേദഗതി ആവശ്യമുള്ള കാര്യമാണിത്. എന്നാൽ ഭരണഘടനാഭേദഗതി ഇല്ലാതെ നടപ്പാക്കാൻ കഴിയുന്ന ദേവസ്വം നിയമനങ്ങളിൽ സംവരണം ആദ്യം നടപ്പാക്കും. ദേവസ്വം നിയമനങ്ങളിൽ മറ്റ് മതവിഭാഗങ്ങൾക്ക് ന്യൂനപക്ഷ മതവിഭാഗങ്ങൾക്കുള്ള സംവരണമില്ല. ആ സംവരണം ഒഴിവായിക്കിടക്കും. അതിനാൽ ദേവസ്വം ബോർഡിൽ ഇത്തരത്തിൽ ഒഴിഞ്ഞുകിടക്കുന്ന ഭാഗം മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ഒരു നിശ്ചിത ശതമാനം സംവരണമായി കൊടുക്കും. ഇതോടൊപ്പം തന്നെ ദേവസ്വം ബോർഡ് നിയമനങ്ങളിൽ പട്ടികജാതി - പട്ടികവർഗക്കാരുടേയും ഈഴവരുടേയും മറ്റ് പിന്നാക്ക വിഭാഗത്തിന്റേയും സംവരണത്തിന്റെ തോത് ഉയർത്താനും തീരുമാനിച്ചു.

ഈഴവർക്ക് നിലവിലുള്ള 14 ശതമാനമാണ് സംവരണം 17 ശതമാനമായി വർദ്ധിപ്പിക്കും. പട്ടികജാതി - പട്ടികവർഗക്കാർക്കുള്ള പത്ത് ശതമാനം സംവരണം 12 ശതമാനമായും ഈഴവർ ഒഴികെയുള്ള പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് ശതമാനത്തിൽ നിന്നും ആറു ശതമാനമായി സംവരണം വർദ്ധിപ്പിക്കാനും തീരുമാനിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സർക്കാർ ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്നത്. ഇതിനാവശ്യമായ ചട്ട ഭേദഗതികൾ ഉടനെ തന്നെ കൊണ്ടുവരും. അതേസമയം തന്നെ പൊതുവെയുള്ള സർക്കാർ നിയമനങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം കൊണ്ടുവരാൻ ഭരണഘടന ഭേദഗതികൊണ്ടുവരാനുള്ള സമ്മർദ്ദം സർക്കാരും എൽ.ഡി.എഫും തുടർന്നും കേന്ദ്രത്തിന് മേൽ ചെലുത്തുമെന്നും പിണറായി പറഞ്ഞു.

സർക്കാർ ഡോക്ടർമാരുടേയും സർക്കാർ മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകരുടേയും പെൻഷൻ പ്രായം ഉയർത്താനും മന്ത്രിസഭ തീരുമാനിച്ചു. ഡയറക്ടർ ഒഫ് ഹെൽത്ത് സർവീസിന് കീഴിൽ വരുന്ന ഡോക്ടർമാരുടെ പ്രായം 56ൽ നിന്നും അറുപതായി വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡയറക്ടർ ഒഫ് മെഡിക്കൽ എഡ്യുക്കേഷനു കീഴിൽവരുന്ന മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ പെൻഷൻ പ്രായം അറുപതിൽ നിന്നും അറുപത്തി രണ്ടായും വർദ്ധിപ്പിക്കും. ആരോഗ്യ മേഖലയിൽ പരിചയസമ്പന്നരായ ഡോക്ടർമാരുടെ ദൗർലഭ്യം പലപ്പോഴും പ്രശ്നമായി വരാറുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ തീരുമാനം. അദ്ധ്യാപികമാരുടെ ക്ഷാമം കൂടിപരിഹരിക്കുന്നതിനാണ് സർക്കാർ ഇത്തരം തീരുമാനങ്ങളിൽ എത്തിച്ചേർന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ