സെക്രട്ടേറിയറ്റിൽ ജനുവരി മുതൽ പഞ്ചിംഗ് നിർബന്ധമാക്കി
December 7, 2017, 9:44 am
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്ക് ജനുവരി ഒന്നു മുതൽ പഞ്ചിംഗ് നിർബന്ധമാക്കി കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. സമയത്തും കാലത്തും സീറ്റിൽ ഇല്ലാത്തവരുടെ ശമ്പളം പിടിക്കുമെന്നും പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവിൽ പറഞ്ഞു. ഇതോടൊപ്പം എല്ലാ ജീവനക്കാരും തിരിച്ചറിയൽ കാർഡ് ധരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി പഞ്ചിംഗിനെ ബന്ധിപ്പിക്കുക. തിരിച്ചറിയൽ കാർഡില്ലാത്തവർ 15ന് മുൻപ് അവ കൈപ്പറ്റണം.

ജീവനക്കാർ ഓഫീസിലെത്തി പഞ്ച് ചെയ്തു കഴിഞ്ഞാൽ പിന്നെ മുങ്ങുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. നിലവിൽ പഞ്ചിംഗ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത് സെക്രട്ടേറിയറ്റ് മെയിൻ കെട്ടിടത്തിലും അനക്സ് ഒന്നിലുമാണ്. അനക്സ് രണ്ടിലുള്ളവർ രാവിലെ 10.15 നകം മെയിൻ കെട്ടിടത്തിലോ, അനക്സ് ഒന്നിലോ പഞ്ചിംഗ് നടത്തി സ്വന്തം കാര്യത്തിനായി പോകുന്നുവെന്നാണ് ആക്ഷേപം. പിന്നെ ഓഫീസിലെത്തുന്നത് തോന്നിയ നേരത്താണ്. പഞ്ചിംഗിൽ കൃത്യസമയം പാലിച്ചിരിക്കുന്നതിനാൽ ആർക്കുമൊട്ട് ചോദിക്കാനുമാവില്ല. അനക്സ് രണ്ടിൽ കാന്റീൻ സൗകര്യമില്ലാത്തതിനാൽ ചായ കുടിക്കാനും ഊണ് കഴിക്കാനുമെല്ലാം പുറത്തേക്ക് പോകുന്നവരും തിരിച്ചെത്തുന്നത് തോന്നുംപടിയാണ്.

എം.എം. മണി, സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, കെ. രാജു എന്നീ മന്ത്രിമാരുടെ ഓഫീസുകൾ ഇവിടെയാണ്. ആരോഗ്യം, പൊതു വിദ്യാഭ്യാസം, റവന്യൂ, ഉന്നത വിദ്യാഭ്യാസം, കൃഷി, വനം എന്നീ വകുപ്പുകളുടെ ഓഫീസുകളും പ്രവർത്തിക്കുന്നു. ഓഫീസുകൾ ഇവിടെയാണെങ്കിലും വകുപ്പ് സെക്രട്ടറിമാരിൽ അധികവും ഇരിക്കുന്നത് സെക്രട്ടേറിയറ്റിലെ പ്രധാന കെട്ടിടത്തിലാണ്. അതും ജീവനക്കാർക്ക് മുങ്ങാൻ സൗകര്യമായി. 2016 മാർച്ചിൽ തുടങ്ങിയ അനക്സ് രണ്ടിൽ 1250 ജീവനക്കാരാണുള്ളത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ