മോഹൻലാലും രഞ്ജിത്തും വീണ്ടും
January 11, 2018, 2:58 pm
മലയാള സിനിമയ്ക്ക് ഒട്ടേറെ വമ്പൻ ഹിറ്റുകൾ സമ്മാനിച്ച മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മോഹൻലാൽ രഞ്ജിത്ത് ചിത്രം നിർമ്മിക്കുന്നത്. രഞ്ജിത്ത് സംവിധായകനായി അരങ്ങേറിയ രാവണ പ്രഭുവും മോഹൻലാലും രഞ്ജിത്തും ഒന്നിച്ച ഒടുവിലത്തെ ചിത്രങ്ങളായ സ്പിരിറ്റും ലോഹവും നിർമ്മിച്ചതും ആന്റണി പെരുമ്പാവൂരാണ്. കഴിഞ്ഞയാഴ്ചയാണ് പുതിയ ചിത്രത്തിന്റെ കഥ രഞ്ജിത്ത് മോഹൻലാലിനോട് പറഞ്ഞത്. തിരക്കഥ പൂർത്തിയായ ശേഷം ചിത്രീകരണത്തീയതി തീരുമാനിക്കും.

മോഹൻലാൽ ഇപ്പോൾ കുടുംബസമേതം സിംഗപ്പൂരാണ്.അടുത്താഴ്ച അവിടെ നിന്ന് അജോയ് വർമ്മയുടെ ചിത്രത്തിൽ അഭിനയിക്കുന്നതിനായി മോഹൻലാൽ മംഗോളിയിലേക്ക് തിരിക്കും.ഇതു വരെ പേരിട്ടാത്ത ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം മുംബയിൽ നടന്നു. സർഫറോഷ് ഉൾപ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്ത ജോൺ മാത്യു മാത്തനാണ് സ്വിച്ച് ഓൺ നിർവഹിച്ചത്. 15 ദിവസത്തെ ഡേറ്റാണ് മോഹൻലാൽ നൽകിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, സായ്കുമാർ, പാർവതി നായർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. നവാഗതനായ സാജു തോമസാണ് തിരക്കഥ രചിക്കുന്നത്. മൂൺഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് നിർമ്മാണം.

''ഒരു നടനെന്ന നിലയിൽ ഏറെ കൗതുകം തോന്നിയ ഒരു വിഷയത്തിന്റെ ഭാഗമാകുന്നതിൽ സന്തോഷം'' മോഹൻലാൽ ഈ ചിത്രത്തെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ് . റുസ്തം, റൗഡി റാത്തോർ, ക്രിഷ് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച മലയാളിയായ സന്തോഷ് തുണ്ടിയിലാണ് കാമറമാൻ. പുനെ, സത്താറ, തായ്ലൻഡ് തുടങ്ങിയവയാണ് മറ്റ് ലൊക്കേഷനുകൾ. ചിത്രം മേയിൽ റിലീസ് ചെയ്യാനാണ് പദ്ധതി.

അജോയ് വർമ്മയുടെ ചിത്രം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ഫെബ്രുവരി ആദ്യവാരം ഒടിയന്റെ അവസാന ഘട്ട ചിത്രീകരത്തിൽ ജോയിൻ ചെയ്യും. അതേസമയം നിവിൻ പോളി നായകനാകുന്ന റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയിലും രജീഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകത്തിലും മോഹൻലാൽ അതിഥി താരമായെത്തും. ഇത്തിക്കര പക്കിയുടെ വേഷമാണ് മോഹൻലാൽ കായംകുളം കൊച്ചുണ്ണിയിൽ അവതരിപ്പിക്കുക. ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഗോകുലം മൂവീസാണ്.

ടേക്ക് വൺ എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന വാരിക്കുഴിയിലെ കൊലപാതകത്തിൽ അമിത് ചക്കാലയ്ക്കലാണ് പ്രധാന വേഷം അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് സംവിധായകനാകുന്ന ലൂസിഫറാണ് മോഹൻലാലിന്റെ ഇക്കൊല്ലത്തെ മറ്റൊരു മെഗാ പ്രോജക്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ