റജീനയ്ക്കൊപ്പം ഫ്ളാറ്റിൽ താമസിക്കണമെന്ന മോഹം ബാക്കിയാക്കി അജ്മൽ യാത്രയായി
January 11, 2018, 12:02 pm
തി​രു​വ​ന​ന്ത​പു​രം : വെള്ളയമ്പലത്ത് ടൈറ്റാനിയം കമ്പനിയുടെ ബസിൽ ബൈക്കിടിച്ച് മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നുച്ചയോടെ സ്വദേശമായ കോഴിക്കോട്ടേക്ക് കൊണ്ടുപോകും. മോഡൽ സ്കൂളിന് സമീപം ഓൺലൈൻ ടൂർ പാക്കേജ് സ്ഥാപനം നടത്തിവന്ന കോഴിക്കോട് മട്ടാഞ്ചേരി കുന്നംകുഴി ഹൗസിൽ മുഹ്സീൻ- ജമീല ദമ്പതികളുടെ മകൻ അജ്മലാണ് (27)ഇന്നലെ രാത്രി പത്തരയോടെ അപകടത്തിൽ മരിച്ചത്. രണ്ട് ബൈക്കുകളിലായി സുഹൃത്തിനൊപ്പം വരുമ്പോഴാണ് എതിർദിശയിൽ നിന്ന് വന്ന ടൈറ്റാനിയം കമ്പനി ബസുമായി ബൈക്ക് ഇടിച്ചത്. ബൈക്കുകൾ അമിതവേഗത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. പരിക്കേറ്റ അജ്മലിനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ട്രാഫിക് പൊലീസ് കേസെടുത്തു.

അതേസമയം, സുഹൃത്തുക്കൾ തമ്മിൽ ബൈക്കുകളിൽ മത്സരയോട്ടം നടത്തിയെന്ന ആരോപണമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സി.സി. ടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷമേ പൊലീസ് സ്ഥിരീകരിക്കൂ.


ഫ്ലാറ്റിൽ താമസിക്കാനുള്ള മോഹം പൊലിഞ്ഞു
ഭാര്യയുമൊത്ത് വേളിയിലെ ഫ്ളാറ്റിൽ ഇന്ന് താമസം ആരംഭിക്കാനിരിക്കെയാണ് അജ്മലിന്റെ ജീവിതത്തിൽ വിധി വില്ലനായത്. ആറുമാസം മുമ്പായിരുന്നു മലപ്പുറം സ്വദേശിനി റജീനയെ അജ്മൽ ജീവിത സഖിയാക്കിയത്. പി.ജി വിദ്യാ‌ർത്ഥിനിയായിരുന്ന റെജീന ബംഗളൂരുവിൽ പരീക്ഷയ്ക്ക് പോയശേഷം ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരത്തെത്തിയത്. ഭർത്താവിന് അപകടം സംഭവിച്ചതറിഞ്ഞ് വിങ്ങിപ്പൊട്ടുന്ന റെജീനയെ ആശ്വസിപ്പിക്കാനാകാതെ വിഷമത്തിലാണ് സുഹൃത്തുക്കൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ