ഇരട്ടക്കൊലയോ, അപകടമോ?
January 11, 2018, 12:09 pm
വിവാഹ സ്വപ്നങ്ങളിലായിരുന്നു വിനു. ഇഷ്ടപ്പെട്ട പെണ്ണുമായുള്ള വിവാഹത്തിന് ആഴ്ചകൾ മാത്രം. ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടുകാരെയുമെല്ലാം ക്ഷണിച്ചു. വീടിന്റെ ചില മോടിപിടിപ്പിക്കൽ പണി ശേഷിക്കുന്നു. വിവാഹ ദിവസം അടുത്തതോടെ വീട്ടിൽ അറ്റകുറ്റപ്പണികൾ രാത്രിയും പകലുമായി തകൃതി. വിനുവിന്റെ സുഹൃത്തായ റെജിയ്ക്കാണ് പെയിന്റടിയുടെ നേതൃത്വം. അങ്ങനെ പണിയ്ക്കിടയിൽ ഒരു രാത്രിയിൽ വിനു സഹോദരൻ വിപിനുമൊപ്പം റെജിക്ക് ഭക്ഷണം വാങ്ങാനായി ബൈക്കിൽ പാലാ നഗരത്തിലേക്ക് പോയി. പിന്നീട് നാട്ടുകാരും വീട്ടുകാരും കണ്ടത് വിനുവിന്റെയും വിപിന്റെയും ചേതനയറ്റ ശരീരം.

ആ രാത്രിയിൽ..
പൊലീസ് ഭാഷ്യം: ''റെജിക്ക് ഭക്ഷണം വാങ്ങാനായി പോകവെ നിയന്ത്രണംവിട്ട ബൈക്ക് പാലാ ബിഷപ്പ് ഹൗസിനു മുമ്പിൽ റോഡ് വക്കിൽ കിടന്നിരുന്ന റോഡ് റോളറിൽ വന്നിടിച്ചു. അതുവഴിവന്ന പൊലീസ് പരിക്കേറ്റ് കിടന്ന ഇരുവരെയും ജീപ്പിൽകയറ്റി പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല''.
ഇരുപത്തിയെട്ടുകാരനായ വിനുവും ഇരുപത്തിയൊന്നുകാരനായ വിപിനും സഹോദരങ്ങളാണെങ്കിലും കൂട്ടുകാരെ പോലെയായിരുന്നു. വണ്ടിയിലെ വരവും പോക്കുമെല്ലാം അവർ ഒരുമിച്ചായിരുന്നു. ഏവർക്കും ഏറെ ആദരവുണ്ടായിരുന്നു ആ സഹോദര ബന്ധത്തിൽ. മരണത്തിലും അവർ പിരിഞ്ഞില്ല. അവരുടെ ഒരുമിച്ചുള്ള വേർപാട് വീട്ടുകാരെപ്പോലെ നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

ദുരൂഹത
റോഡ് റോളറിൽ ബൈക്ക് ഇടിച്ചാണ് വിനുവും വിപിനും മരിച്ചതെന്ന് പൊലീസ് പറയുമ്പോഴും അത് പൂർണമായും വിശ്വസിക്കാൻ ബന്ധുക്കളും നാട്ടുകാരും തയ്യാറായില്ല. ഹെൽമെറ്റ് ധരിക്കാതിരുന്ന വിനു, പൊലീസിനെ കണ്ട് ബൈക്ക് വേഗത്തിൽ വിട്ടപ്പോൾ പൊലീസ് പിറകെയെത്തി ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നാണ് പിതാവ് വക്കച്ചനും അമ്മ മറിയമ്മയും വിശ്വസിക്കുന്നത്. ഇതിന് ബലം കൂട്ടുന്നതാണ് ഫോറൻസിക് പരിശോധനാഫലം. ഫോറൻസിക് വിദഗ്ദ്ധർ നടത്തിയ പരിശോധനയിൽ ബൈക്ക് ഇടിച്ചതിന്റെ യാതൊരു ലക്ഷണവും റോഡ് റോളറിൽ കണ്ടെത്താനായില്ല. മാത്രമല്ല, റോഡ് റോളർ കിടന്നിടത്തുനിന്ന് ഏതാണ്ട് 200 മീറ്റർ അകലെയായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെത്തിയത്.

കണ്ടു, മൊഴിയെടുത്തില്ല
സംഭവ ദിവസം രാത്രി ഒരു പൊലീസ് ജീപ്പ് അപകടമുണ്ടായ സ്ഥലത്ത് നിറുത്തിയിട്ടിരുന്നത് കണ്ടതായി അതുവഴിവന്ന ലോറിയുടെ ഡ്രൈവർ നാട്ടുകാരോട് പറഞ്ഞിരുന്നു. ജീപ്പിൽനിന്ന് ഇറങ്ങാതിരുന്ന പൊലീസുകാർ, ലോറി നിറുത്തിയതോടെയാണ് പുറത്തിറങ്ങി പരിക്കേറ്റ് കിടന്ന ഇരുവരെയും പാലാ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയതെന്നും പറയുന്നു. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ഇരുവരും മരിച്ചു. ഈ ലോറി ഡ്രൈവറുടെ മൊഴി പൊലീസ് ഇതുവരെയും എടുത്തിട്ടില്ല. ഇത് സംശയം ബലപ്പെടുത്തുന്നു. ബൈക്കിൽ ഇടിച്ച പൊലീസ് ജീപ്പ് അന്നുതന്നെ സ്റ്റേഷനിൽ നിന്ന് മാറ്റിയതായും ആരോപണമുണ്ടായിരുന്നു. അടുത്ത ദിവസം കേസ് അന്വേഷണത്തിനും മറ്റും എസ്.ഐയും സംഘവും സ്ഥലത്തെത്തിയത് മറ്റൊരു സ്റ്റേഷനിലെ ജീപ്പിലായിരുന്നുവെന്ന് വിനുവിന്റെ പിതാവ് വക്കച്ചൻ പരാതിപ്പെട്ടിരുന്നു.

പൊരുതി നിന്നു, ഒടുവിൽ..
എം.എസ് സി ബി.എഡ് ബിരുദധാരിയായ വിനു, മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യാ സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. വിപിനാകട്ടെ, ബംഗളൂരുവിൽ നിന്ന് നഴ്സിംഗ് പാസായി നാട്ടിലെത്തിയ സമയത്തായിരുന്നു ദുരന്തം സംഭവിച്ചത്. അപകടം നടന്ന സമയം, കൃത്യമായി പറഞ്ഞാൽ 2009 ആഗസ്റ്റ് 30ന് പുലർച്ചെ ഒന്നരയ്ക്ക്. കുടുംബത്തിന്റെ ആശ്രയമായിരുന്ന രണ്ട് ആൺമക്കളും അകാലത്തിൽ മരിച്ചതോടെ ഭാര്യ മറിയാമ്മയും ഏകമകൾ വീണയും മാത്രമായത് പിതാവ് വക്കച്ചനെ ആകെ തളർത്തി. മക്കളുടെ മരണത്തിനു പിന്നിലെ ദുരൂഹത കണ്ടെത്താനായിരുന്നു വക്കച്ചന്റെ പിന്നീടുള്ള പോരാട്ടം. ഭക്ഷണം വാങ്ങി തിരികെ വരുമ്പോൾ പിന്തുടർന്നെത്തിയ പൊലീസ് ജീപ്പ് മക്കളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നും സംഭവത്തിലെ ദുരൂഹത മാറ്റണമെന്നും ആവശ്യപ്പെട്ട് വക്കച്ചൻ ജില്ലാ പൊലീസ് ചീഫിനും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്കിയെങ്കിലും പൊലീസ് അവരുടെ നിലപാടിൽ ഉറച്ചുനിന്നു. എങ്കിലും അന്നത്തെ ജില്ലാ പൊലീസ് ചീഫ് പി.ജി.അശോക് കുമാർ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി എൻ.എം.തോമസിനെ അന്വേഷണ ചുമതല ഏല്പിച്ചു. എന്നിട്ടും നീതി ലഭിക്കാത്തതിനെത്തുടർന്ന് വക്കച്ചൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സ്വകാര്യ അന്യായം പാലാ മജിസ്‌ട്രേട്ട് കോടതിയിൽ ഫയൽ ചെയ്തു. ഇത് അംഗീകരിച്ച് കോടതി ഉത്തരവിട്ടെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തില്ല.

വക്കച്ചൻ യാത്രയായി
വക്കച്ചൻ പാലാ മജിസ്‌ട്രേട്ട് കോടതിയിൽ പരാതി സമർപ്പിക്കുകയും തുടർന്ന് 2016 ഏപ്രിൽ 18ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ആറുമാസത്തിനുള്ളിൽ കേസന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. എന്നിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. ഒടുവിൽ, മക്കളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യത്തിന് പരിഹാരം കാണാനാവാതെ നെല്ലിയാനി കൊച്ചുകാക്കനാട്ട് വക്കച്ചനും കഴിഞ്ഞയാഴ്ച യാത്രയായി. എട്ടുവർഷമായി നടത്തിവന്ന നിയമപോരാട്ടത്തിനൊടുവിലാണ് എഴുപത്തിനാലാം വയസിൽ വക്കച്ചൻ മരിച്ചത്. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം വഴി പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിന് ഫലം ഉണ്ടാകുമെന്നും അതിലൂടെ മക്കളുടെ ഘാതകരെ കണ്ടെത്താനാകുമെന്നും അവസാന നിമിഷംവരെ വക്കച്ചൻ പ്രതീക്ഷിച്ചിരുന്നു.

സത്യം പുറത്തുവരണം
മക്കളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ ആദ്യം മുതലേ ശ്രമമുണ്ടായി. സാക്ഷികൾ പലരുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടില്ല. റോഡ് റോളറിൽ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായതെങ്കിൽ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തേണ്ടതായിരുന്നു. ബൈക്ക് ഇടിച്ചതിന്റെ ഒരു ലക്ഷണവും അവർക്ക് കണ്ടെത്താനായില്ല. മക്കളുടെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് മാനസികമായി തകർന്ന നിലയിലായിരുന്നു വക്കച്ചൻ. അതിന്റെ തളർച്ചയിലാണ് ഭർത്താവ് മരിച്ചത്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരണം. പൊലീസ് ജീപ്പിടിച്ചാണ് മക്കൾ മരിച്ചതെന്നാണ് ഞങ്ങളുടെ അറിവ്. അങ്ങനെയെങ്കിൽ കുറ്റക്കാരായ പൊലീസുകാരെ പുറത്തുകൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം.
മറിയാമ്മ, വക്കച്ചന്റെ ഭാര്യ

ഫയൽ മടക്കി
വിനുവും വിപിനും മരിച്ചത് അപകടത്തെത്തുടർന്നാണ്. ആരോപണങ്ങളിൽ കഴമ്പില്ല. അത്തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ കേസ് ഫയൽ പൊലീസ് മടക്കി.
വി.ജി.വിനോദ് കുമാർ, ഡിവൈ.എസ്.പി, പാലാ

കോട്ടയത്തെ തെളിയാത്ത കേസുകൾ
(2017ലെ കണക്ക്)
മോഷണം ഉൾപ്പെടെ - 383
ബൈക്കിൽ കറങ്ങി മാലപൊട്ടിക്കൽ - 87
തിരിച്ചറിയാത്ത മൃതശരീരങ്ങൾ - 37
വാഹനം ഇടിച്ചശേഷം നിറുത്താതെ പോയത് - 18 (ഇതിൽ മൂന്ന് മരണം).

തയ്യാറാക്കിയത്: ജയിംസ് കുട്ടൻചിറ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ