കാഴ്ചയുടെ വസന്തം
December 7, 2017, 12:05 am
രൂപശ്രീ ഐ.വി
ഉദ്ഘാടന ചിത്രം
1.ദ ഇൻസൾട്ട്/ ഫ്രാൻസ്, ലെബനൻ
സംവിധാനം: സിയാദ് ദൗയിരി
ദ ഇൻസൾട്ടിലൂടെ ഈ വർഷത്തെ മേളക്കാഴ്ചകൾക്ക് തുടക്കമാകും. ഒരു ലബനൻകാരനും പലസ്തീൻകാരനും തമ്മിലുള്ള പ്രശ്നത്തെ തുടർന്ന് കോടതിമുറിയിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് ഇൻസൾട്ടിന്റെ സഞ്ചാരം. ഈ സംഭവങ്ങളിലൂടെ ലബനൻ രാഷ്ട്രീയത്തെ വരച്ചുകാട്ടുന്നതിനൊപ്പം മതപരമായ വിഭാഗീയതയും ചിത്രത്തിൽ പ്രതിപാദ്യമാകുന്നു.
2.  120 ബി.പി.എം/ ഫ്രാൻസ്
സംവിധാനം: റോബിൻ കാമ്പിലോ
ഗോവൻ ചലച്ചിത്രമേളയിൽ സുവർണമയൂരം നേടിയ ചിത്രം.കാനിലും സമ്മാനം നേടിയിരുന്നു. എയ്ഡ്സ് രോഗം കരിനിഴൽ വീഴ്ത്തിയ ജീവിതങ്ങളിലേക്ക് വെളിച്ചം വീശാൻ 1980കളിൽ ഫ്രാൻസിൽ ആരംഭിച്ച 'ആക്ട് അപ്' സംഘമാണ് 120 ബീറ്റ്സ് പെർ മിനിട്ടിന്റെ പശ്ചാത്തലം. സ്വവർഗാനുരാഗികളുടെ നേതൃത്വത്തിൽ എയ്ഡ്സ് രോഗികൾക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിനിടയിലെ സ്വവർഗ്ഗപ്രണയവും ദുരന്തവും വിയോഗവുമെല്ലാം ചിത്രത്തിന്റെ പ്രതിപാദ്യമാകുന്നു.
3.ഓൺ ബോഡി ആൻഡ് സോൾ/ ഹംഗറി
സംവിധാനം: ഇഡികോ എൻയേദി
ഈ വർഷത്തെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ബെയർ നേടിയ ചിത്രം- ഓൺ ബോഡി ആൻഡ് സോളിന്റെ ഈ അംഗീകാരം മാത്രം മതി ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ വിട്ടുകളയരുതാത്ത ചിത്രമാണിതെന്നറിയാൻ. ഒരേ സ്വപ്നങ്ങളിൽ പ്രണയികളാകുന്ന രണ്ടുപേരുടെ കഥയാണ് ഓൺ ബോഡി ആൻഡ് സോളിന് പറയാനുള്ളത്. മിലൻ കുന്ദേര നൽകുന്ന വായനാനുഭൂതിയാകും ഇഡികോ എൻയേദിയുടെ ചിത്രത്തിന്റെ കാഴ്ചാനുഭവം.
4.എ ഫന്റാസ്റ്റിക് വുമൺ/ ചിലി
സംവിധാനം: സെബാസ്റ്റ്യൻ ലേലിയോ
ഭിന്നലിംഗാവസ്ഥയിൽ നിന്ന് പെണ്ണിലേക്കുള്ള ദൂരം ഏറെ അകലെയാണെന്ന സത്യം ഒരിക്കൽ കൂടി തുറന്നുകാട്ടുകയാണ് എ ഫന്റാസ്റ്റിക് വുമൺ. തന്റെ ഇണയെ നഷ്ടപ്പെടുന്ന ഭിന്നലിംഗക്കാരിയായ കാമുകിയെ വേട്ടയാടുന്ന സമൂഹത്തിൽ നിലനിൽപ്പിനായി കഷ്ടപ്പെടുന്ന മറീന ഉയർത്തുന്ന ചോദ്യങ്ങളാണ് അവളെ ഒരു ഗംഭീരയായ സ്ത്രീയാക്കി മാറ്റുന്നതും. ഈ വർഷത്തെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ബിയറിനുവേണ്ടി മത്സരിച്ച ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാം. മറീനയായെത്തിയ ട്രാൻസ് ജെൻഡർ ഡാനിയേല വേഗയുടെ അഭിനയം ഉദാത്തം.
5.എ ജെന്റിൽ ക്രീച്ചർ/ ഫ്രാൻസ്
സംവിധാനം: സെർജി ലോസ്‌നിറ്റ്സ
ഫയദോർ ദസ്തേവ്സ്കിയുടെ 'എ ജെന്റിൽ ക്രീച്ചർ' എന്ന ചെറുകഥ തന്നെയാണ് സിനിമയ്ക്കും ആധാരം. ഒരു പേടിസ്വപ്നമെന്നപോലെ വിസ്മയവും വിഭ്രമവും നിറഞ്ഞുനിൽക്കുന്ന ഒരു റഷ്യൻ യാത്രയിലാണ് എ ജെന്റിൽ ക്രീച്ചർ പ്രേക്ഷകനെ ഒപ്പം കൂട്ടുക. സൈബീരിയൻ ജയിലിലേക്കുള്ള നായികയുടെ യാത്രയിലെ ഭയപ്പെടുത്തുന്ന യാദൃശ്ചികതകളും ദൈന്യതകളും യാത്ഥാർത്യത്തേക്കാൾ മുന്നിൽ നിൽക്കുമ്പോൾ ദസ്തേവ്സ്കിയുടെ എഴുത്തിനോട് സെർജി ലോസ്‌നിറ്റ്സയുടെ സംവിധാനമികവ് നൂറു ശതമാനം നീതി പുലർത്തുന്നു.
6.എ മാൻ ഒഫ് ഇന്റഗ്രിറ്റി/ ഇറാൻ
മുഹമ്മദ് റസോലോഫ്
പീഡകരും പീഡിതരും- പ്രമുഖ ഇറാനിയൻ എഴുത്തുകാരൻ കൂടിയായ മുഹമ്മദ് റസോലോഫ് വിഭജിക്കുന്നത് ഇങ്ങനെയാണ്. അധികാരം അടിച്ചമർത്തുന്ന സ്വതന്ത്ര ശബ്ദങ്ങളെ ഇറാന്റെ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുകയാണ് എ മാൻ ഒഫ് ഇന്റഗ്രിറ്റി. അഴിമതിയോടും അനീതിയോടും ഏറ്റുമുട്ടുന്ന സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രം ഇറാനിൽ നിരോധിക്കപ്പെട്ടു എന്നതു തന്നെയാണ് ചിത്രം പറയുന്ന പ്രതിരോധത്തിന്റെ രാഷ്ട്രീയം. കാൻ ചലച്ചിത്രമേളയിൽ ഏറെ കൈയടി നേടിയ ചിത്രമാണ്.
7.ആനാ മോൻ അമോർ/ റോം
സംവിധാനം: കാലിൻ പീറ്റർ നെറ്റ്സർ
പ്രണയത്തിന്റെ വിവിധ മാനസിക തലങ്ങളെ അനാവരണം ചെയ്യുകയാണ് ആനാ മോൻ അമോർ. പ്രണയത്തിന്റെ പ്രകടിത ഭാവങ്ങൾക്കപ്പുറത്തുള്ള കാഴ്ചകളെ തേടിയിറങ്ങുന്ന കാലിൻ പീറ്റർ നെറ്റ്സർ ഡ്രാമ വിഭാഗത്തിലെ വ്യത്യസ്ത വർണനയിലൂടെയാണ് ചിത്രത്തെ കൊണ്ടുപോകുന്നത്.
8.ഏഞ്ചൽസ് വിയർ വൈറ്റ്/ ചൈന
സംവിധാനം: വിവിയൻ കു
ഗോവൻ ചലച്ചിത്രമേളയിലെ മികച്ച സംവിധായിക വിവിയൻ കുവിന്റെ ചിത്രം എന്നാകും ഏഞ്ചൽസ് വിയർ വൈറ്റിനെ പരിചയപ്പെടുത്താൻ എളുപ്പം. പൊലീസിന്റെയും സർക്കാരിന്റെയും കണ്ണടയ്ക്കലുകൾക്കിടയിൽ പീഡനത്തിനിരയാകേണ്ടിവരുന്ന പെൺകുട്ടികളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഏഞ്ചൽസ് വിയർ വൈറ്റ്.
9.കാൾ മി ബൈ യുവർ നെയിം/ യു.എസ്
സംവിധാനം: ലൂക്കാ ഗ്വഡാനിനോ
നിന്റെ പേരിട്ട് എന്നെ വിളിക്കൂ- എന്ന ആഹ്വാനത്തിലെ അടുപ്പമാണ് ലൂക്കാ ഗ്വഡാനിനോയുടെ പ്രണയ ത്രയ (ലവ് ട്രിലോജി) ചിത്രത്തിലെ മൂന്നാം ചിത്രമായ കാൾ മി ബൈ യുവർ നെയിം പറഞ്ഞു തരുന്നത്. അയാം ലവ് (2009), എ ബിഗ്ഗർ സ്‌പ്ലാഷ് (2015) എന്നീ പ്രണയ പരമ്പരയ്ക്കുശേഷം ഒരു പതിനേഴു വയസുകാരനും അവനേക്കാൾ ഇരുപത് വയസ് പ്രായക്കൂടുതലുള്ള മറ്റൊരു പുരുഷനും തമ്മിലുള്ള പ്രണയമാണ് കാൾ മി ബൈ യുവർ നെയിം പറയുന്നത്. ഇറ്റാലിയൻ വേനലിന്റെ പശ്ചാത്തലത്തിൽ 'സ്വാഭാവികമായ' പ്രണയ കാമനകൾക്ക് പരിചിതമല്ലാത്ത രണ്ട് പ്രണയ ജോഡികളെ പരിചയപ്പെടുത്തുന്ന ചിത്രം .
10.ക്ലോസ്നെസ്/ റഷ്യ
സംവിധാനം: കെന്റമിർ ബലഗോവ്
കെന്റമിർ ബലഗോവിന്റെ ആദ്യ ചിത്രം പറയുന്നത് പേരുപോലെ അടുപ്പത്തിന്റെ കഥയാണ്. കുടുംബത്തിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അച്ഛനെ സഹായിക്കുന്ന മകളുടെ കഥയിൽ അവർ തമ്മിലുള്ള അടുപ്പത്തിന്റെ കാഴ്ചയാണ് ഉയർന്നു നിൽക്കുന്നത്.
11.ലവ്‌ലെസ്/ റഷ്യ
സംവിധാനം: ആന്ദ്രെ സജിനിറ്റ്സോവ്
സ്നേഹമില്ലായ്മയ്ക്കിടെ നഷ്ടമാകുന്നതൊക്കെയാണ് ലവ്‌ലെസ് എന്ന റഷ്യൻ ചലച്ചിത്രത്തിന്റെ പ്രതിപാദ്യം. പ്രണയമില്ലായ്മയിൽ കഴിയുന്ന ദമ്പതികളുടെ മകന്റെ തിരോധാനമാണ് ചിത്രത്തിന്റെ ദിശാസൂചി. സ്നേഹമില്ലായ്മയുണ്ടാക്കുന്ന ആത്മീയ ദുരന്തങ്ങളെയാണ് ലവ്‌ലെസ് വരച്ചുകാട്ടുന്നത്. ലോകസിനിമാ വിഭാഗത്തിലെ വ്യത്യസ്തമായ അനുഭവമാകും ലൈംഗികതയെ യഥാതഥമായി ആവിഷ്ക്കരിക്കുന്ന ഈ ചിത്രം.
12.റീഡൗട്ടബിൾ/ഫ്രാൻസ്
സംവിധാനം: മൈക്കൽ ഹസനാവിസിയസ്
ഫ്രഞ്ച് സിനിമാ മാസ്റ്റെറോ ഴാൻ ലുക് ഗൊഗാർദിന്റെ ജീവിതം പലതവണ അഭ്രപാളികളിലെത്തിയിട്ടുണ്ട്. ആനി വയാസ്ഡമ്സ്കി എന്ന സ്ത്രീയുമായുള്ള ഗൊദാർദിന്റെ ബന്ധത്തെയാണ് ചിത്രം അനാവരണം ചെയ്യുന്നത്. ലോകം വാഴ്ത്തിയ ഫ്രഞ്ച് സംവിധായകന്റെ രാഷ്ട്രീയവും മുൻകോപിയായ വ്യക്തിത്വവും ചർച്ച ചെയ്യാൻ ശ്രമിക്കുകയാണ് റീഡൗട്ടബിൾ.

മത്സര വിഭാഗം
13.ഏദൻ/മലയാളം
സംവിധാനം: സഞ്ജു സുരേന്ദ്രൻ
മത്സരവിഭാഗത്തിൽ മലയാളത്തിന്റെ കരുത്തറിയിക്കാൻ സഞ്ജു സുരേന്ദ്രന്റെ ഫീച്ചർ സിനിമ ഏദനുമുണ്ട്. ഏദൻ എന്ന പുരാണ മിത്തിനെ നേരിട്ട് ബന്ധിപ്പിക്കുന്നില്ലെങ്കിലും ഒരു ആഗോള ഭാഷയിലൂടെ ഏദൻ പ്രേക്ഷകനോട് സംസാരിക്കും. എസ്.ഹരീഷിന്റെ മൂന്ന് കഥകളടങ്ങുന്ന ഏദൻ മനുഷ്യ ജീവിതത്തിന്റെ നേർ പരിച്ഛേദമാകുന്നു.
14.ന്യൂട്ടൺ/ഇന്ത്യ
സംവിധാനം: അമിത് മസൂർകർ
രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ ന്യൂട്ടൺ മത്സരവിഭാഗത്തിൽ ഏറെ പ്രതീക്ഷയേകുന്ന മറ്റൊരു ചിത്രം. മാവോയിസ്റ്റ് ഭീഷണികൾക്കും ആശങ്കകൾക്കുമിടയിൽ കഴിയുന്ന ഛത്തീസ്ഗഡിലെ ഒരു ഗ്രാമത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുകയാണ് കഥാനായകൻ ന്യൂട്ടൺ കുമാർ.

15.ഡാർക്ക് വിൻഡ്/ ഇറാക്ക്
സംവിധാനം: ഹുസൈൻ ഹസൻ
ഐസിസ് ഭീകരതയെ ശക്തമായി ആവിഷ്കരിക്കുന്നു കുർദിഷ് സംവിധായകൻ ഹുസൈൻ ഹസന്റെ ഡാർക്ക് വിൻഡ്. ഐസിസ് ഭീകരതയുടെ കീഴിൽ അതിജീവനത്തിന് പാടുപെടുന്ന ജൂതരുടെ കഥപറയുകയാണ് ഡാർക്ക് വിൻഡ്. ക്രൂരമായി ലൈംഗിക പീഡനത്തിനിരയായിട്ടും ജീവിത്തിലേക്ക് മടങ്ങിവരുന്ന ഒരു യുവതിയിലൂടെയാണ് കഥയുടെ മുന്നോട്ടുള്ള പോക്ക്.
16.ഗ്രെയിൻ/ തുർക്കി
സംവിധാനം: സെമി കപ്‌ലനോഗ്ലു
ദാർശനികമായ സയൻസ് ഫിക്ഷൻ - അതാണ് ഒറ്റ വാക്കിൽ ഗ്രെയിൻ. മൂന്ന് ഭൂഖണ്ഡങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ ശാസ്ത്രവും മതവും പ്രതിപാദ്യമാകുന്നു. ഇസ്ലാം മതത്തിലെ സൂഫിസവുമായി ബന്ധപ്പെട്ട ഖുറാനിലെ 29 വചനങ്ങളെ ചിത്രം ദൃശ്യവത്കരിക്കുന്നു. ചിത്രത്തിന്റെ പരിചരണത്തിൽ റഷ്യൻ ചലച്ചിത്രകാരൻ ആന്ദ്രെ തർക്കോവ്സ്കിയോട് ചേർന്നു നിൽക്കാനാണ് സെമി കപ്‌ലനോഗ്ലുവിന്റെ ശ്രമം. വ്യത്യസ്തമായ അവതരണം ഗ്രെയിനിനെ മികച്ചതാക്കുന്നു.

17.ഐ സ്റ്റിൽ ഹൈഡ് ടു സ്മോക്ക് / അൾജീരിയ
സംവിധാനം: റെയ്‌ഹാന
സ്ത്രീകൾ മാത്രം നിറയുന്ന കാൻവാസ് - അതാണ് ഐ സ്റ്റിൽ ഹൈഡ് ടു സ്മോക്കിന്റ ഓരോ ഫ്രെയിമും. ഏത് പ്രായത്തിലെയും സ്ത്രീകൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രകോപനപരവും ഭീകരവുമായ സാമൂഹികാവസ്ഥകളെ അനാവരണം ചെയ്യുകയാണ് തന്റെ ആദ്യ ചിത്രത്തിലൂടെ അൾജീരിയൻ സംവിധായിക റെ‌യ്‌ഹാന. 1990കളിലെ അൾജീരിയയിലെ മുസ്ലിം ഭരണം വീർപ്പു മുട്ടിച്ച പെൺ ജീവിതങ്ങളുടെ കഥയുടെ പ്രമേയം തന്നെയാണ് പ്രതീക്ഷയേകുന്ന ഘടകം. സംവിധായികയുടെ തന്നെ 2009ലെ നാടകമാണ് ഈ വർഷം വലിയ കാൻവാസിലെത്തിച്ചിരിക്കുന്നത്.

18.പോംഗ്രാനേറ്റ് ഓർക്കാഡ്/ അസർബൈജാനി
സംവിധാനം: ഇൽഗർ നജാഫ്
കാഴ്ചക്കാരനെ ഒരു കൈ അകലത്തിൽ നിറുത്തുന്ന ചിത്രം- അതാണ് പോംഗ്രാനേറ്റ് ഓർക്കാഡ്. അഭ്രപാളിയിലെ ദുരന്തത്തിലും സങ്കടത്തിലും കണ്ണീർ പൊഴിക്കാൻ അനുവദിക്കാതെ പ്രേക്ഷകനെ ഒരു കൈ അകലത്തിൽ നിറുത്തുന്ന കഥപറച്ചിലാണ് പോംഗ്രാനേറ്റ് ഓർക്കാഡിന്റെ പ്രത്യേകത. ആന്റൺ ചെക്കോവിന്റെ 'ദ ചെറി ഓർക്കാഡി'ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ നിർമ്മാണം.
19.വജിബ്/ പലസ്തീൻ
സംവിധാനം: അന്നേമേരി ജാസിർ
മത്സരവിഭാഗത്തിൽ പ്രതീക്ഷയേകുന്ന റോഡ് മൂവിയാണ് അറബിക് ചിത്രമായ വജിബ്. പലസ്തീന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ യാത്രയും തമാശകളും നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് വജിബ്. സ്വന്തം രാജ്യത്ത് ജീവിക്കുന്ന പൗരന്റെയും രാജ്യത്തിൽ നിന്ന് അകന്നു കഴിയുന്നവന്റെയും ജീവിതം സൂക്ഷ്മമായി ആവിഷ്കരിക്കാനാണ് വജിബിന്റെ ശ്രമം. ഒരു അച്ഛന്റെയും മകന്റെയും ജീവിതത്തിലൂടെയാണ് കഥയുടെ മുന്നോട്ടുള്ള പോക്ക്.


20.നൂഡ്/ ഇന്ത്യ
സംവിധാനം: രവി ജാദവ്
ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നിന്ന് പുറത്തായെങ്കിലും ഐ.എഫ്.എഫ്.കെയിൽ മറാത്തി ചിത്രമായ നൂഡ് എത്തിയിട്ടുണ്ട്. ഇന്ത്യൻ സിനിമ, ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രം പറയുന്നത് ഒരു നഗ്ന മോഡലിന്റെ കഥയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ