അയ്യപ്പ സംഘത്തിന്റെ പക്കൽ വെടിയുണ്ട, നാല് പേർ കസ്റ്റഡിയിൽ
December 7, 2017, 12:42 pm
കോട്ടയം: ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികദിനമായ ഇന്നലെ ശബരിമലയിലേക്ക് പോയ സംഘത്തിന്റെ കൈയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. സംസ്ഥാനം മുഴുവൻ കനത്ത സുരക്ഷ ഏർപ്പെടുത്തിയതിന്റെ ഭാഗമായി ഇന്നലെ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് എയർഗണ്ണിൽ ഉപയോഗിക്കുന്ന വെടിയുണ്ട (പെല്ലറ്റ്) കണ്ടെത്തിയത്. മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഈരാറ്റുപേട്ട പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പാലക്കാട് സ്വദേശികളാണ് തങ്ങളെന്നും ഹോട്ടൽ ജീവനക്കാരാണെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. മുഹമ്മദ് നസീഫ്, അഖിൽ, അജിത് ശങ്കർ, ശങ്കർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് സി.ഐ., സി.ജി.സനൽകുമാർ പറഞ്ഞു.

ബൈക്കുകളിലെത്തിയ ഇവരെ ഈരാറ്റുപേട്ടയ്ക്കടുത്ത് കുളത്തൂക്കടവ് ഭാഗത്തുവച്ച് വാഹനപരിശോധനയ്ക്കായി മേലുകാവ് പൊലീസ് കൈകാണിച്ചെങ്കിലും നിറുത്തിയില്ല. ആദ്യംപോയ ബൈക്ക് നിറുത്താതെ അതിവേഗം പാഞ്ഞുപോയി. ഇതോടെ പൊലീസ് ബൈക്കിന് പിന്നാലെ പാഞ്ഞു. പിറകെയെത്തിയ രണ്ട് ബൈക്കുകൾ പൊലീസ് ജീപ്പിനെ മറികടന്ന് മാർഗതടസം സൃഷ്ടിച്ച് മുന്നോട്ടു പോയി. ഇതോടെ പൊലീസിന് പന്തികേട് തോന്നി. മേലുകാവ് പൊലീസ് ഈരാറ്റുപേട്ട പൊലീസിൽ വിവരമറിയിച്ചു. ഇതോടെ റോഡിൽ കുളത്തൂക്കടവിൽ റോഡിൽ മാർഗതടസം സൃഷ്ടിച്ച് മൂന്നു ബൈക്കുകളും ആറ് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുന്നിൽപോയ ബൈക്കിന് രേഖകൾ ഇല്ലാതിരുന്നതിനാലാണ് നിറുത്താതെ പോയതെന്നാണ് യുവാക്കൾ പൊലീസിനോട് പറഞ്ഞത്. കൂടാതെ ഇവരെ പിടികൂടിയാൽ ശബരിമല യാത്ര മുടങ്ങുമെന്നും പറഞ്ഞു. അതിനാലാണ് പൊലീസ് വാഹനത്തിന് തടസം സൃഷ്ടിച്ച് ആദ്യ ബൈക്കുകാരനെ രക്ഷിക്കാൻ ശ്രമിച്ചതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. പെല്ലറ്റ് കോയമ്പത്തൂരിൽ നിന്ന് വാങ്ങിയതാണെന്നും ബാഗ് എടുത്തപ്പോൾ അത് മാറ്റിവയ്ക്കുവാൻ മറന്നതാണെന്നുമാണ് ഇവർ പൊലീസിനോട് പറയുന്നത്. എന്നാൽ ഇതൊന്നും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ