ഒറ്റനോട്ടത്തിൽ: ആധാർ സമയപരിധി നീട്ടി, പി.വി.അൻവർ, നീലക്കുറിഞ്ഞി
December 7, 2017, 8:01 pm

1. സർക്കാരിന്റെ വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് അവ ആധാറുമായി ബന്ധിപ്പിക്കേണ്ടതിന്റെ സമയ പരിധി നീട്ടി കേന്ദ്രസർക്കാർ. സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കാൻ 2018 മാർച്ച് 31വരെ അവസരം എന്ന് സുപ്രീംകോടതിയിൽ കേന്ദ്രം. എന്നാൽ പരിധി നീട്ടിയത് ഇതുവരെ ആധാർ കാർഡ് എടുക്കാത്തവർക്കു മാത്രം എന്നും ഇതു സംബന്ധിച്ച വിജ്ഞാപനം നാളെ പുറത്തിറക്കും എന്നും അറ്റോർണി ജനറൽ

2. നിലവിൽ ആധാർ നമ്പർ ഉള്ളവർ വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാകാൻ ഈ മാസം 31 നകം നിർബന്ധമായും ബന്ധിപ്പിച്ചിരിക്കണം. അല്ലാത്ത പക്ഷം അവർക്ക് യാതൊരു സേവനങ്ങളും ലഭിക്കില്ലെന്നും സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച് ഇനി ഉത്തരവുകൾ ഉണ്ടാകില്ലെന്നും അറ്റോർണി ജനറൽ

3. എന്നാൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം നീട്ടി നൽകില്ലെന്ന് സൂചന. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി ആറ്.

4. ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനം, അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി എന്നി വിഷയങ്ങളിൽ വീണ്ടും നിലപാടുമായി മന്ത്രി എം.എം. മണി. അതിരപ്പിള്ളി പദ്ധതിയെ എതിർക്കുന്നത് സി.പി.ഐ മാത്രം. പദ്ധതി നടപ്പാക്കണം എന്നാണ് തന്റെയും പാർട്ടിയുടേയും അഭിപ്രായമെന്നും മന്ത്രി. ഇത് സംബന്ധിച്ച് യോജിച്ച തീരുമാനം എടുക്കുമെന്നും മണി.

5. ഇടുക്കി നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുന്നിന് ഒപ്പം കർഷകരുടെ പ്രശ്നങ്ങളും പരിഹരിക്കണം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈമാസം 11, 12 തീയതികളിൽ കുറിഞ്ഞി ഉദ്യാനം സന്ദർശിച്ച ശേഷം തീരുമാനം എടുക്കുമെന്നും എം.എം. മണി. നേത്തേ, കുറിഞ്ഞി ഉദ്യാനം സന്ദർശിക്കാൻ പ്രത്യേകം ഉപസമിതി രൂപീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സന്ദർശനത്തിന് മന്ത്രിതല സംഘം മാത്രമെന്ന് സൂചന.

6. പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി വിവാദ പാർക്ക് നിർമ്മിച്ചതിൽ ആരോപണം നേരിടുന്ന പി.വി.അൻവർ എം.എൽ.എയോട് വിശദീകരണം തേടാൻ ഒരുങ്ങി സ്പീക്കർ. നടപടി, ആരോപണ വിധേയനായ എം.എൽ.എ നിയമസഭാ പരിസ്ഥിതി കമ്മിറ്റി അംഗമായി തുടരുന്ന സാഹചര്യത്തിൽ. പി. ശ്രീരാമകൃഷ്ണൻ വിശദീകരണം തേടുക, കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ നൽകിയ പരാതിയിൽ

7. അൻവറിന് എതിരെ ഉന്നയിച്ചിരിക്കുന്നത്, നിയമം ലംഘിച്ച് പുഴയുടെ ഒഴുക്ക് തടഞ്ഞെന്നും, അധിക ഭൂമി കൈവശം വച്ചെന്നുമുള്ള ആരോപണങ്ങൾ. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ അധ്യക്ഷനായ പരിസ്ഥിതി സമിതിയിൽ പി.വി.അൻവർ ഉൾപ്പെടെ ഉള്ളത് ഏഴ് എം.എൽ.എമാർ. പാരിസ്ഥിതിക വിഷയങ്ങൾ പഠിക്കാനും റിപ്പോർട്ട് നൽകാനുമായി രൂപീകരിക്കപ്പെട്ടതാണ് സമിതി

8. അതിനിടെ, അൻവറിനു കുരുക്കായി പുതിയ ആരോപണവും. ചീങ്കണ്ണിപ്പാറയിൽ തടയണ നിർമ്മിച്ചത് പഞ്ചായത്ത് അനുമതി ഇല്ലാതെ എന്ന് കണ്ടെത്തൽ. ആർ.ഡി.ഒയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ തടയണ നിർമ്മിച്ചത് കോൺക്രീറ്റും കല്ലും ഉപയോഗിച്ചെന്ന് പഞ്ചായത്ത് സെക്രട്ടറി. ക്രമക്കേട് കണ്ടെത്തിയ ജില്ലാ കളക്ടർ അത് പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിട്ടും അധികൃതർ ബോധപൂർവം വൈകിച്ചെന്നും കണ്ടെത്തൽ

9. ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാർ പരാജയമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നറിയിപ്പുകൾ സർക്കാർ അവഗണിച്ചതിന് ചീഫ് സെക്രട്ടറി ആവർത്തിക്കുന്നത് പുറത്തു പറയാൻ പറ്റാത്ത ന്യായങ്ങൾ. വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രിയുടെ അവസ്ഥ പരിതാപകരം ആയിരുന്നു എന്നും പ്രതിപക്ഷ നേതാവിന്റെ പരിഹാസം.

10. കാണാതായ മത്സ്യ തൊഴിലാളികളുടെ എണ്ണം സർക്കാർ 96 ആക്കിയപ്പോൾ 200 ൽ അധികം പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് ലത്തീൻ സഭ പറയുന്നത്. കാണാതായവരുടേയും മരിച്ചവരുടെയും ആശ്രിതർക്ക് സർക്കാർ ജോലിയും വീടും നൽകണമെന്നും രമേശ് ചെന്നിത്തല. അതിനിടെ, കൊച്ചി ചെല്ലാനത്ത് നിരാഹാരം തുടരാൻ മത്സ്യ തൊഴിലാളികൾ. സമരം തുടരുന്നത്, കടൽഭിത്തി നിർമ്മാണം സംബന്ധിച്ച് കളക്ടർ വിളിച്ച യോഗത്തിൽ അന്തിമ തീരുമാനം ആകാത്തതിനാൽ.

11. ഓഖി ദുരിത ബാധിത മേഖലകൾ സന്ദർശിക്കാൻ നിയുക്ത കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എത്തുമെന്ന് അറിയിപ്പ്. ഈമാസം 14ന് വിഴിഞ്ഞം, പൂന്തുറ മേഖലകൾ സന്ദർശിക്കുന്ന രാഹുൽ പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനത്തിലും പങ്കെടുക്കും.

12. ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കൻ നടപടിയിൽ കടുത്ത പ്രതിഷേധവുമായി ലോകരാജ്യങ്ങൾ. പലസ്തീന്റെ കാര്യത്തിൽ തങ്ങൾക്ക് വ്യക്തവും സ്ഥിരത ഉള്ളതുമായ നിലപാടുണ്ടെന്നു വ്യക്തമാക്കി ഇന്ത്യ. അതിനിടെ, സ്ഥിതിഗതികൾ വിലയിരുത്താൻ ഈജിപ്തിലെ കെയ്‌റോയിൽ അറബ് ലീഗിന്റെ അടിയന്തര യോഗത്തിന് ജോർദ്ദാനും പലസ്തീനും

13. പശ്ചിമേഷ്യയിൽ പുതിയ സംഘർഷങ്ങൾക്കു കളമൊരുക്കുന്ന യു.എസ് പ്രഖ്യാപനം ഇന്നലെ വൈകിട്ട് വൈറ്റ് ഹൗസിൽ. ടെൽ അവീവിലെ അമേരിക്കൻ നയതന്ത്ര കാര്യാലയം ജറുസലേമിലേക്കു മാറ്റിയും ട്രംപിന്റെ പ്രകോപനം. ഇസ്രയേലും പലസ്തീനും തലസ്ഥാന നഗരമെന്ന് ഒരുപോലെ അവകാശപ്പെടുന്ന ജറുസലേമിൽ നയതന്ത്ര കാര്യാലയം തുറക്കുന്ന ആദ്യ രാജ്യമാണ് അമേരിക്ക

14. സിറിയ, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളുമായുള്ള യുദ്ധത്തിൽ ഇസ്രയേൽ കിഴക്കൻ ജറുസലേം കൈയടക്കിയത് 1967ൽ. കിഴക്കും പടിഞ്ഞാറും ജറുസലേമുകൾ ചേർന്ന ഐക്യ ജറുസലേം തലസ്ഥാനമെന്ന അവകാശം ഉന്നയിച്ച് അന്നു മുതൽ ഇസ്രയേൽ. അതേസമയം, സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമായി പലസ്തീൻകാർ വിഭാവനം ചെയ്യുന്നതും കിഴക്കൻ ജറുസലേം തന്നെ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ