സുപ്രീം കോടതിയിലെ പ്രതിഷേധം, പിന്തുണയുമായി കൂടുതൽ ജഡ്‌ജിമാർ
January 12, 2018, 6:25 pm
ന്യൂഡൽഹി: ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ തന്നെ അസാധാരണ സംഭവങ്ങൾക്ക് വഴിവച്ച് സുപ്രീം കോടതിയിലെ നാല് മുതിർന്ന ജ‌ഡ്ജിമാർ കോടതി നടപടികൾ നിറുത്തിവച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വാർത്താ സമ്മേളനം വിളിച്ച് പ്രതിഷേധിച്ചു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്റാബുദീൻ വ്യാജഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ജഡ്ജിമാർ ചീഫ് ജസ്‌റ്റിസിനെതിരെ രംഗത്ത് വന്നത്. സുപ്രീം കോടതിയിലെ ഭരണം കുത്തഴിഞ്ഞെന്ന് ജസ്‌റ്റിസ് ജെ.ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജഡ്‌ജിമാർ ആരോപിച്ചു. കോടതിയുടെ മഹത്വം ഉയർത്തിപ്പിടിക്കുന്നതിനാണ് ഈ പ്രതിഷേധമെന്നും ചെലമേശ്വർ പറഞ്ഞു. ചെലമേശ്വറെ കൂടാതെ മുതിർന്ന ജഡ്‌ജിമാരായ​ കുര്യൻ ജോസഫ്,​ രഞ്ജൻ ഗോഗോയ്,​ മദൻ ബി. ലോകൂർ എന്നിവരാണ് വാർത്താ സമ്മേളനത്തിൽ സുപ്രീം കോടതിക്കെതിരെ ആഞ്ഞടിച്ചത്.

രാജ്യത്തിന്റെ ജനാധിപത്യം തന്നെ അപകടാവസ്ഥയിലാവുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇനി ഇത് കണ്ടിരിക്കാനാവില്ല. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സുപ്രീം കോടതിയിൽ നടന്നു കൊണ്ടിരിക്കുന്നത്. ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യേണ്ടതുണ്ടോയെന്ന കാര്യം രാജ്യം തീരുമാനിക്കട്ടെ - ചെലമേശ്വർ പറഞ്ഞു.

സുപ്രീം കോടതിയിൽ നടക്കുന്ന ചില കാര്യങ്ങളിൽ അപാകതയുണ്ടെന്ന് താനടക്കമുള്ള ജഡ്‌ജിമാർ ചീഫ് ജസ്‌റ്റിസിനെ അറിയിച്ചിരുന്നു. അതിനാൽ തന്നെ പരിഹാര നടപടികളും സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ,​ തങ്ങളുടെ ശ്രമങ്ങളെല്ലാം നിഷ്‌ഫലമാവുകയായിരുന്നു. കാര്യങ്ങൾ മനസിലാക്കാൻ ദീപക് മിശ്ര തയ്യാറായില്ല. മറ്റൊരു മാർഗവും ഇല്ലാതെ വന്നതോടെയാണ് എന്തുവേണമെന്ന് തീരുമാനിക്കുന്നതിന് രാജ്യത്തോട് ചോദിക്കാൻ തീരുമാനിച്ചത്. ഇത് തികച്ചും അസാധാരണമായ ഒരു സാഹചര്യമാണെന്നും ചെലമേശ്വർ പറഞ്ഞു.

കോടതികൾ ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യം തകരും. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്തം. നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കണമെന്ന് ഞങ്ങൾ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം അത് അംഗീകരിച്ചില്ല. ഒരു കാര്യം ശരിയായ രീതിയിൽ ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. ആത്മാവിനെ ഞങ്ങൾ വിറ്റഴിച്ചെന്ന് ഇരുപത് വർഷങ്ങൾക്ക് ശേഷം ആരും ആരോപണം ഉന്നയിക്കരുത്. ഞങ്ങൾ മൂകരും ബധിരരും ആയിരുന്നുവെന്നും ആരും പറയരുത്. എല്ലാ വിവരങ്ങളും വിശദീകരിച്ച് ചീഫ് ജസ്റ്റിസിനു രണ്ടുമാസം മുൻപ് കത്തു നൽകിയിരുന്നു സുപ്രീംകോടതിയോടും നീതിന്യായ വ്യവസ്ഥയോടുമുള്ള ജഡ്‌ജിമാരുടെ ആത്മാർത്ഥത ഇനി ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്നും ചെലമേശ്വർ പറഞ്ഞു.

രാജ്യത്തോട് ജഡ്ജിമാർക്കുള്ള കടപ്പാട് നിറവേറ്റേണ്ടതുണ്ടെന്ന് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞു.

സൊഹ്റാബുദീൻ കേസിൽ അമിത് ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് ശേഷമായിരുന്നു ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം. അമിത് ഷായ്ക്ക് അനുകൂല വിധിപറയാൻ 100 കോടി വാഗ്ദാനം ചെയ്തിരുന്നെന്ന് ലോയയുടെ സഹോദരി വെളിപ്പെടുത്തിയതോടെയാണ് ജഡ്ജിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലമേറിയത്. കേസിൽ ഷായ്ക്കെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ചിരുന്ന ജസ്റ്റിസ് ലോയ 2014ലാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി രേഖകൾ. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങളും അഭിഭാഷകരും രംഗത്തെത്തിയിരുന്നു.

2014 ഡിസംബർ അവസാനത്തോടെ അമിത് ഷായെ കുറ്റവിമുക്തനാക്കി കൊണ്ട് മുംബയ് പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു. ഷായ്‌ക്കെതിരെ വ്യക്തവും മതിയായതുമായ തെളിവ് ഇല്ലെന്നും കേസ് അന്വേഷിച്ച സി.ബി.ഐയുടെ അനുമാനങ്ങളെ പൂർണമായും ഉൾക്കൊള്ളാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രത്യേക കോടതിയുടെ വിധി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ