പാലസ്‌തീൻ വിഷയത്തിൽ നിലപാട് സ്വതന്ത്രമെന്ന് അമേരിക്കയ്‌ക്ക് ഇന്ത്യയുടെ മറുപടി
December 7, 2017, 12:23 pm
ന്യൂഡൽഹി: വിഷയത്തിൽ തങ്ങളുടെ നിലപാട് സ്വതന്ത്രമാണെന്ന് അമേരിക്കയ്‌ക്ക് ഇന്ത്യയുടെ മറുപടി. ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്‌താവനയെ തുടർന്നാണ് ഇന്ത്യയുടെ മറുപടി.

'പാലസ്‌തീനുമായുള്ള ബന്ധം ഇന്ത്യയുടെ സ്വകാര്യതയുടെ ഭാഗമാണ്. ഞങ്ങളുടെ കാഴ്‌ചപ്പാടിന്റെ താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന ഇന്ത്യ- പലസ്‌തീൻ വിഷയത്തിൽ മൂന്നാമതൊരാൾ ഇടപടേണ്ട കാര്യമില്ല'- ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു.

നേരത്തെ പാലസ്‌തീൻ വിഷയത്തിൽ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഇന്ത്യ സന്ദർശിച്ചപ്പോൾ, സ്വതന്ത്ര പാലസ്‌തീനീനായി ഇന്ത്യയുടെ പിന്തുണ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹമൂദ് അബ്ബാസിനെ അറിയിച്ചിരുന്നു.

ഇന്നലെ വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിലായിരുന്നു ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായുള്ള ട്രംപിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി ടെൽ അവീവിലെ യു.എസ് സ്ഥാനപതി കാര്യാലയം ജറുസലേമിലേക്ക് മാറ്റാൻ നടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 70 വർഷമായി തുടർന്നിരുന്ന വിദേശ നയത്തെയാണ് ഇതോട് കൂടി ട്രംപ് പൊളിച്ചെഴുതിയത്.

ഇസ്ളാം, ക്രിസ്ത്യൻ, ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമാണ് ജറുസലേം. നഗരത്തിന്റെ പദവി സംബന്ധിച്ച് ഇസ്രായേലും പാലസ്‌തീനും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. ഇസ്രായേൽ -പാലസ്‌തീൻ വിഷയത്തിൽ അമേരിക്ക സ്വീകരിച്ചുവന്ന നിലപാടുകൾക്ക് വിരുദ്ധമാണ് ട്രംപിന്റെ നടപടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത ആളിക്കത്തിക്കാനേ ഇത് ഉപകരിക്കൂവെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ജറുസലേമിനെ ഇസ്രായേൽ തലസ്ഥാനമാക്കുന്നത് മേഖലയുടെ സമാധാനം തകർക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ