ശ്രീജീവിന്റെ കസ്റ്റഡി മരണം: കേസ് എറ്റെടുക്കില്ലെന്ന് സി.ബി.ഐ, സമരം തുടരുമെന്ന് സഹോദരൻ
January 13, 2018, 5:15 pm
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റെ ഘാതകരെ കണ്ടെത്താൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ 764 ദിവസമായി സമരം ചെയ്യുന്ന സഹോദരൻ ശ്രീജിത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽക്കുന്നു. ശ്രീജിത്തിന്റെ ആവശ്യപ്രകാരം സി.ബി.ഐയെ സംസ്ഥാന സർക്കാർ സമീപിച്ചെങ്കിലും അപൂർവവും അസാധാരണവുമായ ഒരു കേസ് അല്ലാത്തതിനാൽ ഇത് ഏറ്റെടുക്കാനാകില്ലെന്ന അറിയിപ്പാണ് സർക്കാരിന് ലഭിച്ചത്.  ഇക്കാര്യം സമരരംഗത്തുള്ള സഹോദരനെ അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിഷയത്തിൽ ശ്രീജിത്ത് ആവശ്യപ്പെട്ട പ്രകാരം സാദ്ധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്  ഇനി കോടതി വഴി നീങ്ങുകയാണ് നല്ലതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സി.ബി.ഐ കേസ് ഏറ്റെടുക്കും വരെ സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം.

രണ്ട് വർഷം പിന്നിടുന്ന സമരം ഫേസ്ബുക്കിലും വാട്സ്ആപ്പിലും ചർച്ചയായതോടെ രാഷ്ട്രീയ നേതാക്കളും എത്തിതുടങ്ങി. ഇന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ശ്രീജിത്തിനെ സന്ദർശിച്ചു. ആവശ്യമായ നിയമസഹായവും അഭിഭാഷകനെയും നൽകാമെന്നും ചെന്നിത്തല ഉറപ്പ് നൽകി. പിന്നാലെ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രകാശ് ബാബു ശ്രീജിത്തിനൊപ്പം ഉപവാസം ആരംഭിച്ചു. ഉച്ചയോടെ ശ്രീജിത്തിനെ സന്ദർശിച്ച ഡി.വൈ.എഫ്.ഐ നേതാക്കളായ എ.എ.റഹീം, ഐ.സാജു, ഐ.പി.ബിനു എന്നിവരും ഹൈക്കോടതിയിൽ കേസ് നടത്തുന്നതിനാവശ്യമായ നിയമസഹായം നൽകാമെന്ന് അറിയിച്ചു. രണ്ട് ദിവസത്തിനിടെയാണ്  ശ്രീജിത്തിന്റെ സമരത്തെ  നവമാദ്ധ്യമങ്ങൾ ഏറ്റെടുത്തത്. 'നീതി വൈകുന്നതും നീതി നിഷേധമാണെന്ന 'ഹാഷ് ടാഗിലൂടെയാണ് ശ്രീജിത്തിന്റെ സമരത്തിന് ഇവർ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ സെക്രട്ടേറിയറ്റിന് മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ.

സംഭവം ഇങ്ങനെ
നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽ പുത്തൻ വീട്ടിൽ ശ്രീജീവെന്ന 25കാരനെ 2014 മേയ് 19നാണ് പാറശാല പൊലീസ് മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ടാംനാൾ മെഡിക്കൽ കോളേജ് ആശുപത്രിൽ കിടക്കുന്ന ശ്രീജീവിന്റെ  ചേതനയറ്റ ശരീരമാണ് കുടുംബാംഗങ്ങൾ കണ്ടത്. പ്രതിസ്ഥാനത്ത് ഒരു കൂട്ടം പൊലീസുകാരായതിനാൽ പരാതിയുമായി സ്റ്റേഷനിൽ കയറിയിറങ്ങാൻ കഴിയാത്ത അവസ്ഥയായതോടെ ശ്രീജിത്ത് സെക്രട്ടേറിയേറ്റിനു മുന്നിലെത്തി. ലോക്കപ്പിൽ വച്ച് വിഷം കഴിച്ചതാണെന്ന പൊലീസുകാരുടെ കള്ളക്കഥ പൊലീസ് കംപ്ലെയിന്റ് അതോറിട്ടി ചെയർമാനായിരുന്ന ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് പൊളിച്ചടുക്കി. പാറശാല എസ്.ഐ ആയിരുന്ന ഗോപകുമാർ, എ.എസ്.ഐ ഫിലിപ്പോസ് എന്നിവരാണ് സംഭവത്തിന് ഉത്തരവാദികളെന്നും, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രതാപചന്ദ്രനും എ.എസ്.ഐ വിജയദാസും സംഭവത്തിന് ഒത്താശ ചെയ്‌തെന്നും കണ്ടെത്തിയ അതോറിട്ടി വകുപ്പ് തല നടപടിക്കു ശുപാർശ ചെയ്തു. നഷ്ടപരിഹാരമായി 10ലക്ഷം രൂപ നൽകാനും നിർദ്ദേശിച്ചു. തുക സർക്കാർ ഉടൻ ലഭ്യമാക്കി. എന്നാൽ  സി.ബി.ഐ കേസ് അന്വേഷണം ഏറ്റെടുക്കണമെന്നാണ് സഹോദരന്റെ ആവശ്യം. അമ്മയും മറ്റ് രണ്ട് സഹോദരങ്ങളുമാണ് ശ്രീജിത്തിന്റെ നെയ്യാറ്റിൻകരയിലെ വീട്ടിലുള്ളത്.  
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ