'കരൺ വിളമ്പുന്നത് വിഷം' അടുത്ത അടിക്ക് വടിയെറിഞ്ഞ് കങ്കണ
January 13, 2018, 11:17 am
കങ്കണ റണൗത്തും കരൺ ജോഹറും തമ്മിലുള്ള വൈരാഗ്യം ബോളിവുഡിലെ ചൂടേറിയ വിഷയമാണ്. ബോളിവുഡിലെ ബന്ധുജന പക്ഷപാതത്തിന് കൊടിയേന്തി മുന്നിൽ നടക്കുന്നത് കരൺ ജോഹറാണെന്ന് കങ്കണ തുറന്നടിച്ചതാണ് ഇരുവരും തമ്മിൽ കൊമ്പുകോർക്കാനിടയാക്കിയത്.

മുമ്പ് കരണിന്റെ തന്റെ ഷോ ആയ കോഫി വിത്ത് കരണിലാണ് കങ്കണ ഇക്കാര്യം തുറന്നടിച്ചത്. തുടർന്ന് ഈ വിഷയം ബോളിവുഡിലെ മറ്റു സെലിബ്രിറ്റികൾ ഏറ്റെടുക്കുകയും രണ്ട് വിഭാഗമായി തിരിയുകയും ചെയ്തിരുന്നു. അതിന്റെ ചൂടാറി തുടങ്ങും മുമ്പാണ് അടുത്ത വിവാദത്തിന് കങ്കണ തിരി കൊളുത്തിയിരിക്കുന്നത്. തന്റെ ഷോയിൽ അതിഥികളായി വരുന്നവർക്ക് കരൺ നൽകുന്നത് വിഷമാണെന്നാണ് കങ്കണ മറ്റൊരു ടെലിവിഷൻ പരിപാടിയ്ക്കിടെ പറഞ്ഞിരിക്കുന്നത്. രസകരമെന്തെന്ന് വച്ചാൽ ഈ പരിപാടിയിൽ കങ്കണയ്‌ക്കൊപ്പം കരൺ ജോഹറും പങ്കെടുത്തിരുന്നു എന്നതാണ്.

ഇന്ത്യാസ് നെക്സ്റ്റ് സൂപ്പർ സ്റ്റാർസ് എന്ന റിയാലിറ്റി ഷോയ്ക്കിടയിലെ പ്രധാന ജഡ്ജാണ് കരൺ. പരിപാടിയിലെ അതിഥി ജഡ്ജ് ആയാണ് കങ്കണ എത്തിയത്. പരിപാടിയിലെ 'നിങ്ങൾക്ക് പരസ്പരം എത്രത്തോളം അറിയാം' എന്ന ഗെയിം വിഭാഗത്തിൽ കരൺ തന്റെ അതിഥികൾക്ക് എന്താണ് നൽകുന്നത് എന്ന് കങ്കണയോട് ചോദിച്ചപ്പോഴാണ് 'കരൺ വിഷമാണ് അതിഥികൾക്ക് വിളമ്പുന്നത്' എന്ന് കങ്കണ മറുപടി പറഞ്ഞത്. കാണികളെല്ലാം ഞെട്ടിയപ്പോൾ കരൺ ഈ മറുപടി ചിരിച്ചു തള്ളുകയാണുണ്ടായത്.

ഇരുവരും വഴക്കിലായിരിക്കുമ്പോൾ എന്തുകൊണ്ടാണ് ഈ പരിപാടിയിൽ പങ്കെടുത്തത് എന്ന സംശയമുള്ളവർക്ക് വ്യക്തമായ മറുപടി കങ്കണയ്ക്കുണ്ട്. 'ഇത് പ്രൊഫഷണൽ കമ്മിറ്റ്‌മെന്റ് ആണ്, അതിന് എനിക്ക് പണവും ലഭിക്കുന്നുണ്ട്. കരൺ ഞാനുമൊത്ത് ഷോ ചെയ്യാൻ സമ്മതിച്ചതാണ് ഇതിൽ സന്തോഷമുള്ള കാര്യം. ഞാനുമായുള്ള വഴക്ക് തീർക്കാൻ കരണിന് ആഗ്രഹമുണ്ടാകും.' അതേസമയം, 'ബന്ധുക്കളെയല്ല, നല്ല ടാലന്റുള്ളവരെയാണ് ബോളിവുഡിന് ആവശ്യം' എന്ന് തുറന്നടിച്ച കങ്കണയേക്കാൾ നല്ലൊരു ജഡ്ജ് ഈ പരിപാടിയ്ക്കായി വേറെ ആരുണ്ട് എന്നാണ് ആരാധകരുടെ ചോദ്യം. 'എന്റെ സ്ഥാനം ഞാൻ കണ്ടെത്തിയിട്ടുണ്ട്, എനിക്ക് വേണ്ടി മറ്റൊരാളും വാതിൽ തുറക്കേണ്ടതില്ല. ' എന്ന് തന്നെയാണ് കങ്കണയുടെയും പക്ഷം. എന്തായാലും വഴക്ക് തീർക്കാൻ പോയി അവസാനം പുതിയ വഴക്കിന് തിരികൊളുത്തുമോ കങ്കണയുടെ ഡയലോഗ് എന്നാണ് ബോളിവുഡ് ഇപ്പോൾ ഉറ്റുനോക്കുന്നത്. കണ്ടറിയാം!
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ