വൈറസ് പഠനത്തിൽ വഴിത്തിരിവാകും
December 6, 2017, 12:05 am
വി.എസ്.രാജേഷ്
വിവാദങ്ങൾ വലിയതോതിൽ കൃഷി ചെയ്യപ്പെടുന്ന നാടാണ് കേരളം.ചെറുതും വലുതും, കാരണമുള്ളതും കാരണമില്ലാത്തതുമായ ഒട്ടേറെ വിവാദങ്ങൾ.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ അധികാരത്തിൽ വന്നിട്ട് രണ്ടു വർഷം തികയാൻ ഇനി ഏതാനും മാസങ്ങൾ മാത്രമേ ബാക്കിയുള്ളു.വിവാദങ്ങൾക്ക് ഒരു പഞ്ഞവുമില്ല.വിവാദങ്ങൾ പലതും അധികാര കേന്ദ്രത്തിന്റെ വീഴ്ച,പിടിവാശി,ചെറിയ കാര്യങ്ങളിലെ മർക്കട മുഷ്ടിയോയൊക്കെ കൊണ്ടാകാം.പക്ഷേ അവ ഏറ്റുപിടിച്ച് കൊടുങ്കാറ്റാക്കുന്ന ഒരു സംസ്ക്കാരം ഇവിടെ നിലനിൽക്കുന്നു.ഈ വിവാദങ്ങൾക്കിടയിൽ നാടിന്റെ ഭാവിക്കു ഗുണകരമാകുന്ന വലിയ കാര്യങ്ങൾ നിശബ്ദമായി ഇവിടെ നടക്കുന്നുണ്ട്.മുഖ്യമന്ത്രി നേരിട്ടു മുൻകൈയ്യെടുക്കുന്ന പദ്ധതികൾ.അത്തരത്തിൽ ലോകനിലവാരത്തിലുള്ള ഒരു സംരഭമാണ് തിരുവനന്തപുരത്ത് തോന്നയ്ക്കലിൽ അടുത്ത വർഷം പ്രവർത്തനം ആരംഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി(ഐ.എ.വി).
വൈറസ് ഗവേഷണ രംഗത്തെ ആഗോള സംഘടനയായ ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ സീനിയർ ഉപദേഷ്ടാവും അമേരിക്കയിലെ തോമസ് ജെഫേഴ്സൺ സർവകലാശാലയിലെ ഓങ്കോളജി പ്രൊഫസറും ഇന്റർനാഷണൽ നെറ്റ് വർക്ക് ഫോർ കാൻസർ ട്രീറ്റ്മെന്റ് ആൻഡ് റിസർച്ചിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ ഡോ.എം.വി.പിള്ള ഈ സംരഭത്തിന്റെ ബീജാവാപകരിൽ ഒരാളാണ്. ഐ.എ.വിയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കേരളകൗമുദിയുമായി സംസാരിച്ചു.പ്രസക്തഭാഗങ്ങളിൽ നിന്ന്:-
വൈറോളജി ഗവേഷണ കേന്ദ്രം കൊണ്ട് എന്താണ് ലക്ഷ്യമിടുന്നത്?
നമ്മൾക്കിപ്പോൾ ആലപ്പുഴയിലും കാസർകോഡും ചില മെഡിക്കൽ കോളേജുകളിലും വൈറോളജി ലാബുകളുണ്ട്.പക്ഷേ അതെല്ലാം പരിമിതമായ സൗകര്യങ്ങൾ ഉള്ളതാണ്. എന്നാൽ ഐ.എ.വി യിലൂടെ ലോക നിലവാരത്തിലുള്ള ഏറ്റവും മികച്ച വൈറോളജി ഗവേഷണ കേന്ദ്രം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.ലോകത്തെ വിവിധരാജ്യങ്ങളിലെ സെന്റർ ഓഫ് എക്സലൻസായ 40 വൈറോളജി ഗവേഷണ കേന്ദ്രങ്ങളുമായി ഇതിനെ ഒരുമിപ്പിക്കും.ഗ്ളോബൽ വൈറസ് നെറ്റ് വർക്കിന്റെ ശിൽപ്പിയായ ഡോ.റോബർട്ട് ചാൾസ് ഗാലോ യുടെ സഹകരണം ഇതിനോടകം ലഭിച്ചിട്ടുണ്ട്.നെറ്റ് വർക്കിന്റെ സീനിയർ ഉപദേഷ്ടാക്കളായ ശാരംങ്ഗധരനും ഞാനും ഇതിനെല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.ഇടയ്ക്കു പറഞ്ഞോട്ടെ ഈ റോബർട്ട് ഗാലോ എച്ച് .ഐ.വി വൈറസ് കണ്ടുപിടിച്ച വലിയ ശാസ്ത്രജ്ഞനാണ്.കണ്ണൂർ സ്വദേശിയായ ശാരംങ്ഗധരൻ അദ്ദേഹത്തിന്റെ വലം കൈയ്യാണ്.ഗാലോയ്ക്ക് ഞങ്ങളോട് വലിയ അടുപ്പവും താത്പ്പര്യവുമാണ്.അദ്ദേഹം വലിയ രീതിയിൽ അറിയപ്പെടുന്നതിനു മുമ്പേ ഇന്ത്യയിൽ ബിർളാ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നൽകി ആദരിച്ചു.ഇന്ത്യയോട് വലിയ ആരാധനയുള്ള മനുഷ്യനാണ്.ഇന്ത്യയിൽ ഗ്ളോബൽ വൈറസ് നെറ്റ്വർക്കിന്റെ സഹകരണത്തോടെ വൈറോളജി ഇൻസ് റ്റിറ്റൂട്ട് എവിടെ തുടങ്ങണമെന്ന് ആലോചിക്കാൻ അദ്ദേഹം ഞങ്ങളോട് പറയുകയായിരുന്നു. അങ്ങനെ കേരളത്തിലേക്കു കൊണ്ടുവരാനുള്ള ദീർഘകാലശ്രമമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്.
ഐ.എ.വി എന്ന് പ്രവർത്തിച്ചു തുടങ്ങും.?
2018 ജൂലായ് മാസം പ്രവർത്തനം ആരംഭിക്കും.കെ.എസ്.ഐ.ഡി.സിയുടെ തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ 25 ഏക്കർ സ്ഥലം അനുവദിച്ചിട്ടുണ്ട്.കെട്ടിട നിർമ്മാണത്തിനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.അഞ്ച് ലക്ഷ്യങ്ങളാണ് ഐ.എ.വിയ്ക്കുള്ളത്.
1.ഏറ്റവും മികച്ച വൈറോളജി ലാബ് സംവിധാനം ഉണ്ടാക്കുക.ഏത് വൈറസിനെക്കുറിച്ച് സംശയം ഉണ്ടായാലും 48 മണിക്കൂറിനുള്ളിൽ അത് കണ്ടെത്താനുള്ള പഠനം ഇവിടെ നടത്താനാകും.ലോകത്ത് എവിടെയെങ്കിലും പുതിയതരം വൈറസ് കണ്ടെത്തിയാൽ അതേക്കുറിച്ച് ഗവേഷണം നടത്താനും അലർട്ട് ചെയ്യാനും ഈ ലാബിന് കഴിയും. എന്തെങ്കിലും പരിമിതികൾ ഉണ്ടായാൽ ലോകത്തെ 40 കേന്ദ്രങ്ങളിലെ വിദഗ്ധരുമായി പഠനത്തിൽ സഹകരിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്.
2.ഇത് ഇന്ത്യയ്ക്കുവേണ്ടിയാണ്.ഐ.എസ്.ആർ.ഓ ഭൗതികശാസ്ത്രത്തിൽ ഇന്ത്യയ്ക്കെന്താണോ അതായിരിക്കും ജീവശാസ്ത്രത്തിൽ ഐ.എ.വി ഇന്ത്യയ്ക്ക്.ഈ ലാബിന്റെ പ്രവർത്തനം ഇന്ത്യയ്ക്ക് മുഴുവൻ പ്രയോജനപ്രദമായിരിക്കും.കാലാനുസൃതമായി ലാബിനെ നവീകരിച്ചു കൊണ്ടിരിക്കും.രണ്ടോ മൂന്നോ വർഷത്തിനകം ജപ്പാനിലേയോ,മോസ്ക്കോയിലേയോ,സിഡ്നിയിലേയോ ലാബുമായി കിടപിടക്കുന്ന രീതിയിൽ നമ്മുടെ ലാബ് വളരും.ഗ്ളോബൽ വൈറസ് നെറ്റ് വർക്കിന്റെ സഹകരണം സുപ്രധാനമാണ്.
3.വേഗത്തിലുള്ള നിർണ്ണയം പ്രധാനമായിരിക്കും.ലാബിന്റെ ഭാഗമായി ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്ളിനിക്കൽ വൈറോളജി ടീം ഉണ്ടാകും.ഇപ്പോൾ എവിടെയെങ്കിലും വൈറസ് ബാധ ഉണ്ടായെന്നറിഞ്ഞാൽ ഈ ടീമിന് ഉടൻ അവിടെയെത്താനാകും.വൈറസിനെ തിരിച്ചറിയാനുള്ള അടിയന്തര പഠനം നടത്താനാകും.
4.പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കുക.വൈറസുകൾക്കെതിരായി വാക്സിൻ നിർമ്മിക്കുക.വാക്സിൻ നിർമ്മാണത്തിൽ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിന്റെ(എച്ച്.എൽ.എൽ) സഹകരണം ഉണ്ടാകും.കെട്ടിട നിർമ്മാണത്തിലും അവർ സഹകരിക്കുന്നുണ്ട്.മറ്റൊന്ന് വെക്ടർ കൺട്രോളാണ്.രോഗാണുവിനെ മുളയിലേ നുള്ളുക.വിയറ്റ്നാമിലും തായ് ലാൻഡിലുമൊക്കെ കൊതുകിന്റെ ലാർവയെത്തിന്നുന്ന ഒരുതരം മത്സ്യത്തെ വളർത്തി വലിയ വിജയമായി.അതുപോലെ ഡെങ്കിപ്പനിയുടെ കാരണക്കാരനായ കൊതുകിനെയൊക്കെ ഇങ്ങനെ നശിപ്പിക്കാം.കല്ലുമ്മക്കായയ്ക്കും ഈ രീതിയിലൊരു പ്രത്യേകതയുള്ളതായി കേട്ടു.അതൊക്കെ പരീക്ഷിക്കാവുന്നതാണ്.
5.ഗവേഷണപഠനമാണ് വേറൊന്ന്.എം.ഡി.വൈറോളജിയും പി.എച്ച്.ഡിയുമൊക്കെ എടുക്കാൻ അവസരം ഉണ്ടാകും.ക്ളിനിക്കൽ വൈറോളജിസ്റ്റുകളെ സൃഷ്ടിക്കുകയാണ് ഉദ്ദേശം.എം.ഡിയെടുക്കുന്നവർക്ക് പി.എച്ച്.ഡിയ്ക്കായി 40 സെന്ററുകളിൽ ഏതുമായും സഹകരിക്കാനാവും.
6.നിർമ്മാർജ്ജനം.വസൂരിയൊക്കെ തുടച്ചുമാറ്റിയതുപോലെ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധികളെ ഉൻമൂലനം ചെയ്യുക.അത് ആത്യന്തികമായ ലക്ഷ്യമായിരിക്കും.
ഐ.എ.വി പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ അത് ആരോഗ്യശാസ്ത്ര രംഗത്ത് ഒരു കുതിച്ചു ചാട്ടമായിക്കും.
ബോക്സ്
തുടക്കം ഇങ്ങനെ
ഇക്കഴിഞ്ഞ ജനുവരിയിൽ ഞാൻ തിരുവനന്തപുരത്ത് വന്നപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരു ഫോൺ വന്നു.പിണറായി വിജയന് കാണണമെന്നായിരുന്നു സന്ദേശം.ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് അപ്പോയിന്റ്മെന്റ് .2.50 ന് ഞാൻ എത്തി.പാർട്ടിയോഗം നടക്കുന്നതിനാൽ മുഖ്യമന്ത്രി വരാൻ വൈകിയേക്കും എന്ന് എന്നെ സ്വീകരിച്ചിരുത്തിയ ആൾ പറഞ്ഞു.എന്നാൽ കൃത്യം മൂന്നുമണിക്കു തന്നെ അദ്ദേഹമെത്തി.ഞാൻ കെ.കരുണാകരന്റേയും ഉമ്മൻചാണ്ടിയുടേയുമൊക്കെ ഓഫീസിൽ പോയിട്ടുണ്ട്.അവിടെ ചെന്നാൽ സന്ദർശക ബാഹുല്യം മൂലം ശരിക്ക് സംസാരിക്കാൻ പോലും കഴിയില്ല.ഇവിടെ മുഖ്യമന്ത്രിയും ഞാനും മാത്രം.ഓഫീസിലുള്ള സി.എസ്.രഞ്ജിത്തെന്നൊരു വിദഗ്ധനെക്കൂടി മുഖ്യമന്ത്രി വിളിച്ചു.വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കൊണ്ടുവരാൻ കഴിയുമോയെന്നായിരുന്നു മുഖ്യമന്ത്രി എന്നോട് ചോദിച്ചത്.വൈകിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെങ്കിൽ നടക്കുമെന്നുമായിരുന്നു എന്റെ മറുപടി.പകുതിവഴിക്കിട്ടിട്ടു പോകരുതന്ന ഒരു അപേക്ഷ മാത്രം ഞാൻ മുന്നോട്ടു വച്ചു.മറ്റു സർക്കാരുകളുടെ കാലത്തെ മുൻ അനുഭവങ്ങളാണ് എന്നേക്കൊണ്ട് അങ്ങനെ പറയിച്ചത്.അതുകഴി‌ഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എനിക്കൊരു അവാർഡ് നൽകുന്ന ചടങ്ങിൽ മുഖ്യമന്ത്രിയെ വീണ്ടും കണ്ടു.അദ്ദേഹം വീണ്ടും ഇക്കാര്യം പറഞ്ഞു.ഞാൻ മടങ്ങിപ്പോകുന്നതിനു മുമ്പ് ഒരു യോഗം കൂടി വിളിക്കാമെന്നു പറഞ്ഞു.വീണ്ടും യോഗം ചേർന്നു.രഞ്ജിത്തിനു പുറമെ വി.എസ്.എസ്.സി മുൻ ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ എം.സി.ദത്തൻ,സ്റ്റെക്കിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഡോ.സുരേഷ്ദാസ് ,ജി.എം.നായർ എന്നിവരടങ്ങുന്ന ടീമിനെ നിയോഗിച്ചു.വളരെ വേഗമാണ് അവർ പ്രവർത്തിച്ചത്.മുഖ്യമന്ത്രി മുമ്പ് ഇലക്ട്രിസിറ്റി മന്ത്രി ആയിരുന്നതിനാലാണോ ഇലക്ട്രിഫൈയിംഗ് ഇഫക്ടായിരുന്നു.ഇന്ത്യയിലെ ക്രീമായ വൈറോളജിസ്റ്റുകളെയെല്ലാം ക്ഷണിച്ചുവരുത്തി.ഇക്കാര്യത്തിൽ പിണറായി വിജയൻ കാണിച്ച ശുഷ്ക്കാന്തി പറഞ്ഞറിയിക്കാനാവില്ല.ഇതിനിടയ്ക്കൊരു തമാശ പറയട്ടെ-മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താനെന്നോണം ഇൻസ്റ്റിറ്റ്യൂട്ടിന് കണ്ണൂരിൽ സ്ഥലം കണ്ടെത്താമെന്നായിരുന്നു ആദ്യ പ്രൊപ്പോസൽ .അദ്ദേഹം അതിന് വഴങ്ങാതിരുന്നപ്പോൾ കോഴിക്കോടെന്നായി.തിരുവനന്തപുരമല്ലേ ഇതിന് പറ്റിയതെന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോൾ ഇവിടെ സ്ഥലം കിട്ടില്ലെന്നായിരുന്നു മറുപടി.മുഖ്യമന്ത്രി ഉടൻതന്നെ കെ.എസ്.ഐ.ഡി.സി ചെയർമാൻ ക്രിസ്റ്റി ഫെർണാണ്ടസിനെ വിളിച്ചുവരുത്തി. ഉടൻതന്നെ തോന്നയ്ക്കലിലെ സ്ഥലം റെഡിയായി.200 കോടി രൂപയും വിലയിരുത്തി.മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ ഫലമാണീ ഇൻസ്റ്റിറ്റൂട്ട്.ഇനി ഇത് സംരക്ഷിച്ചുകൊണ്ടുപോകേണ്ട ഉത്തരവാദിത്തം ഈ നാടിനാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ