ഒറ്റനോട്ടത്തിൽ: രമേശ് ചെന്നിത്തല, മൂന്നാർ, സ്പീക്കർ, പി.വി.അൻവർ, ജെ.ഡി.യു, ഗുജറാത്ത്
December 7, 2017, 4:02 pm

1. ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാർ പരാജയമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നറിയിപ്പുകൾ സർക്കാർ കെട്ടിവച്ചു. പുറത്ത് പറയാൻ പറ്റാത്ത ന്യായങ്ങളാണ് ചീഫ് സെക്രട്ടറി പറയുന്നത്. വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രിയുടെ അവസ്ഥ പരിതാപകരം ആയിരുന്നുവെന്ന് പ്രതിപക്ഷ നേതാവിന്റെ പരിഹാസം.

2. കാണാതായ മത്സ്യത്തൊഴിലാളികളുടെ എണ്ണം സർക്കാർ 96 ആക്കി. 200 ൽ അധികം മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ ഉണ്ടെന്നാണ് ലത്തീൻ സഭ പറയുന്നത്. കാണാതായവരുടേയും മരിച്ചവരുടെയും ആശ്രിതർക്ക് സർക്കാർ ജോലിയും വീടും നൽകണമെന്നും രമേശ് ചെന്നിത്തല. അതിനിടെ, കൊച്ചി ചെല്ലാനത്ത് മത്സ്യത്തൊഴിലാളികൾ നിരാഹാര സമരം തുടരും. സമരം തുടരുന്നത്, കടൽഭിത്തി നിർമ്മാണം സംബന്ധിച്ച് കളക്ടർ വിളിച്ച യോഗത്തിൽ അന്തിമ തീരുമാനം ആകാത്തതിനാൽ.

3. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ തുടക്കം മുതൽ പരാജയമെന്ന ആരോപണവുമായി വീണ്ടും ലത്തീൻ സഭ. ഈ രീതിയിൽ മുന്നോട്ടുപോയാൽ പ്രക്ഷോഭം ഉണ്ടാകുമെന്നും മത്സ്യത്തൊഴിലാളികളുടെ വികാരത്തെ അധികനാൾ തണുപ്പിച്ച് നിർത്താൻ ആകില്ലെന്നും ലത്തീൻ സഭ. സർക്കാരിന് പറ്റില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തിരച്ചിൽ നടത്തും എന്നും പ്രഖ്യാപനം.

4. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങളിൽ സി.പി.എമ്മിന് എതിരെ നിയമപ്പോരിന് ഒരുങ്ങി സി.പി.ഐ. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ഹരിത ട്രൈബ്യൂണലിൽ ഹർജി. പാർട്ടി എക്‌സിക്യൂട്ടീവ് അംഗം പി. പ്രസാദ് നൽകിയ അപേക്ഷയിൽ അതീവ പരിസ്ഥിതി ദുർബല മേഖല നിലനിർത്തണം എന്ന് ആവശ്യം. കേന്ദ്ര, സംസ്ഥാന സർക്കാരുകളാണ് ഹർജിയിൽ എതിർ കക്ഷികൾ. ഹർജി ജനുവരി 12ന് ചെന്നൈ ഹരിത ട്രൈബ്യൂണൽ പരിഗണിക്കും.

5. മൂന്നാറിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ രാഷ്ട്രീയ ഇച്ഛാശക്തി ഇല്ല. കയ്യേറ്റക്കാർ മൂന്നാറിനെ നശിപ്പിക്കുകയാണ്. മേഖലയിൽ വനം പരിസ്ഥിതി നിയമങ്ങൾ കർശനമായി നടപ്പാക്കണം എന്നും കയ്യേറ്റത്തിന് പിന്നിൽ ഉന്നതർ എന്നും ഹർജിയിൽ ആരോപണം. സി.പി.ഐയുടെ പുതിയ നീക്കം ഇടതുമുന്നണിയിൽ പൊട്ടിത്തെറിക്ക് വഴിവയ്ക്കും എന്ന് ഉറപ്പ്.

6. അതേസമയം, സി.പി.ഐ ഹർജിക്ക് എതിരെ രൂക്ഷ വിമർശനവുമായി ദേവീകുളം എം.എൽ.എ എസ്.രാജേന്ദ്രൻ. ഹർജിക്ക് പിന്നിൽ മൂന്നാർ എന്തെന്ന് അറിയാത്തവർ എന്ന് ആരോപണം. കുടയേറ്റക്കാർ ഒഴിഞ്ഞു പോകണം എന്നു പറയാൻ ഇവർക്ക് എന്ത് ധൈര്യമാണ് ഉള്ളതെന്നും എം.എൽ.എയുടെ ചോദ്യം. മൂന്നാർ സംരക്ഷണം ആവശ്യപ്പെട്ട ഹർജി സി.പി.ഐ തീരുമാനപ്രകാരം എന്ന് വി.പ്രസാദ്. നടപ്പാക്കിയത് രാഷ്ട്രീയ പാർട്ടിയുടെ കടമ എന്ന് കാനം രാജേന്ദ്രൻ.

7. പരിസ്ഥിതി നിയമങ്ങളെ കാറ്റിൽ പറത്തി വിവാദപാർക്ക് നിർമ്മിച്ചതിൽ ആരോപണം നേരിടുന്ന പി.വി.അൻവർ എം.എൽ.എയോട് വിശദീകരണം തേടാൻ ഒരുങ്ങി സ്പീക്കർ. നടപടി, ആരോപണ വധേയനായ എം.എൽ.എ നിയമസഭാ പരിസ്ഥിതി അംഗമായി തുടരുന്നത് സംബന്ധിച്ച്. പി. ശ്രീരാമകൃഷ്ണൻ വിശദീകരണം തേടുക, കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ നൽകിയ പരാതിയിൽ.

8. അൻവറിന് എതിരെ ഉന്നയിച്ചിരിക്കുന്നത്, നിയമം ലംഘിച്ച് പുഴയുടെ ഒഴുക്ക് തടഞ്ഞു, അധിക ഭൂമി കൈവശം വച്ചിരിക്കുന്നു എന്നീ ആരോപണങ്ങൾ. മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ ചെയർമാനായ പരിസ്ഥിതി സമിതിയിൽ പി.വി.അൻവർ ഉൾപ്പെടെ ഉള്ളത് ഏഴ് എം.എൽ.എമാർ. പാരിസ്ഥിതിക വിഷയങ്ങൾ പഠിക്കാനും റപ്പോർട്ട് നൽകാനുമായി നിയമസഭ രൂപീകരിച്ചതാണ് ഈ സമിതിയെ.

9. അതിനിടെ, അൻവറിന് കുരുക്കായി പുതിയ ആരോപണവും, ചീങ്കണ്ണിപ്പാറയിൽ തടയണ നിർമ്മിച്ചത് പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ എന്ന് കണ്ടെത്തൽ. ആർ.ഡി.ഒയ്ക്ക് സമർപ്പിച്ച റപ്പോർട്ടിൽ തടയണ നിർമ്മിച്ചത് കോൺക്രീറ്റും കല്ലും ഉപയോഗിച്ച് എന്ന് പഞ്ചായത്ത് സെക്രട്ടറി. ക്രമക്കേട് കണ്ടെത്തിയ ജില്ലാകളക്ടർ അത് പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിട്ടും അധികൃതർ അതിനെ ബോധപൂർവം വൈകിച്ചെന്നും കണ്ടെത്തൽ.

10. ഇടതുമുന്നണിയലേക്ക് എന്ന് വീരേന്ദ്രകുമാർ വ്യക്തമാക്കിയതോടെ അനുനയ നീക്കങ്ങൾ സജീവമാക്കി യു.ഡി.എഫ്. വീരേന്ദ്രകുമാറുമായി അടുത്ത ദിവസം തന്നെ ചർച്ചയ്ക്ക് ഒരുങ്ങി പി.കെ.കുഞ്ഞാലിക്കുട്ടി. ലീഗ് നേതാവിനെ രംഗത്ത് ഇറക്കിയുള്ള യു.ഡി.എഫ് നീക്കം, ഉമ്മൻചാണ്ടിയുടെ നിർദ്ദേശപ്രകാരം ജെ.ഡി.യു കോഴക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനുമായും കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.പി മോഹനനുമായും നടത്തിയ ഫോൺചർച്ചയുടെ അടിസ്ഥാനത്തിൽ.

11. ജെ.ഡി.യു സംസ്ഥാന സമിതി യോഗം നടക്കുന്ന 17ന് മുൻപ് ചർച്ച നടക്കുക കോഴക്കോട്ട് വച്ച് എന്ന് സൂചന. വയനാട് ലോക്‌സഭാ മണ്ഡലം ശ്രേയംസ് കുമാറിന് വിട്ടുനൽകും എന്ന് കുഞ്ഞാലിക്കുട്ടി വീരേന്ദ്രകുമാറിന് ഉറപ്പ് നൽകും. ഒപ്പം യു.ഡി.എഫിൽ നേരിടുന്ന പ്രശ്‌നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണും എന്ന വാഗ്ദാനവും വീരന് നൽകയേക്കും.

12. കുഞ്ഞാലിക്കുട്ടി നടത്തുന്ന ചർച്ചയിൽ വീരൻ അനുനയപ്പെടുന്നു എങ്കിൽ രണ്ടാം ഘട്ട ചർച്ചയ്ക്ക് എത്തുക, ഉമ്മൻചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ. സ്വന്തം പാർട്ടിയിലെ മുഴുവൻ നേതാക്കളേയും ഒപ്പം നിർത്താൻ വീരേന്ദ്രകുമാർ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിൽ യു.ഡി.എഫ് നേതാക്കളുടെ ശ്രമം ഈ സാഹചര്യത്തെ മുതലെടുക്കാൻ.

13. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ അഭിപ്രായ വോട്ടെടുപ്പുകൾ ബി.ജെ.പിക്കും കോൺഗ്രസിനും തുല്യ മുൻതൂക്കം പ്രവചിക്കെ, ഒന്നാംഘട്ട പ്രചരണത്തിന് ഇന്ന് സമാപനം. 182 അംഗ നിയമസഭയലേക്ക് മറ്റന്നാൾ വോട്ടടെുപ്പ് നടക്കുന്നത് സൗരാഷ്ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് മേഖലകളിലെ 89 മണ്ഡലങ്ങളലേക്ക്. ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത് 1700 സ്ഥാനാർത്ഥികൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ