മോദിയെ തരംതാഴ്‌ന്നവനെന്ന് വിളിച്ച കോൺഗ്രസ് നേതാവ് മാപ്പുപറയണമെന്ന് രാഹുൽ
December 7, 2017, 6:42 pm
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരംതാഴ്‌ന്നവനെന്ന് വിളിച്ച കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ മാപ്പുപറയണമെന്ന് പാർട്ടി ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തിര‌ഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ മണിശങ്കർ അയ്യറുടെ പരാമർശം തിരിച്ചടിയാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് രാഹുലിന്റെ പ്രസ്‌താവന.

രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യാൻ മണിശങ്കർ അയ്യർ ഉപയോഗിച്ച വാക്കുകളും സംഭാഷണ രീതിയും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് രാഹുൽ പ്രതികരിച്ചു. ബി.ജെ.പിയും പ്രധാനമന്ത്രിയും കോൺഗ്രസിനെതിരെ മോഷമായ ഭാഷ ഉപയോഗിക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായ സംസ്‌ക്കാരമാണ് കോൺഗ്രസിനുള്ളത്. ഈ വിഷയത്തിൽ അദ്ദേഹം മാപ്പുപറയണമെന്നാണ് താനും പാർട്ടിയും ആഗ്രഹിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

ബി.ആർ. അംബേ‌ദ്കറുടെ പേരിലുള്ള സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മണിശങ്കർ അയ്യർ മോദിക്കെതിരെ വിമർശനമുന്നയിച്ചത്. മോദി തരംതാഴ്ന്ന, സംസ്‌കാരമില്ലാത്ത വ്യക്തിയാണ്. ഈ സമയത്ത് എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് - എന്നായിരുന്നു മണിശങ്കർ അയ്യരുടെ പ്രസ്താവന.

അതേസമയം, പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി നരേന്ദ്ര മോദി രംഗത്ത് വന്നു. കോൺഗ്രസുകാർ തന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നു. എന്നാൽ നമ്മൾ പ്രതികരിക്കേണ്ടതില്ല. അത്തരമൊരു മന:സ്ഥിതി ബി.ജെ.പിക്കാർക്കില്ല. ഡിസംബർ ഒമ്പതിനും 14 നും നടക്കുന്ന വോട്ടെടുപ്പിലൂടെ കോൺഗ്രസുകാരോട് ഇതിന് തങ്ങൾ മറുപടി നൽകുമെന്നും മോദി പറഞ്ഞു.തരംതാഴ്ന്നവനെന്ന് അവഹേളിക്കാനുള്ള കോൺഗ്രസിന്റെ മന:സ്ഥിതിയെ അഭിനന്ദിക്കുന്നു. നിങ്ങൾ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും എന്നെ കണ്ടിട്ടുണ്ട്. ഞാൻ എന്തെങ്കിലും നാണം കെട്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ അവർ എന്തിനാണ് എന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നത് - മോദി ചോദിച്ചു. മുൻകാലങ്ങളിൽ പല കോൺഗ്രസ് നേതാക്കളും തന്നെ അധിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും താൻ കാര്യമായി എടുത്തിട്ടില്ല. കോൺഗ്രസിന്റെ ഫ്യൂഡൽ ചിന്താഗതിക്ക് ഗുജറാത്തിലെ ജനങ്ങൾ മറുപടി നൽകുമെന്നും മോദി കൂട്ടിച്ചേർത്തു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ