ആർ.കെ നഗർ തിരഞ്ഞെടുപ്പ്; പത്രിക സ്വീകരിച്ചെന്ന് വിശാൽ, ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
December 5, 2017, 10:17 pm
ചെന്നൈ: ജയലളിതയുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആർ.കെ നഗറിൽ പത്രിക സമർപ്പിച്ചതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നു. നടൻ വിശാലിന്റെ പത്രിക തള്ളിയതിനെ തുടർന്നാണ് പത്രികയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ആരംഭിച്ചത്. പിന്തുണച്ചവരുടെ പേര് തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്ന് വിശാലിന്റെ പത്രിക കമ്മിഷൻ നേരത്തെ തള്ളിയിരുന്നു. എന്നാൽ പ്രതിഷേധങ്ങൾക്കൊടുവിൽ സ്വീകരിച്ചുവെന്ന് അവകാശപ്പെട്ട് വിശാൽ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ വിശാലിന്റെ വാദങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയത്. വിശാലിന്റെ പത്രിക സ്വീകരിച്ചിട്ടില്ലെന്നും പത്രിക തള്ളിയതുമായി ബന്ധപ്പെട്ട പരാതി മാത്രമാണ് തള്ളിയതെന്നും കമ്മിഷൻ വ്യക്തമാക്കി. പരാതി പരിശോധിക്കുമെന്നും മത്സരിക്കാനാവുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കമ്മിഷൻ അറിയിച്ചു.

സൂക്ഷ്‌മ പരിശോധനയിൽ പത്രിക തള്ളിയതായി ചൊവ്വാഴ്ച വൈകുന്നേരം വാർത്തയെത്തിയിരുന്നു. പിന്നാലെ തന്റെ വാദങ്ങൾ വിശാൽ റിട്ടേണിംഗ് ഓഫിസറുടെ മുൻപാകെ അവതരിപ്പിച്ചു. പുറത്തിറങ്ങിയ വിശാൽ തന്റെ വാദങ്ങൾ അംഗീകരിച്ചതായും പത്രിക തള്ളിയ നടപടി കമ്മിഷൻ പിൻവലിച്ചതായും മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. നേരത്തേ, അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിന്റെ പത്രികയും കമ്മിഷൻ തള്ളിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ