പുകയില്ലാതെ നിശബ്ദം വരുന്നു, ഇ - കാറുകളും ഇ - റിക്ഷകളും
November 27, 2017, 12:11 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം:ശബ്ദവും പുകയും കൊണ്ട് അന്തരീക്ഷം മലിനമാക്കാത്ത ഇ -കാറുകളും ഇ - ഓട്ടോറിക്ഷകളും കേരളത്തിലെ നിരത്തുകളിൽ നിശബ്‌ദമായി കുതിക്കുന്ന കാലം വിദൂരമല്ല. ഇന്ധനത്തിന്റെ രൂക്ഷഗന്ധം പരത്തുന്ന പമ്പുകൾക്ക് പകരം ഗ്രീൻ ചാ‌ർജ്ജിംഗ് സ്റ്റേഷനുകളും വരും. ഇലക്ട്രിക് ഓട്ടോറിക്ഷകളായിരിക്കും ആദ്യം വരിക. ഇവയുടെ അഞ്ച് മോഡലുകൾക്ക് മോട്ടോർ വാഹന വകുപ്പ് ഉടൻ അംഗീകാരം നൽകും. ഇ -ഓട്ടോകൾ നിരത്തിലിറക്കാൻ രജിസ്റ്റർ ചെയ്യണം. പെർമിറ്റ് വേണ്ട.

അടുത്ത വർഷം മദ്ധ്യത്തോടെ ഇലക്ട്രിക് കാറുകളും കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷ. ആദ്യം തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ആയിരിക്കും. അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാൻ ഹൈബ്രിഡ്, ഇലക്‌ട്രിക് വാഹനങ്ങൾ ഇറക്കാനുള്ള കേന്ദ്രപദ്ധതി പ്രകാരമാണ് ഇ - കാറുകൾ എത്തിക്കുക. ആദ്യം ഐ.ടി പാർക്കുകളിൽ സർവീസ് തുടങ്ങും. പിന്നാലെ നിരത്തിലിറക്കും. കേരള മെട്രോ റെയിൽ കോർപ്പറേനാണ് പദ്ധതിയുടെ ചുമതല.

ആനുകൂല്യങ്ങൾ

കേന്ദ്ര പദ്ധതി പ്രകാരം ഇ - കാറുകൾ വാങ്ങാൻ 29,000 രൂപ മുതൽ 1.38 ലക്ഷം രൂപ വരെയും മുച്ചക്രവാഹനങ്ങൾക്ക് 3300 രൂപ മുതൽ 61000 രൂപവരെയും ഇളവുണ്ട്

ഇ-ഓട്ടോ - പ്രത്യേകതകൾ

ശബ്ദവും മലിനീകരണവും ഇല്ല
നാല് മണിക്കൂർ ചാർജ് ചെയ്താൽ എട്ട് മണിക്കൂ‌‌ർ ഓടിക്കാം
ഡ്രൈവറെ കൂടാതെ നാലു പേർക്കു കയറാം.
മണിക്കൂറിൽ 30 കിലോമീറ്റർ വേഗം.
ക്ലച്ചും ഗിയറും ഇല്ല. ആക്സിലറേറ്ററും ബ്രേക്കും മാത്രം
ചാർജ്ജ് ചെയ്യാൻ എട്ട് വാട്സിന്റെ നാലു ബാറ്ററികൾ

നിരത്തിലെ വില
ഡ‌ീസൽ ഓട്ടോ 1.60 ലക്ഷം
പെട്രോൾ ഓട്ടോ 1.40 ലക്ഷം
ഇ-ഓട്ടോ 1.40 ലക്ഷം

കേമൻ ടെസ്‌ല
അമേരിക്കയിലെ 'ടെസ്‌ല'യാണ് ഇ-കാറുകളിലെ കേമൻ. വില 28 ലക്ഷം രൂപ. ഫുൾ ഓട്ടോമാറ്റിക്. ഒറ്റചാർജ്ജിൽ 800 കിലോമീറ്റർ ഓടും. മൂന്നു മണിക്കൂറിൽ ഫാസ്റ്റ് ചാർജ്ജ് ചെയ്യാം. ഇന്ത്യയിൽ മഹീന്ദ്ര, വെരിറ്റോ, ടാറ്റ കമ്പനികൾ ഇ -കാറുകൾ ഉടൻ വിപണിയിൽ ഇറക്കും. മഹീന്ദ്ര നേരത്തേ മിനി ഇ -കാറുകൾ ഇറക്കിയിരുന്നു.

ദുബായ് മോഡൽ ഇളവുകൾ
ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ദുബായ് സർക്കാർ സൗജന്യങ്ങൾ വാരിക്കോരി നൽകുന്നുണ്ട്. ഓട്ടോമാറ്റിക്കായി ടോൾ പിരിക്കുന്ന സംവിധാനമായ 'സാലിക് ടാഗ്' ഇ - കാറുകൾക്ക് സൗജന്യമാണ്. നഗരത്തിലെ 40 കേന്ദ്രങ്ങളിൽ പാർക്കിംഗും സൗജന്യം. പാർക്കിംഗ് ഇൻസ്‌പെക്ടർമാർക്ക് തിരിച്ചറിയാൻ കാറിൽ സ്റ്റിക്കർ പതിക്കും. 2019 വരെ 100 ഗ്രീൻ സ്റ്റേഷനുകളിൽ കാറുകൾ സൗജന്യമായി ചാർജ് ചെയ്യാം..
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ