രാഷ്ട്രീയം എന്റെ തട്ടകമല്ല
January 10, 2018, 11:37 am
സി. മീര
കറുപ്പിൽ നേർത്ത വെള്ളവരയുള്ള ചെക്ക് ഷർട്ടും ബെർഗണ്ടി നിറത്തിലുള്ള പാന്റ്സും കറുത്ത ഷൂസും ധരിച്ച് നിറഞ്ഞ പുഞ്ചിരിയോടെ സൂര്യ വന്നു. പൊങ്കലിന് പുറത്തിറങ്ങാനുള്ള 'താനാ സേർന്ത കൂട്ട'ത്തിന്റെ പ്രചാരണ പരിപാടിയ്ക്കായി കൊച്ചിയിലെ ക്രൗൺപ്ളാസ ഹോട്ടലിൽ എത്തിയതായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തമാശയും ചിരിയും കലർന്ന മറുപടി. അതേസമയം, രാഷ്ട്രീയത്തിലേക്കും മലയാളത്തിലേക്കുമുള്ള തന്റെ വരവിനെക്കുറിച്ച് വ്യക്തമായ മറുപടി. മലയാളികളുടെ സ്‌നേഹത്തിന്റെ കാറ്റ് അവിടെ ചെന്നൈ വരെ വീശുന്നുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് സൂര്യ സംസാരിച്ച് തുടങ്ങിയത്.

താനാ സേർന്തക്കൂട്ടവും വിഘ്‌നേഷും
സിങ്കം 3യുടെ ഷൂട്ടിംഗിന് ഇടയിലാണ് വിഘ്‌നേഷ് ശിവന്റെ സിനിമ ചെയ്യുന്നതിനെ കുറിച്ച് പ്രൊഡ്യൂസർ സംസാരിക്കുന്നത്. കഥ കേട്ടില്ലെന്ന് ഞാൻ പറഞ്ഞു. അതു കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അനിയൻ കാർത്തി പറയുന്നു വിഘ്‌നേഷും അനിരുദ്ധും ചേർന്നുള്ള സിനിമയല്ലേ. നന്നായിരിക്കുമെന്ന്. അവനോടും ഞാൻ പറഞ്ഞു, ' ഇത് വരെ ഞാൻ കഥ കേട്ടില്ല. നോക്കാം, ചെയ്യാമെന്ന്'. പിന്നെ, വിഘ്‌നേഷ് കഥ പറയാൻ തുടങ്ങിയപ്പോൾ ഒരു സാധാരണ പയ്യൻ ചായക്കടയിൽ ചായകുടിക്കുന്നു എന്ന രീതിയിലാണ് തുടങ്ങിയത്. അത് കേട്ടപ്പോൾ തന്നെ കുറെയായല്ലോ ചായക്കടയിൽ കയറി കട്ടനൊക്കെ കുടിച്ച ഒരു സിനിമ ചെയ്തിട്ട് എന്നാണ് ആദ്യം മനസ്സിൽ വന്നത്. പഴയ കാലമൊക്കെ ഓർമ്മ വന്നു. ഒരു സംസ്ഥാനത്തെ മറ്റൊരു സംസ്ഥാനത്ത് നിന്ന്, രാജ്യത്തെ മറ്റൊരു രാജ്യത്ത് നിന്ന് ഒക്കെ രക്ഷപ്പെടുത്തുന്ന ഒരുപാട് സിനിമകളായില്ലേ. ഇനി ഒരു സാധാരണക്കാരനാവാം എന്ന് വിചാരിച്ചു. വിഘ്‌നേഷിന്റെ സിനിമ എടുക്കുന്ന രീതിയും വ്യത്യസ്തമാണ്. സ്‌ക്രി്ര്രപും ഡയലോഗ് ഷീറ്റൊന്നും ചിലപ്പോൾ സെറ്റിൽ വന്നാൽ കാണില്ല. അതില്ലേ എന്ന് ചോദിച്ചാൽ ' സർ, ഞാൻ പറഞ്ഞു തരാം. അതുപോലെ നോക്കാം' എന്നാകും മറുപടി. എല്ലാവർക്കും പുതിയ അനുഭവമായിരുന്നു അത്. പ്രാക്ടീസ് ചെയ്യിച്ചിട്ട് അഭിനയിപ്പിക്കുന്നതല്ല, കുറച്ചു കൂടി നാച്ചുറൽ ആയി അഭിനയിപ്പിക്കുന്ന രീതിയാണ് വിഘ്‌നേഷിന്റേത്. മറ്റൊരു സിനിമയുടെ പ്‌ളോട്ടാണെങ്കിൽ പോലും എങ്ങനെ വ്യത്യസ്തമായി അവതരിപ്പിക്കാം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട് വിഘ്‌നേഷിന്.

രമ്യയും സെന്തിലും പിന്നെ കീർത്തിയും
ചിത്രത്തിൽ രമ്യാകൃഷ്ണ മാമിന്റെ കൂടെ അഭിനയിച്ചത് നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. ബാഹുബലിയൊക്കെ കണ്ട് അവരെ അത്രയും ബഹുമാനത്തോടെ നോക്കുന്ന സമയത്താണ് അവർ നമ്മുടെ കൂടെ അഭിനയിക്കാൻ വരുന്നത്. പിന്നെ, സെന്തിൽ സർ. ഡയലോഗൊക്കെ മറന്നു പോകുമെന്ന് നമ്മൾ കരുതുമെങ്കിലും അദ്ദേഹം എല്ലാം കൃത്യമായി പറയും. കാർത്തിക് സാറുമുണ്ട് ചിത്രത്തിൽ.
കീർത്തിയാണ് ചിത്രത്തിൽ നായിക. സാധാരണ സെറ്റിലേക്ക് വരുന്ന നായികമാർ ഹൈ ഹെല്ലോ പറയുമ്പോൾ കീർത്തി എനിക്കും സംവിധായകനും അടക്കം സെറ്റിലുള്ളവർക്ക് ഒരു സ്‌ട്രോംഗ് ഷേക്ക് ഹാൻഡ് നൽകിയാണ് തുടങ്ങിയത്. നാലുവർഷം കൊണ്ട് 12 സിനിമകളിൽ അവർ അഭിനയിച്ചുവെന്ന് പറഞ്ഞാൽ തന്നെ മനസിലാക്കാമല്ലോ നല്ല എക്സ്പീരിയൻസ് ആയിക്കാണുമെന്ന്. പിന്നെ, ഒരു കാര്യം നിങ്ങൾ കീർത്തിയോട് ചോദിക്കണം. ഗജനി കാണുമ്പോൾ അവർ അഞ്ചാംക്ളാസിൽ പഠിക്കുകയായിരുന്നുവെന്നാണ് എന്നോട് പറഞ്ഞത്. അത് സത്യമാണോയെന്ന് ചോദിക്കണം.

ജോ
വളരെ സന്തോഷവതിയായിരിക്കുന്നു. മഗളിയർമട്ടുമിന് നല്ല റെസ്‌പോൺസ് ആയിരുന്നു. പുതിയ ചിത്രം നാച്ചിയാർ റിലീസിന് തയ്യാറെടുക്കുന്നു. മണിരത്നം സാറിന്റെ സിനിമയിൽ അഭിനയിക്കാൻ പോകുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് ജോ ഇപ്പോൾ.

മലയാളത്തിലേക്ക്
മലയാളത്തിൽ ഒരു വേഷം ചെയ്യണമെന്നുണ്ട്. പക്ഷേ, സത്യസന്ധമായി പറയുകയാണെങ്കിൽ ഒരു മുഴുവൻ സമയ കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. അറിയാത്ത ഭാഷയിൽ എനിക്ക് അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയില്ല. അത് എന്റെ ഒരു കുറവായിട്ടാണ് ഞാൻ കാണുന്നത്. എങ്കിലും മലയാളികൾ എനിക്ക് തരുന്ന സ്‌നേഹത്തിന് നന്ദിയുണ്ട്.
`
വ്യത്യസ്തമെങ്കിലും ശക്തമായ പൊളിറ്റിക്കൽ കാഴ്ചപ്പാടുള്ളവരാണ് രജനീസാറും കമൽ സാറും. ഒരാൾ സ്പിരിച്ച്വൽ ആണെങ്കിൽ മറ്റേയാൾ മദമുള്ള ആനയ്ക്ക് കൂടി അടങ്ങില്ലെന്ന് പറയുന്നയാൾ. എങ്കിലും അവർ വളർന്നു വന്നതു മുതൽ ഇതുവരെയുള്ള രാഷ്ട്രീയമായും അല്ലാതെയുമുള്ള എല്ലാ വിഷയങ്ങളിലും വ്യക്തമായ അറിവുള്ളവരാണ് ഇരുവരും. അവർ മത്സരിക്കാൻ നിൽക്കുന്നയിടത്ത് മറ്റു രാഷ്ട്രീയക്കാരും മത്സരിക്കുന്നുണ്ട്. എന്താവുമെന്ന് നിങ്ങളെ പോലെ തന്നെ ആകാംക്ഷയോടെ നിൽക്കുകയാണ് ഞാനും. എന്തായാലും ആർക്ക് വോട്ട് ചെയ്യണമെന്ന് നിങ്ങൾ പറയില്ലല്ലോ അല്ലേ?
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ഉദ്ദേശം എനിക്കില്ല. എന്തെങ്കിലും ചാരിറ്റി പ്രവർത്തനം ചെയ്യണമെന്ന് തോന്നിയാൽ ഞാൻ അഗരത്തിലൂടെ (സൂര്യയുടെ ചാരിറ്റി ട്രസ്റ്റ്) ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ, രാഷ്ട്രീയം എനിക്ക് പറ്റില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ