പ്രാധാന്യം എനിക്കു തന്നെ ആകണം: കങ്കണ
January 10, 2018, 11:27 am
ബോളിവുഡിലെ മികച്ച നടിയാരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുണ്ടാകൂ കങ്കണ റണാവത്ത്. വളരെ കഷ്ടപ്പെട്ട് സിനിമയിലെത്തി മികച്ച കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം ഉറപ്പിച്ചെടുത്ത താരമാണ് കങ്കണ. ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള മുൻനിര താരങ്ങളുടെ നായികാ വേഷം പോലും കണ്ണടച്ചു വേണ്ടെന്ന് വയ്ക്കാനുള്ള ചങ്കൂറ്റം കങ്കണയ്‌ക്കേയുള്ളൂ. തന്റെ പുതിയ ചിത്രമായ മണികർണികയെ ഏറെ പ്രതീക്ഷയോടെയാണ് താൻ കാണുന്നതെന്ന് കങ്കണ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ബോളിവുഡിൽ നിലനിൽക്കുകയെന്നത് ഒരേ സമയം രണ്ട് കല്യാണം കഴിക്കുന്ന പോലെയാണെന്നാണ് താരം പറയുന്നത്. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല. ആരും ആരെയും മനസിലാക്കാൻ ശ്രമിക്കാറില്ല. അതുകൊണ്ടു തന്നെ എന്നും എന്റേതായ സ്ഥാനം നേടിയെടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. എന്റെ ചിത്രങ്ങളിൽ എനിക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ഞാൻ വളരെയധികം ശ്രദ്ധാലുവാണ്. അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും താൻ തയാറല്ലെന്നും കങ്കണ പറയുന്നു.

വളരാനാഗ്രഹിക്കുന്ന വള്ളിയാണ്
ഖാൻ ത്രയം ഉൾപ്പെടെയുള്ള മുൻനിര താരങ്ങളുടെ നായികാവേഷം നിരസിക്കുന്നതിനും കങ്കണയ്ക്ക് തന്റേതായ ന്യായങ്ങളുണ്ട്. വൻമരങ്ങൾക്കു ചുവട്ടിൽ ചെറിയ ചെടികൾക്ക് പടർന്നു പന്തലിക്കാനോ വളരാനോ കഴിയില്ല. വളർന്ന് പന്തലിക്കാനാഗ്രഹിക്കുന്ന വള്ളിയാണ് ഞാൻ. അതുകൊണ്ടു തന്നെ ആടിപ്പാടുന്ന നിഴലാകാനും തണൽ പറ്റാനും മോഹമില്ല. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇന്ന് കാണുന്ന അവസ്ഥയിലെത്തിയത്. അത് കളഞ്ഞുകുളിക്കാൻ താത്പര്യമില്ല.

വ്യത്യസ്തത എന്നും അഭിനിവേശം
വ്യത്യസ്തമായ കഥാപാത്രം കണ്ടാൽ സംവിധായകർക്ക് എന്നെ ഓർമ്മവരുന്നു. അതു തന്നെയാണ് എന്നിലെ നടിക്കു കിട്ടുന്ന വലിയ അംഗീകാരവും. ഇന്ത്യൻ വനിതയെന്ന നിലയിൽ എന്നും അഭിമാനത്തോടെയാണ് നിന്നിട്ടുള്ളത്. അതേ അഭിമാനം തന്നെയാണ് ഝാൻസീ റാണിയെപ്പോലുള്ള ധീരവനിതകളെ വെള്ളിത്തിരയിലെത്തിക്കുമ്പോഴും. അവരുടെ ജീവിതം വായിച്ചപ്പോൾ ലഭിച്ച ഇൻസ്പിറേഷനെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെയാണ് സാഹസിക രംഗങ്ങളിൽ പോലും ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വയം ചെയ്തത്.

വിവാദങ്ങൾ കൂടപ്പിറപ്പുകൾ
ഒരിക്കലും മറ്റൊരു സദസിൽ സംസാരവിഷയമാകരുത് എന്നാഗ്രഹിച്ചിരുന്നയാളാണ്. പക്ഷേ നമ്മൾ തീരെ പ്രതീക്ഷിക്കാത്ത സമയങ്ങളിൽ നമ്മളെക്കുറിച്ച് മോശം കാര്യങ്ങൾ പറയുമ്പോൾ പ്രതികരിക്കാതിരിക്കാനും കഴിയില്ല. ഒന്നും മുൻകൂട്ടി നിശ്ചയിക്കുന്നതല്ല. അത്തരത്തിൽ വന്നു ഭവിക്കുന്നതാണ്. ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയതാണ്. അത് കളയാൻ പറ്റില്ലെന്നും കങ്കണ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ