സു​​​പ്രീം​​​കോ​​​ട​​​തി​​​യെ വ​​​ട്ടം​​​ചു​​​റ്റി ലോ​​​യ​​​യു​​​ടെ പ്രേ​​​തം
January 13, 2018, 12:10 am
വി.എസ്. സനകൻ
ഇന്ത്യൻ നീതിപീഠത്തിന്റെ അടിത്തറ ആടിയുലയുന്നതിന് കാരണമായ വിഷയങ്ങളിൽ ഒന്നായി രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അദ്ധ്യക്ഷനെതിരായ കേസിന്റെ വിചാരണ കൈകാര്യം ചെയ്‌ത ജഡ്ജിയുടെ മരണവും ഉയർന്നുവന്നു. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്ഷാ പ്രതിയായ സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് കൈകാര്യം ചെയ്തിരുന്ന മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയയുടെ ദുരൂഹമരണം അന്വേഷിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി ഇന്നലെ സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നിരുന്നു. ഈ കേസ് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന് നൽകിയതും മുതിർന്ന ജഡ്ജിമാരെ ചൊടിപ്പിച്ചു. പ്രമാദമായ പല കേസുകളും മുതിർന്ന ജഡ്ജിമാരുടെ ബെഞ്ചുകളിലേക്ക് വരുന്നില്ലെന്നും പല നടപടികളും ചീഫ് ജസ്റ്റിസ് ഏകപക്ഷീയമായി തീരുമാനിക്കുകയാണെന്നുമാണ് നാല് മുതിർന്ന ജഡ്ജിമാരുടെ ആരോപണം. ജഡ്ജിമാരുടെ ആരോപണം ചീഫ് ജസ്റ്റിസിലൂടെ കേന്ദ്ര സർക്കാരിന് നേർക്കാണ് വിരൽചൂണ്ടുന്നത്.

ലോയയുടെ ദുരൂഹമരണത്തെ തുടർന്ന് മൂന്ന് വർഷമായി വീർപ്പുമുട്ടി കഴിയുകയായിരുന്ന കുടുംബം ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത് അടുത്തകാലത്താണ്. സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ ലോയ 2014 ഡിസംബർ ഒന്നിന് നാഗ്പുരിൽ വച്ചാണ് ദുരൂഹമായി മരിച്ചത്. ഹൃദ്‌രോഗത്തെ തുടർന്നാണ് ലോയ മരിച്ചതെന്ന് അന്നു രാവിലെ, ആർ.എസ്.എസ് പ്രവർത്തകനായ ഈശ്വർ ബഹേതിയാണ് ലോയയുടെ അച്ഛന്‍ ഹർകിഷനെ അറിയിച്ചത്. വിവാഹത്തിന് പോകാൻ താത്പര്യമില്ലാതിരുന്നിട്ടും, സഹപ്രവർത്തകരായ രണ്ട് ജഡ്ജിമാർ നിർബന്ധിച്ചാണ് ലോയയെ നാഗ്പുരിലേക്ക് കൊണ്ടുപോയത്. ലോയയുടെ മരണവിവരം കുടുംബത്തെ അറിയിക്കാൻ ഈ ജഡ്ജിമാർ തയ്യാറായില്ലെന്ന് മാത്രമല്ല, മൃതദേഹത്തെ അനുഗമിക്കാനും കൂട്ടാക്കിയില്ല. തികഞ്ഞ ആരോഗ്യവാനായിരുന്ന ലോയ ഹൃദ്‌രോഗം ബാധിച്ച് മരിച്ചുവെന്ന വിശദീകരണം വിശ്വസിക്കാൻ ലോയയുടെ സഹോദരിയും മെഡിക്കൽ ഡോക്ടറുമായ അനുരാധ ബിയാനിയും തയ്യാറല്ല.

അമിത്ഷായ്ക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കാൻ അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മൊഹിത് ഷാ തന്റെ സഹോദരന് 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലും അനുരാധ ബിയാനി 'കാരവൻ ' മാസികയോട് നടത്തി. ചെറിയ ജലദോഷം ഉണ്ടായാൽ പോലും തന്നെ കാണുമായിരുന്ന ലോയയ്ക്ക് ഹൃദ്‌രോഗിയുടെ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.
ലോയ നാഗ്പുരിൽ താമസിച്ച വി.ഐ.പി ഗസ്റ്റ് ഹൗസിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിലാണ് അദ്ദേഹത്തെ കൊണ്ടുപോയത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരും ജഡ്ജിമാരും മറ്റും പതിവായി എത്തുന്ന ഇവിടെ കാർ ലഭ്യമായില്ലെന്നത് സംശയകരമാണ്. ഇ.സി.ജി എടുക്കാൻ പോലും സൗകര്യമില്ലാത്ത ആശുപത്രിയിലാണ് ലോയയെ പ്രവേശിപ്പിച്ചത്. ലോയ ധരിച്ചിരുന്ന ഷർട്ടി ൽ രക്തക്കറകൾ ഉണ്ടായിരുന്നു. മർദ്ദനമേറ്റപോലുള്ള പാടുകളും ശരീരത്തിലുണ്ടായിരുന്നു. ബെൽറ്റും കണ്ണടയും തകർന്നിരുന്നു. ലോയയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനു മുമ്പോ മരിച്ചതിനുശേഷമോ കുടുംബാംഗങ്ങളെ വിവരമറിയിച്ചില്ല. പോസ്റ്റുമോർട്ടം നടത്തുന്നതിനു മുമ്പ് കുടുംബാംഗങ്ങളെ അറിയിച്ചില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം, മൃതദേഹം ഏറ്റുവാങ്ങിയ വ്യക്തി ഒപ്പിട്ടിരിക്കുന്നത് ബന്ധുവെന്ന പേരിലാണ്. അങ്ങനെയൊരു ബന്ധു ലോയയ്‌ക്കില്ലെന്നും കുടുംബം വെളിപ്പെടുത്തി.

വിവാഹത്തിനു പോയപ്പോൾ ഒപ്പമുണ്ടായിരുന്ന ജഡ്ജിമാർ മരണത്തിനുശേഷം ലോയയുടെ കുടുംബത്തെ കണ്ടത് ഒന്നര മാസത്തിന് ശേഷമാണ്. ലോയയുടെ മൊബൈൽ ഫോൺ നാല് ദിവസത്തിനുശേഷം ആർ.എസ്.എസ് പ്രവർത്തകനായ ബഹേതിയാണ് കുടുംബത്തിന് കൈമാറിയത്. ഫോൺ വിളി വിശദാംശങ്ങളും എസ്.എം.എസുകളും ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു.ലോയയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന് സഹോദരി ആവശ്യപ്പെട്ടെങ്കിലും ഉണ്ടായില്ല. അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു.
ഡിസംബർ ഒന്നിന് പുലർച്ചെ നാലിനുണ്ടായ നെഞ്ചുവേദനയെ തുടർന്ന് 6.15ന് ലോയയുടെ മരണം സംഭവിച്ചുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ, റിപ്പോർട്ടിൽ ആദ്യം 30 എന്ന് എഴുതി പിന്നീട് 01 എന്നാക്കി തിരുത്തിയത് വ്യക്തമാണ്. അതായത് ലോയ നവംബർ 30ന് മരിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഗുജറാത്തിൽ അമിത് ഷാ ആഭ്യന്തരമന്ത്രിയായിരിക്കെ 2005 നവംബറിലാണ് സൊഹ്‌റാബുദ്ദീൻ പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത്. ഇതിന്റെ അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ കേസ് ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റി. അമിത് ഷാ അടക്കമുള്ളവർ അറസ്റ്റിലായി. ആദ്യം കേസ് പരിഗണിച്ച ജഡ്ജി ജെ.ടി. ഉത്പൽ കേസിൽ തുടക്കം മുതൽ അമിത് ഷാ ഒരിക്കൽ പോലും ഹാജരാക്കാത്തതിൽ അതൃപ്തി അറിയിച്ചിരുന്നു. ഒടുവിൽ അദ്ദേഹം അമിത് ഷാ ഹാജരാകണമെന്ന് അന്ത്യശാസനം നൽകി. ഇതിന് പിന്നാലെ 2014 ജൂണിൽ ഉത്പലിനെ മാറ്റി ജഡ്ജിയായി ലോയയെ നിയമിച്ചു. അപ്പോഴേക്കും കേന്ദ്രത്തിൽ നരേന്ദ്രമോദി അധികാരത്തിലെത്തിയിരുന്നു. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന അമിത് ഷായുടെ നിലപാടിനോട് ലോയ അനൂകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, കേസിന്റെ ഉള്ളിലേക്ക് പോകാൻ തുടങ്ങിയതോടെ ലോയ നിലപാട് മാറ്റി, ഒക്ടബോർ 31ന് കേസ് പരിഗണിച്ചപ്പോൾ അമിത് ഷാ ഹാജരാകാത്തതിൽ ലോയ അതൃപ്തി രേഖപ്പെടുത്തി. ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള കാര്യം അഭിഭാഷകൻ ഓർമ്മപ്പെടുത്തിയപ്പോൾ അത് മഹാരാഷ്ട്രയിൽ ഇല്ലാത്തപ്പോൾ മാത്രമാണെന്നും ഒക്ടോബർ 31ന് മുംബയിൽ നടന്ന ബി.ജെ.പി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അമിത് ഷാ പങ്കെടുത്തിട്ടുള്ളത് തനിക്ക് അറിയാമെന്നും ലോയ വ്യക്തമാക്കി. അടുത്ത തവണ ഹാജരാകണമെന്നും ഉത്തരവിട്ടു. ഇതിനിടെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വാഗ്ദാനം ഉണ്ടായതെന്നാണ് കുടുംബം ആരോപിക്കുന്നത്. വാഗ്ദാനങ്ങൾ നിരസിച്ച ലോയ നിലപാട് കടുപ്പിച്ചു. അതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ദുരൂഹമരണം.

തുടർന്ന് ചുമതലയേറ്റ ജഡ്ജിയായ എം.ബി.ഗോസാവി മൂന്ന് ദിവസം കൊണ്ട് ഷായുടെ അഭിഭാഷകന്റെ വാദം കേട്ടു. സി.ബി.ഐയുടെ വാദം 15 മിനിട്ട് കൊണ്ട് തീർന്നു. കേസ് വിധി പറയാൻ മാറ്റി. ഡിസംബർ 30ന് ഷായെ കുറ്റവിമുക്തനാക്കി ഉത്തരവുമിട്ടു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ