കാറുള്ളവരുടെ ഗ്യാസ് സബ്‌സിഡിക്ക് ബ്രേക്കിടും
December 7, 2017, 12:10 am
കേന്ദ്രം വാഹന രജിസ്‌ട്രേഷൻ വിവരങ്ങൾ ശേഖരിക്കുന്നു

ന്യൂഡൽഹി:സ്വന്തമായി കാറുള്ള കുടുംബങ്ങളുടെ പാചകവാതക സബ്‌സിഡി എടുത്തുകളയും. ഇതിനായി കേന്ദ്രസർക്കാർ ആർ.ടി ഓഫീസുകളിൽ നിന്ന് വാഹന രജിസ്‌ട്രേഷൻ വിവരങ്ങൾ ശേഖരിക്കുകയാണ്.
അടുത്ത വർഷം മാർച്ചോടെ എല്ലാത്തരം സബ്സിഡികളും നിറുത്തലാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
സബ്‌സിഡികൾ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന സമ്പ്രദായം നടപ്പാക്കിയതിലൂടെ സബ്സിഡിക്ക് അർഹതയില്ലാത്ത 3.6 കോടി ഗ്യാസ് കണക്‌ഷനുകൾ കണ്ടെത്തി ഒഴിവാക്കിയിരുന്നു. ഇതുവഴി 29,769 കോടി രൂപയും കേന്ദ്രസർക്കാർ ലാഭിച്ചു.
സ്വന്തമായി കാറുള്ളവരെയും ഗ്യാസ് സബ്‌സിഡിയിൽ നിന്ന് ഒഴിവാക്കുമ്പോൾ ആ ഇനത്തിലും വൻതുക ലാഭിക്കാം. രണ്ടിലേറെ കാറുള്ളവരും എൽ.പി.ജി സബ്‌സിഡി വാങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഉപഭോക്താവിന്റെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചാവും സബ്‌സിഡി എടുത്തുകളയുക. ഇതിനായി ആദായ നികുതി വകുപ്പിൽ നിന്ന് ഉപഭോക്താക്കളുടെ പാൻ, വീട്ടുവിലാസം, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ പെട്രോളിയം മന്ത്രാലയം തേടിയിട്ടുണ്ട്.
പത്തുലക്ഷം രൂപയ്‌ക്കു മുകളിൽ വാർഷിക വരുമാനമുള്ളവരുടെ എൽ.പി.ജി സബ്‌സിഡി കഴിഞ്ഞവർഷം സർക്കാർ എടുത്തുകളഞ്ഞിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലൂടെ ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള 3.16 കോടി കുടുംബങ്ങൾക്ക് ഗ്യാസ് കണക്‌ഷൻ അനുവദിച്ച് സബ്‌സിഡി നൽകുന്നുമുണ്ട്.

ഗ്യാസ് കണക്‌ഷൻ 25.11 കോടി

ഇക്കൊല്ലം നവംബർ വരെയുള്ള കണക്കിൽ 25.11 കോടി ഗാർഹിക പാചകവാതക കണകഷനുകളാണ് ഇന്ത്യയിലുള്ളത്. ഇതിൽ 12.12 കോടിയും ഇന്ത്യൻ ഓയിൽ ഉപഭോക്താക്കളാണ്. ബി.പി.സി.എല്ലിന് 6.40 കോടിയും എച്ച്.പി.സി.എല്ലിന് 6.59 കോടിയും ഉപഭോക്താക്കളുണ്ട്.

സബ്സിഡി ലാഭം 57,029 കോടി
വിവിധ സബ്‌സിഡികൾ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകിയതിലൂടെ 57,029 കോടി രൂപയാണ് മൂന്നുവർഷത്തിനിടെ കേന്ദ്രസർക്കാരിന്റെ ലാഭം. ഇതിൽ 29,769 കോടിയും അനധികൃത എൽ.പി.ജി സബ്‌സിഡി ഒഴിവാക്കിയതിന്റെ ലാഭമാണ്.

crr...166 words
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ