എെ.പി.എൽ: ഡൽഹിയുടെ മത്സരങ്ങൾ തിരുവനന്തപുരത്ത്?
December 6, 2017, 5:02 pm
തിരുവനന്തപുരം: ഇന്ത്യ ന്യൂസിലാന്റ് ട്വന്റി-20 മത്സരത്തിന് പിന്നാലെ അനന്തപുരിയിലേക്ക് കൂടുതൽ മത്സരങ്ങൾ വിരുന്നെത്താൻ സാദ്ധ്യത. ഐ.പി.എൽ അടുത്ത സീസണിലെ ഡൽഹി ഡെയർ ഡെവിൾസിന്റെ ഹോം മത്സരങ്ങൾ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തുന്നതിനുള്ള പ്രരംഭ ചർച്ചകൾ ആരംഭിച്ചുവെന്നാണ് സൂചന.

ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയിൽ വായുമലിനീകരണം കാരണം കളി നടത്താൻ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഐ.പി.എൽ മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന ചർച്ചകൾ പുറന്ന് വന്നത്. അന്താരാഷ്ട്ര മത്സരം നടത്തി സ്റ്റേഡിയം പൂർണ സജ്ജമാണ് എന്ന് തെളിയിച്ചതോടെ കൂടുതൽ മത്സരങ്ങൾ തിരുവനന്തപുരത്ത് എത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. വായു മലിനീകരണത്തെ തുടർന്ന് ഇന്ത്യ ശ്രീലങ്ക ടെസ്റ്റിനിടെ കളിക്കാർക്ക് അസ്വസ്ഥത നേരിട്ട സാഹചര്യത്തിൽ ശൈത്യകാലത്ത് ഡൽഹിയിൽ ക്രിക്കറ്റ് മത്സരങ്ങൾക്ക് നിയന്ത്രണം വന്നേക്കുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. വിഷയത്തിൽ ദേശീയ ഹരിത ട്രെെബ്യൂണൽ ഇടപെട്ടിരുന്നു.

ശൈത്യകാലത്ത് വായു മലിനീകരണം പ്രശ്‌നം സൃഷ്‌ടിക്കുന്ന ഡൽഹിയെ ഒഴിവാക്കി ആഭ്യന്തര- അന്താരാഷ്ട്ര മത്സരങ്ങളുടെ ഷെഡ്യൂൾ ക്രമീകരിക്കുന്നത് പരിഗണിക്കുമെന്ന് ബി.സി.സി.ഐ ആക്‌ടിംഗ് സെക്രട്ടറി അമിതാബ് ചൗധരി കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് മത്സരങ്ങൾ നടത്തുമെന്ന ചർച്ചകൾ ഉയർന്ന് വരുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ