കള്ളക്കഥയല്ല 'താനാ സെർന്ത കൂട്ടം'
January 12, 2018, 10:57 pm
ആർ.സുമേഷ്
2013ൽ ഇറങ്ങിയസ്‌പെഷ്യൽ 26 എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത താന സെർന്ത കൂട്ടം. നേരുള്ള കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രം ഹിന്ദി സിനിമാ പ്രേക്ഷകരെ ഏറെ രസിപ്പിച്ചിരുന്നു. ഭാഷ മാറി തമിഴിൽ എത്തുന്പോഴും ചിത്രത്തിലെ നായകൻ സൂര്യയും മുതിർന്ന നടി രമ്യ കൃഷ്ണനും ചേർന്ന് തമിഴ് ആരാധകർക്ക് കാഴ്ചയുടെ വിരുന്ന് തന്നെ ഒരുക്കുകയാണ്.

കഥ കൊള്ളയടിക്കുന്പോൾ
1980കളാണ് സിനിമയുടെ പശ്ചാത്തലം. തമിഴ്നാട്ടിൽ സി.ബി.ഐ ഓഫീസർമാർ ചമഞ്ഞ് മന്ത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തുന്നു. വിവരം പുറത്ത് അറിയാതിരിക്കാൻ മന്ത്രി ശ്രമിക്കുന്നതിനിടെ,​ കള്ളന്മാരുടെ സംഘം അടുത്ത വ്യാജ റെയ്ഡിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രമിക്കുന്നു. ഇവരെ പിടികൂടാൻ യഥാർത്ഥ സി.ബി.ഐ രംഗത്ത് എത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.

സമൂഹത്തിന്റെ പരിച്ഛേദമാകുന്ന തിരക്കഥ
വിദ്യാസന്പന്നർ ആയിട്ടും കൈക്കൂലി നൽകി ജോലി വാങ്ങാൻ പണമില്ലാത്ത യുവത്വം നേരിടേണ്ടി വരുന്ന അവഗണനയുടേയും കൂടി പ്രതീകമാണ് ഈ സിനിമ. സമൂഹത്തിലെ ഈ വ്യവസ്ഥിതിയിൽ പ്രതിഷേധിച്ച് അഴിമതിക്കാരുടേയും ജൂവലറി ബിസിനസുകാരുടേയും സ്ഥാപനങ്ങളിൽ വ്യാജ റെയ്‌ഡ് നടത്തുകയും അതിൽ നിന്ന് ലഭിക്കുന്ന പണം നല്ല കാര്യങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്യുന്ന തരത്തിലാണ് സിനിമയുടെ സഞ്ചാരഗതി. പക്ഷേ,​ പലനാൾ കള്ളം ഒരുനാൾ പിടിക്കപ്പെടും എന്നൊരു ചൊല്ലുണ്ട്. ആ ചൊല്ല പോലെ ഇവർ പിടിക്കപ്പെടുമോയെന്ന കാര്യം തീയേറ്ററിൽ നിന്ന് കണ്ടറിയണം.

ആദ്യ പകുതി നല്ല ലൂസായി സഞ്ചരിക്കുന്പോൾ രണ്ടാം പകുതിയിൽ സിനിമ കൂടുതൽ നാടകീയമാവുകയാണ് ചെയ്യുന്നത്. എന്നാൽ ക്ളൈമാക്സിലേക്ക് എത്തുന്പോൾ സിനിമ അപ്രവചനീയത വെടിയുകയാണ്.

സൂര്യോദയം
തമിഴകത്തിന്റെ സ്വന്തം സിങ്കം സൂര്യയുടെ അഭിനയമാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലറ്റ്. ഇനിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൂര്യ,​ കോമഡിയിൽ തുടങ്ങി ആക്ഷനിലൂടെ പ്രണയത്തിന്റെ വിവിധ തലങ്ങളിലെ അഭിനയത്തെ അസാമാന്യ പാടവത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ബാഹുബലി എന്ന ചിത്രത്തിലെ ശിവകാമിയുടെ വേഷം അനശ്വരമാക്കിയ രമ്യാ കൃഷ്ണനാണ് എടുത്തു പറയേണ്ട മറ്റൊരു താരം. ശിവകാമി പോലുള്ള ഗൗരവമേറിയ കഥാപാത്രത്തിൽ നിന്ന് ഝാൻസി റാണി എന്ന സി.ബി.ഐ ഓഫീസറുടെ വേഷത്തിലേക്കുള്ള രമ്യയുടെ മാറ്റം ആരെയും അത്ഭുതപ്പെടുത്തും.

മലയാളിയായ കീ ർത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. എന്നാൽ,​ നായകന്റെ കാമുകിയായി മാത്രമായി കീർത്തി ഒതുങ്ങുകയാണ്. സെന്തിൽ,​ സത്യൻ,​ ശിവശങ്കർ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

പ്രണവും ആക്ഷനും കോമഡിയും കൊണ്ട് സിനിമയെ സംപുഷ്ടമാക്കാൻ സംവിധായകൻ ശ്രമിച്ചിക്കന്പോഴും പച്ചയായ സാമൂഹ്യ യാഥാർത്ഥ്യങ്ങളിലേക്ക് തിരിച്ചു വച്ച കണ്ണാടി കൂടിയായവുന്നു ഈ സിനിമ.

1980കളിലെ കാലമായതിനാൽ തന്നെ വിന്റേജ് കാറുകളും സിനിമയുടെ ഭാഗമാണ്. മൊബൈൽ ഫോണില്ലാതിരുന്ന കാലത്തിന്റെ നേർക്കാഴ്ചയും സിനിമ ഒരുക്കുന്നു. അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് മുതൽക്കൂട്ടാണ്. ചെന്നൈയിലും ഹൈദരാബാദിലുമായാണ് സിനിമയുടെ ചിത്രീകരണം. ഇവിടങ്ങളിലെ വന്യസൗന്ദര്യം ചോരാതെ തന്നെ കാമറാമാൻ പകർത്തിയിട്ടുണ്ട്.


വാൽക്കഷണം: ധൈര്യമായി ടിക്കറ്റെടുക്കാം
റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ