അമ്പത് വർഷത്തിന് ശേഷം റെയിൽവേ സ്‌റ്റേഷനിലെ പ്രേതത്തെ പിടിച്ചു
December 31, 2017, 9:32 pm
കൊൽക്കത്ത: ഏകാന്തത നിറഞ്ഞ റെയിൽവേ പാളങ്ങളിൽ കൂടി വെള്ളസാരിയുടുത്ത സ്ത്രീരൂപം നടന്നു നീങ്ങുന്നത് ഈ റെയിൽവേ സ്‌റ്റേഷനിലെ സ്ഥിരം കാഴ്‌ചയാണ്. ഒരു കാലത്ത് യാത്രക്കരുടെ ബാഹുല്യംമൂലം നിറഞ്ഞ് കവിഞ്ഞിരുന്ന ഈ സ്‌റ്റേഷൻ പ്രേതബാധയുണ്ടെന്ന ഒരൊറ്റക്കാരണത്താൽ ഇന്ന് ആളൊഴിഞ്ഞു കിടക്കുന്നു. വല്ലപ്പോഴും നീണ്ട ചൂളമടിച്ച് പാളങ്ങളിൽ കൂടി നിരങ്ങി നീങ്ങുന്ന ട്രെയിനുകളല്ലാതെ സന്ധ്യമയങ്ങിയാൽ ഇവിടേക്കാരും എത്താറുമില്ല. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പ്രേത സ്‌റ്റേഷൻ എന്നറിയപ്പെടുന്ന പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ഈ സ്‌റ്റേഷന്റെ പേര് ബെഗുൻ കോഡാർ. എന്നാൽ ഇവിടെയുണ്ടായിരുന്ന പ്രേതത്തെ അമ്പത് വർഷങ്ങൾക്കിപ്പുറം ഒരു കൂട്ടം ആളുകൾ പിടിച്ചു.

വെള്ളസാരിയുടുത്ത പ്രേതം
ബെഗുൻ കോഡാറിന്റെ ചരിത്രം തുടങ്ങുന്നത് 1960ലാണ്. അന്ന് ഈ പ്രദേശം ഭരിച്ചിരുന്ന സന്താൾ ഗോത്രവർഗത്തിന്റെ രാജ്ഞി ലച്ചൻ കുമാരിയാണ് റെയിൽവേ സ്‌റ്റേഷന് വേണ്ടി ഭൂമി വിട്ടു കൊടുക്കുന്നത്. ആദ്യഘട്ടത്തിൽ നിറയെ യാത്രക്കാരുണ്ടായിരുന്ന ബെഗുൻ കോഡാറിന്റെ ദുർഗതി ആരംഭിക്കുന്നത് 1967ലാണ്. അന്ന് ഇവിടുണ്ടായിരുന്ന സ്‌റ്റേഷൻ മാസ്‌റ്റർ റെയിൽവേ ട്രാക്കിൽ വെള്ളസാരിയുടുത്ത സ്ത്രീരൂപത്തെ കണ്ടെന്ന് റിപ്പോർട്ട് ചെയ്‌തു. പിറ്റേന്ന് നാട്ടുകാർ കാണുന്നത് ദാരുണമായി കൊല്ലപ്പെട്ട നിലയിൽ സ്‌റ്റേഷനിൽ കിടക്കുന്ന സ്‌റ്റേഷൻ മാസ്‌റ്ററെയാണ്.

രാത്രി തങ്ങിയാൽ മരണം
വെള്ളസാരിയുടുത്ത പ്രേതത്തിന്റെയും ബെഗുൻ കോഡാർ സ്‌റ്റേഷന്റെയും നിറം പിടിപ്പിച്ച കഥകൾ അന്ന് മുതൽ നാടൊട്ടുക്ക് പരക്കാൻ തുടങ്ങി. പിന്നാലെ യാത്രക്കാരും ഇന്ത്യൻ റെയിൽവേയും കൈയൊഴിഞ്ഞ ബെഗുൻ കോഡാർ, ഹോണ്ടഡ് റെയിൽവേ സ്‌റ്റേഷൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. സ്‌റ്റേഷന്റെ പരിസരത്തേക്ക് പകൽ വെളിച്ചത്തിൽ പോലും ആരും പോകാതായി. രാത്രി കാലങ്ങളിൽ ഇവിടേക്ക് പോകാൻ ധൈര്യം കാണിച്ചവർ തിരിച്ചു വന്നത് വെള്ളത്തുണിയിൽ പൊതിഞ്ഞ ചേതനയറ്റ കബന്ധങ്ങളായാണ്.

കഥ പൊളിച്ചെഴുതാൻ ഒരു കൂട്ടം
ബെഗുൻ കോഡാറിലെ പ്രേതവും ഇവിടുത്തെ പേടിപ്പെടുത്തുന്ന കഥകളും വെറും തോന്നലാണെന്ന് തെളിയിക്കാൻ തന്നെ ഒടുവിൽ ഒരു കൂട്ടം ആളുകൾ തീരുമാനിച്ചു. പശ്ചിമ ബംഗാൾ ബിഗ്യാൻ മഞ്ച് പ്രവർത്തകരാണ് സ്‌റ്റേഷനിലെത്തി ഒരു രാത്രി താമസിക്കാൻ തീരുമാനിച്ചത്. പൊലീസിന്റെ സംരക്ഷണം നൽകാമെന്ന് പറഞ്ഞെങ്കിലും യുക്തിവാദികളായ സംഘം ഇതൊന്നും വേണ്ടെന്ന നിലപാടെടുത്തു. പകരം പാരാനോർമൽ ആക്‌ടിവിറ്റി അളക്കുന്ന ഉപകരണങ്ങളും ഡിജിറ്റൽ കോംപസ് തുടങ്ങിയവ മാത്രം കയ്യിൽ കരുതി. രാത്രി മുഴുവൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ റെയിൽവേ സ്‌റ്റേഷന്റെ പുറകിൽ ഒളിച്ചിരുന്ന ഗ്രാമീണർ തങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ഇക്കൂട്ടർ പരാതിപ്പെട്ടു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി റെയിൽവേ സ്‌റ്റേഷനിലെ പ്രേതകഥയുണ്ടാക്കിയതെന്നും ഇക്കൂട്ടർ വിശദീകരിക്കുന്നു.

പ്രേതടൂറിസം
ബെഗുൻ കോഡാറിൽ വെറും അഞ്ച് ട്രെയിനുകൾക്ക് മാത്രമാണ് സ്‌റ്റോപ്പുള്ളത്. ഇതിൽ വരുന്നവരിലേറെയും ദൂരെ സ്ഥലങ്ങളിൽ നിന്നും ബെഗുൻ കോഡാറിലെ വെള്ളസാരിയുടുത്ത പ്രേതത്തെ കാണാനെത്തുന്നവരാണ്. കഴിഞ്ഞ വർഷം കൊൽക്കത്ത കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു പാരാനോർമൽ സൊസൈറ്റി ബെഗുൻ കോഡാറിലേക്ക് യാത്രക്കാരെ കൊണ്ട് വരാൻ തുടങ്ങി. ഇങ്ങോട്ടുള്ള ട്രെയിൻ യാത്രയും, ഹോട്ടൽ താമസവും, രാത്രി റെയിൽവേ സ്‌റ്റേഷൻ സന്ദർശനവും, ഇവിടുത്തെ ചരിത്രം കേൾക്കലും ഒക്കെ ഉൾപ്പെട്ടതാണ് പാക്കേജ്. എന്നാൽ ഇവിടെ പ്രേതം പോയിട്ട് മണ്ണാങ്കട്ട പോലും ഇല്ലെന്ന് തെളിഞ്ഞതോടെ ഇനി പ്രേത ടൂറിസവും ഗോവിന്ദ...
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.