അന്ന് കരുണാകരൻ ഹെലികോപ്‌ടർ വാങ്ങിയിരുന്നെങ്കിൽ ഓഖിഫണ്ട് വിവാദം ഉണ്ടാകുമായിരുന്നില്ല: അഡ്വ.ജയശങ്കർ
January 11, 2018, 10:53 am
മുഖ്യമന്ത്രി നടത്തിയ ഹെലികോപ്‌ടർ യാത്രയ്‌ക്ക് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് പണം അനുവദിച്ച തീരുമാനം പിൻവലിച്ചെങ്കിലും അതുണ്ടാക്കിയ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഈ അവസരത്തിൽ പഴയ ഒരു ഹെലികോപ്ടർ കഥയെ അനുസ്‌മ‌രിപ്പിച്ച് ഫെയ്സ്‌ബുക്കിൽ പോസ്‌റ്റിട്ടിരിക്കുകയാണ് രാഷ്‌ട്രീയ നിരീക്ഷകനായ അഡ്വ.ജയശങ്കർ.

ഫെയ്സ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'ഹെലികോപ്‌ടർ: ഒരു പഴയ കഥ.
1982ൽ കർണാടക മുഖ്യമന്ത്രി ആർ ഗുണ്ടുറാവു സർക്കാർ ആവശ്യത്തിനായി ഒരു ഹെലികോപ്‌ടർ വാങ്ങി. അവിടത്തെ പ്രതിപക്ഷം അതിനെ എതിർത്തു. ഗുണ്ടുറാവു ഗൗനിച്ചില്ല. ' ഹെലികോപ്‌ടറിൽ പറക്കുന്നത് കർണാടക മുഖ്യമന്ത്രിയാണ്, വെറും ഗുണ്ടുറാവുവല്ല' എന്ന് വ്യക്തമാക്കി.

അതുകണ്ടപ്പോൾ അന്ന് കേരള മുഖ്യനായിരുന്ന കരുണാകർജിക്കും ഒരു ഹെലികോപ്‌ടർ വേണമെന്ന് തോന്നി. ഇടതുപക്ഷ പാർട്ടികൾ ഘോരമായി എതിർത്തു.

അപ്പോഴേക്കും വേറൊരു ദുരന്തമുണ്ടായി. 1983ൽ ആദ്യം നടന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം നഷ്‌ടപ്പെട്ടു; ഗുണ്ടുറാവു തോറ്റു.

ഗുണ്ടുറാവു ഹെലികോപ്‌ടറിൽ പാറിപ്പറന്നതു കൊണ്ടാണ് കർണാടകം പോയതെന്ന് ചില വക്രബുദ്ധികൾ വ്യാഖ്യാനിച്ചു. ചുരുക്കിപ്പറഞ്ഞാൽ കരുണാകർജിയുടെ കോപ്ടർ മോഹം പൊലിഞ്ഞു. അതുകൊണ്ട് നാളിതുവരെ കേരള മുഖ്യമന്ത്രിക്ക് ഔദ്യോഗിക ഹെലികോപ്‌ടർ ഇല്ല.

അന്ന് കണ്ണോത്ത് കരുണാകരൻ റിസ്‌ക് എടുത്ത് ഒരു ഹെലികോപ്‌ടർ വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ഈ ഓഖിഫണ്ട് വകമാറ്റി ചെലവഴിച്ച വിവാദം ഉണ്ടാകുമായിരുന്നില്ല.'
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ