ജയിലിൽ 4 ജി ജാമർ വരും; ഫോൺവിളിക്ക് പൂട്ടുവീഴും
November 29, 2017, 1:25 am
എം.എച്ച്. വിഷ്‌ണു
തിരുവനന്തപുരം: ജയിലിനുള്ളിൽ നിന്ന് തടവുകാർ, മൊബൈൽഫോണിലൂടെ പുറത്ത് സ്വർണക്കവർച്ച പോലും ആസൂത്രണംചെയ്ത് നടപ്പാക്കിത്തുടങ്ങിയതോടെ, എല്ലാ സെൻട്രൽ ജയിലുകളിലും മൊബൈൽ ജാമറുകൾ സ്ഥാപിക്കാൻ ആഭ്യന്തരവകുപ്പ് കേന്ദ്രസഹായം തേടി. എല്ലാ സേവനദാതാക്കളുടെയും 4ജി വരെയുള്ള സേവനങ്ങൾ തടയാൻ ശക്തിയേറിയ ജാമറുകൾ സ്ഥാപിക്കാൻ അനുമതിയും സാങ്കേതികസഹായവുമാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. സെൻട്രൽ ജയിലുകളെല്ലാം നഗരപരിധിയിലായതിനാൽ സമീപവാസികളുടെ മൊബൈൽ ഉപയോഗത്തിന് തടസമുണ്ടാകാത്ത, വ്യാപ്‌തി കുറവുള്ള ജാമറുകളാവും സ്ഥാപിക്കുക.

കോഴിക്കോട്ട് സ്വർണവ്യാപാരിയിൽ നിന്ന് മൂന്നുകിലോ സ്വർണം കൊള്ളയടിക്കാൻ, വിയ്യൂരിൽനിന്ന് ടി.പി കേസ് പ്രതി കൊടി സുനി പുറത്തുള്ള കൂട്ടാളി കാക്ക രഞ്ജിത്തിനെ 244 തവണ വിളിച്ചത് തെളിവുകൾ സഹിതം പുറത്തായിരുന്നു. തീവ്രവാദക്കേസിലെ പ്രതി കൊച്ചിയിലെ ഗുണ്ടാത്തലവന്മാർ തമ്മിലുള്ള കുടിപ്പക ഒത്തുതീർപ്പാക്കിയെന്ന് ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. ജയിലിലെ ഫോൺവിളി പൂർണമായി അവസാനിപ്പിച്ച്, പൊലീസിലേതുപോലെ ജയിൽജീവനക്കാർക്ക് ആശയവിനിമയത്തിന് വയർലെസ് സെറ്റുകൾ നൽകാനാണ് സർക്കാർ തീരുമാനം. ഫോൺവിളിക്കാനുള്ള 2ജി സേവനത്തിനു പുറമേ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള 4ജിയും തടയും.

പരീക്ഷണാടിസ്ഥാനത്തിൽ 2008ൽ കണ്ണൂർ സെൻട്രൽ ജയിലിൽ ജാമർ സ്ഥാപിച്ചെങ്കിലും ജീവനക്കാർക്കും സമീപവാസികൾക്കും മൊബൈൽ ഉപയോഗത്തിന് തടസമായി. എം. ടെക്കുകാരനായ തടവുകാരൻ ഉപ്പുകലക്കിയൊഴിച്ച് ജാമർ കേടാക്കുകയായിരുന്നു. ചില ജീവനക്കാർ സ്വന്തം മൊബൈൽഫോൺ തടവുകാർക്ക് വിളിക്കാനായി കൈമാറുന്ന പതിവും ജാമർ സ്ഥാപിക്കുന്നതോടെ അവസാനിക്കും.

കോടതിയിൽ ഹാജരാക്കാൻ പുറത്ത് കൊണ്ടുപോകുമ്പോഴാണ് തടവുകാർ സ്‌മാർട്ട് ഫോണുകളും ബാറ്ററികളും ഹെഡ്ഫോണുകളും ശരീരത്തിലൊളിപ്പിച്ച് ജയിലിലേക്ക് കടത്തുന്നത്. ദേഹപരിശോധനയ്ക്ക് സ്‌കാനറോ എക്സ്‌റേ സംവിധാനമോ ഇല്ലെന്ന പഴുതുപയോഗിച്ചാണിത്. പൂജപ്പുരയിൽ തടവിലുള്ള ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി അണ്ണൻ സിജിത്ത്, മാവേലിക്കര കൊലക്കേസ് പ്രതി പ്രദീപ്, കാരണവർ കൊലക്കേസിലെ ബാസിത്അലി എന്നിവരിൽനിന്ന് കഴിഞ്ഞജൂണിൽ ഇന്റർനെറ്റ് സൗകര്യമുള്ള സ്‌മാർട്ട് ഫോണുകളും ഹെഡ്ഫോണുകളും പിടിച്ചിരുന്നു. ജയിലിനുള്ളിലെ ഡിസ്പെൻസറിയിൽ നിന്നാണ് ഫോണുകൾ ചാർജ് ചെയ്തത്. ജയിലിൽനിന്ന് തടവുകാരൻ ഇ-മെയിൽ അയച്ചതായി കണ്ടെത്തിയത് ജയിൽ മേധാവി ആർ. ശ്രീലേഖയാണ്.

പേടിക്കണം ഈ വിളികൾ...

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, അമേരിക്ക, നൈജീരിയ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, സൊമാലിയ, നേപ്പാൾ, ഫ്രാൻസ് രാജ്യങ്ങളിൽനിന്ന് ജയിലിലേക്ക് വിളികളെത്തി.

154 ഫോണുകളിലെ രണ്ടായിരത്തോളം സിംകാർഡുകളിലൂടെ സംശയാസ്‌പദമായ 12,000 വിളികളാണുണ്ടായത്.

2011ൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു മാത്രം പിടിച്ചത് 82 ഫോണുകളും 700 സിംകാർഡുകളും

ജയിലുകളുടെ ശേഷിയും തടവുകാരുടെ എണ്ണവും

തിരുവനന്തപുരം- 727 (1313)
വിയ്യൂർ - 560 (754)
കണ്ണൂർ- 986 (1082)

''തടവുകാരുടെ മൊബൈൽഫോണുപയോഗം ശക്തമായി തടയും. സെൻട്രൽ ജയിലുകളിൽ ജാമറുകൾ ഉടൻ സ്ഥാപിക്കും''
മുഖ്യമന്ത്രിയുടെ ഓഫീസ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ