താക്കോലൂരി പരിശോധന, കണക്കപ്പിള്ള മട്ടിൽ എസ്.ഐ
January 13, 2018, 11:41 am
തിരുവനന്തപുരം: വാഹന പരിശോധനയുമായി ബന്ധപ്പെട്ട് ഡി.ജി.പിയുടെ നിർദേശങ്ങളെല്ലാം കാറ്റിൽപറത്തി പൊലീസിന്റെ 'താക്കോലൂരി' പരിശോധന. കഴിഞ്ഞ ദിവസം ഗതാഗതത്തിരക്കേറിയ കല്ലമ്പലം ജംഗ്ഷനിലാണ് പൊലീസിന്റെ ഈ വിനോദം അരങ്ങേറിയത്. ഇരുചക്രവാഹനങ്ങളുടെ താക്കോലുകൾ ജീപ്പിന് മുകളിൽ കൂട്ടിയിട്ട് 'ചിട്ടിപ്പിരിവ്'പോലെ തോന്നിക്കുംവിധത്തിലാണ് അഡിഷണൽ എസ്.ഐ വാഹനയുടമകളിൽ നിന്ന് പീഴ ഈടാക്കിയത്.

വണ്ടി നിറുത്തിയാൽ ഊരും
കല്ലമ്പലം ജംഗ്ഷനിൽ ദേശീയപാതയിലും കവലയിൽ നിന്നുള്ള ബൈറൂട്ടുകളിലും റോഡ് നിറഞ്ഞു നിന്നാണ് പൊലീസ് ഈ ക്രൂര വിനോദം കാട്ടിയത്. ഹെൽമെറ്റില്ലാതെ വരുന്ന ഇരുചക്രവാഹനങ്ങളെ റോഡിൽ ചാടിവീണ് തടഞ്ഞു. വാഹനങ്ങൾ നിറുത്തിയ ഉടൻ താക്കോലൂരിയെടുത്തു. പിന്നെ എസ്.ഐയെ കാണാൻ നിർദേശം. ലൈസൻസും വാഹനത്തിന്റെ ആർ.സി രേഖകളുമുണ്ടോ എന്ന് ചോദിച്ച് ഹെൽമെറ്റില്ലാത്തതിന് 100 രൂപ പെറ്റിയടി. നിറുത്തിയിട്ടിരിക്കുന്ന ജീപ്പിന്റെ ബോണറ്റിൽ ഊരിയെടുത്ത താക്കോലുകളുടെ കൂട്ടമുണ്ട്. വരിക്കാരുടെ പണം പറ്റുന്ന ചിട്ടിക്കമ്പനിയിലെ കണക്കപ്പിള്ളയുടെ മട്ടിൽ എഴുത്തോടെ എഴുത്താണ് അഡി. എസ്.ഐ. ചുറ്റിനും നൂറുരൂപ നോട്ടുകൾ നീട്ടി ഇരുചക്രവാഹന ഉടമകൾ കാത്തുനിന്നു. വീട്ടുസാധനങ്ങൾ വാങ്ങാനും ആശുപത്രിയിൽ പോകാനും ഇറങ്ങിയവരെല്ലാം പൊലീസിന്റെ ഈ 'താക്കോൽ' കെണിയിൽപെട്ടു. ഒരുമണിക്കൂറിലേറെ ജംഗ്ഷനിൽ പൊലീസിന്റെ ഇത്തരം പരിശോധന നീണ്ടതോടെ ഇവരെ പേടിച്ച് ആർക്കും അതുവഴി യാത്ര ചെയ്യാനാകാതായി. ജോലികഴിഞ്ഞ് വന്നവരും സകുടുംബം യാത്രചെയ്തവരുമെല്ലാം പൊലീസിന്റെ സാഹസത്തിൽ അമ്പരന്നു. പൊലീസ് പോയിട്ട് പോകാമെന്ന് കരുതി പലരും വഴിയിൽ സമയം കൊന്നു. അപകടങ്ങൾ ഒഴിവാക്കാനും നിയമലംഘനങ്ങൾ തടയാനും ലക്ഷ്യമിട്ടുള്ള വാഹന പരിശോധന പൊതുജനത്തെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കും വിധമാകരുതെന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും നിർദേശിച്ചിരിക്കെയാണ് അതിനെയെല്ലാം വെല്ലുവിളിച്ചുള്ള പരിശോധന കഴിഞ്ഞ ദിവസം കല്ലമ്പലത്ത് അരങ്ങേറിയത്.

റോഡിൽ നിറഞ്ഞ് പരിശോധന
ഇവിടെ മാത്രമല്ല തലസ്ഥാനത്ത് ജനറൽ ആശുപത്രി പരിസരം , ഉപ്പിടാമൂട് പാലം തുടങ്ങി തിരക്കേറിയ ഇടങ്ങളിലും റോഡിൽ നിറഞ്ഞുനിന്നുള്ള വാഹന പരിശോധന പൊലീസ് നടത്താറുണ്ട്. ബേക്കറി ജംഗ്ഷനിൽ മേൽപാലത്തിന് താഴെ പരിശോധന നടത്തുന്ന സംഘത്തിലെ ഒരു പൊലീസുകാരൻ ഹാൻഡിലിൽ പിടിച്ചു വാഹനം നിറുത്തുന്നതും താക്കോൽ ഊരിയെടുക്കുന്നതും ഹോബിയാക്കിയ ആളാണ്. തിരക്കേറിയ ബൈപാസിലും വാഹനപരിശോധന നിയമങ്ങൾ കാറ്റിൽ പറത്തിയാണ്.

ഹോംഹാർഡുകളും പരിശോധനയ്ക്ക്
ഹോംഹാർഡുകളെ സാധാരണ നിലയിൽ ഗതാഗത നിയന്ത്രണങ്ങൾക്കും മറ്റുമാണ് നിയോഗിക്കാറുള്ളത്. എന്നാൽ, വാഹനപരിശോധനാ സംഘത്തിൽ ഇക്കൂട്ടരുമുണ്ടിപ്പോൾ. കരമന, പൂജപ്പൂര, തിരുമല, കുണ്ടമൺകടവ് പാലത്തിനു സമീപം, ഓവർബ്രിഡ്ജിനു സമീപം, ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, പട്ടം, പാറ്റൂർ, ചാക്ക, വഞ്ചിയൂർ, മോഡൽ സ്കൂൾ ജംക്‌ഷൻ, കോവളം–കഴക്കൂട്ടം ബൈപാസ്, പാച്ചല്ലൂർ, അമ്പലമുക്ക്, പേരൂർക്കട ജംക്‌ഷന് സമീപം തുടങ്ങി പരിശോധന നടത്തുന്ന സ്ഥലങ്ങളിൽ എല്ലാം വാഹനങ്ങളെ തടയാനായി പൊലീസിനൊപ്പം ഹോം ഗാർഡുകളെയും നിയോഗിച്ചിട്ടുണ്ട്. ഇവരെല്ലാം നടുറോഡിൽ വാഹനം തടയുന്നതും തിരക്കേറിയ സമയത്തും ഇരുചക്രവാഹനയാത്രക്കാരെ ഓടിച്ചിട്ട് പിടിക്കുന്നതിലും മുൻപന്തിയിലാണെന്നാണ് ആക്ഷേപം.

വളവിൽ ചാടിവീഴും
ട്രാഫിക് സിഗ്നലുകൾക്കു സമീപത്ത് പരിശോധനയ്ക്ക് നിൽക്കുകയും നിറുത്താതെ പോകുന്നവരെ ചുവപ്പ് വീഴുമ്പോൾ ഓടിച്ചിട്ട് പിടിക്കുന്നതും പൊലീസുകാരുടെ മറ്റൊരു വിനോദമാണ്. വളവുകളിൽ വാഹന പരിശോധന പാടില്ലെന്നാണു നിർദേശം. എന്നാൽ, ചില പൊലീസുകാർക്ക് വളവിൽ ഒളിച്ചുനിന്നു ചാടിവീഴുന്നതാണ് രസം. വളവുതിരിഞ്ഞ് എത്തുന്ന പലരും പെട്ടെന്നു പൊലീസിനെ കണ്ട് പരിഭ്രാന്തരായി അപകടം പറ്റുന്ന സംഭവങ്ങളും ഉണ്ട്. സംസ്ഥാന പൊലീസ് മേധാവി പലതവണ, വളവുകളിലും തിരക്കേറിയ സമയത്തും നടുറോഡിൽ നിന്നും വാഹനം പരിശോധിക്കരുതെന്നു കർശന നിർദേശം നൽകിയിട്ടും പൊലീസുകാർ മാറുന്നില്ല.

ഡിജിപിയുടെ നിർദ്ദേശം
 ഗതാഗത തടസമോ അപകടങ്ങളോ ഉണ്ടാകാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് വരുത്താതെയും വേണം വാഹന പരിശോധന.
 വാഹനം കൈകാണിച്ച് നിറുത്തിയാൽ എസ്.ഐ ഡ്രൈവറുടെ സമീപത്തേക്ക് പോയി വേണം രേഖകൾ പരിശോധിക്കാൻ.
 വാഹനത്തിലുള്ള പുരുഷൻമാരെ സർ, സ്ത്രീകളെ മാഡം എന്നേ സംബോധന ചെയ്യാവൂ.
 സഭ്യമായ ഭാഷയിൽ സംസാരിക്കണം.
 സ്ത്രീകളും കുട്ടികളുമായി പോകുന്ന വാഹനങ്ങളെ പരിശോധനയിൽനിന്ന് കഴിവതും ഒഴിവാക്കണം.
 സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വാഹനങ്ങളെ പരിശോധനയ്ക്കിടെ സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ പാടില്ല.
 ഗതാഗത നിയമ ലംഘനമുണ്ടെങ്കിൽ സംഭവസ്ഥലത്തുവച്ച് തന്നെ നോട്ടിസ് നൽകിയശേഷം നടപടിയെടുക്കാം.
 മദ്യപിച്ചവരെ വൈദ്യപരിശോധനയ്ക്കു ശേഷമേ സ്റ്റേഷനിൽ കൊണ്ടുപോകാവൂ. ഒരു മണിക്കൂറിനുള്ളിൽ ജാമ്യത്തിൽ വിടണം.
 വാഹനങ്ങൾ തടഞ്ഞുനിറുത്തി താക്കോൽ ഊരിയെടുക്കാനോ മൊബൈൽഫോണോ വിലപിടിപ്പുള്ള വസ്തുക്കളോ ഈടായി പിടിച്ചെടുക്കാനോ പാടില്ല.
 ഒരേ സമയം ഒന്നിൽ കൂടുതൽ വാഹനങ്ങളെ തടഞ്ഞു നിറുത്തി പരിശോധന പാടില്ല.
 തിരക്കേറിയ ജംഗ്ഷനുകൾ, കൊടും വളവുകൾ, കയറ്റിറക്കങ്ങൾ, ഇടുങ്ങിയ റോഡുകൾ, പാലം എന്നിവിടങ്ങളിൽ പരിശോധന നടത്തരുത്.
 വാഹന പരിശോധനയുടെ വീഡിയോ പകർത്തണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ