ആയുധശേഖരം: ഭാരതപ്പുഴയിൽ വെള്ളം വറ്റിച്ച് തെരയുന്നു
January 12, 2018, 2:40 pm
കുറ്റിപ്പുറം : നിരവധി കുഴി ബോംബുകളും അഞ്ഞൂറിലേറെ വെടിയുണ്ടകളും ഭാരതപ്പുഴയിൽ കണ്ടെത്തിയതിനെ തുടർന്ന് തോക്കുകൾ അടക്കം വൻ ആയുധശേഖരം പുഴയിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ ഇന്നു രാവിലെ പുഴ വറ്റിച്ച് തെരച്ചിൽ നടത്തി. തെരച്ചിലിൽ ഉരുക്കു ഷീറ്റുകൾ കണ്ടെത്തി. ടാങ്കുകളും മറ്റും ചെളിയിൽ താഴ്ന്നുപോകാതിരിക്കാൻ ഉപയോഗിക്കുന്ന രണ്ട് ഷീറ്റുകളാണു (പിയേഴ്സ്ഡ് സ്റ്റീൽ പ്ലേറ്റ്സ്) കണ്ടെടുത്തത്.

കഴിഞ്ഞ ദിവസം വെടിയുണ്ടകൾ കണ്ടെത്തിയ കുറ്റിപ്പുറം പാലത്തിനോടു ചേർന്നുള്ള പുഴ ഭാഗം വറ്റിച്ചാണ് പരിശോധന തുടങ്ങിയത്. ഒരു മീറ്ററോളം ആഴത്തിൽ വെള്ളമുള്ള ചെളിക്കുണ്ടിലാണ് തെരച്ചിൽ നടത്തിയത്. മലപ്പുറം ജില്ലയിലെയും തൃശൂർ പാലക്കാട് ജില്ലകളിലെയും ഭാരതപ്പുഴയുടെ ഭാഗങ്ങൾ ഒരേ സമയം വെള്ളം വറ്റിച്ചാണ് തെരച്ചിൽ നടത്തിയത്. വൻ പൊലീസ് സന്നാഹത്തിൽ പട്ടാളത്തിലെ ഓഫീസർമാരുടെ നിരീക്ഷണത്തിലാണ് തെരച്ചിൽ.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന കുഴിബോംബ് ഉപേക്ഷിച്ച നിലയിൽ ഇവിടെ കണ്ടെത്തിയിരുന്നു. ഉപകരണങ്ങൾ ഘടിപ്പിച്ച് പ്രവർത്തിപ്പിക്കാവുന്ന അമേരിക്കൻ നിർമിത ബോംബാണ് കണ്ടെത്തിയത്.

ഇവ പാലത്തിന് സമീപം സ്ഥാപിച്ചതല്ലെന്നും ഉപേക്ഷിച്ചതാകാമെന്നുമാണ് പൊലീസ് നിഗമനം. ഫ്രൻഡ് ടുവേർഡ് എനിമി എന്നറിയപ്പെടുന്നതും ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നതുമായ ക്ലേമോർ എന്ന് പേരുള്ള അഞ്ച് കുഴിബോംബുകളാണ് വ്യാഴാഴ്ച രാത്രിയോടെ പ്രദേശത്തെത്തിയവർ അന്ന് കണ്ടെത്തിയത്.

പൊലീസെത്തി പരിശോധിച്ചതോടെ പ്രദേശത്തുനിന്ന് ആർമിയുടെ ലേബലുള്ള സഞ്ചിയും കണ്ടെത്തി. സ്‌ഫോടനത്തിനുപയോഗിക്കുന്ന വസ്തുക്കളും സമീപത്തുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ