സൂര്യനെല്ലി മോഡൽ പീഡനം: ഇടനിലക്കാരിയായ ബന്ധു അറസ്റ്റിൽ
January 13, 2018, 11:34 am
ജയിംസ് കുട്ടൻചിറ
കോട്ടയം: വീണ്ടും സൂര്യനെല്ലി മോഡൽ പീഡനം, ഇടനിലക്കാരിയായ ബന്ധു പതിനാറുകാരിയെ പ്രലോഭിപ്പിച്ച് മാരാരിക്കുളത്തും എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെത്തിച്ച് നിരവധി പേർക്ക് കാഴ്ചവച്ചു. സംഭവത്തിൽ ഇടനിലക്കാരി പുന്നപ്ര സ്വദേശി ആതിരയെ (24) ഇന്നലെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പീഡിപ്പിച്ച ഒരു പൊലീസുകാരൻ സസ്പെൻഷനിലാണ്. പൊലീസുകാർ ഉൾപ്പെടെ കൂടുതൽ പേർ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി വനിതാ എസ്.ഐ ശ്രീദേവിക്ക് മൊഴി നല്കിയിട്ടുണ്ട്. ഇതോടെ ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡിവൈ.എസ്.പി പി.വി ബേബിക്കാണ് അന്വേഷണചുമതല. നാർകോട്ടിക് സെൽ വിഭാഗത്തിലെ സീനിയർ സിവിൾ പൊലീസ് ഓഫീസർ ആലപ്പുഴ സ്വദേശി നെൽസൺ തോമസിനെയാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയനായി സസ്പെൻഡ് ചെയ്തത്. പരാതിയെത്തുടർന്ന് നെൽസനെ കഴിഞ്ഞ നാലിന് കൈനടി പെലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നതായി നാർക്കോട്ടിക്ക് ഡിവൈ.എസ്.പി നസിം പറഞ്ഞു.

ആതിര പിടിയിലായതോടെ നെൽസൺ ഒളിവിലാണ്. ഇയാൾ ഉടൻ അറസ്റ്റിലായേക്കും. ആലപ്പുഴ നഗരവാസിയായ പെൺകുട്ടിയെ ബന്ധുവായ ആതിരയാണ് കൂട്ടിക്കൊണ്ടുപോയത്. പലസ്ഥലങ്ങളിലും തന്നെ ചേച്ചി കൊണ്ടുപോയതായും വയറുനിറയെ ഭക്ഷണം വാങ്ങി തന്നിരുന്നുവെന്നും പലരുടെയും മുറികളിൽ തന്നെ കൊണ്ടുപോയി വിട്ടിരുന്നതായും പെൺകുട്ടി വനിതാ എസ്.ഐയോട് പറഞ്ഞു. എത്രപേർ തന്നെ പീഡിപ്പിച്ചുവെന്ന് അറിയില്ലെന്നും ചിലർ പണത്തിനുപുറമെ ചുരിദാർ വാങ്ങി നൽകിയതായും പറഞ്ഞു. കൂടുതൽ പൊലീസുകാർ തന്നെ പീഡിപ്പിച്ചതായും പെൺകുട്ടി മൊഴി നല്കിയിട്ടുണ്ട്.

പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. പീഡനം നടന്നതായി ഡോക്ടർ വ്യക്തമാക്കിയതിനെ തുടർന്നാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. പൊലീസുകാർ ഉൾപ്പെടെ കൂടുതൽ പേർ അറസ്റ്റിലാവുമെന്നാണ് അറിയുന്നത്. സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലുള്ള കുടുംബമാണ് പെൺകുട്ടിയുടേത്. പെട്ടെന്ന് വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് സ്ഥിരമായി ആതിരക്കൊപ്പം പെൺകുട്ടി പോകുന്നത് കണ്ടപ്പോൾ നാട്ടുകാർക്ക് സംശയമായി. കഴിഞ്ഞദിവസം പെൺകുട്ടിയെയും കൂട്ടിക്കൊണ്ടു പോവാനെത്തിയ ആതിരയെ നഗരസഭ കൗൺസിലറും നാട്ടുകാരും ചേ‌ർന്ന് തടഞ്ഞുവച്ച് പൊലീസിനെ വിളിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ കാഴ്ചവയ്ക്കാൻ കൊണ്ടുപോവുകയായിരുന്നുവെന്ന് ആതിര സമ്മതിച്ചുവെന്നാണ് അറിയുന്നത്. രാഷ്ട്രീയപ്രവർത്തകർക്കും ചില സമ്പന്നർക്കും പൊലീസുകാർക്കും ആതിര പെൺകുട്ടിയെ കാഴ്ചവച്ചതായിട്ടാണ് സൂചന.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ