സ്കെച്ച് കാണാം, കൈയടിച്ച് വരാം
January 13, 2018, 3:18 pm
രൂപശ്രീ ഐ.വി
വിക്രമിനെ നായകനാക്കി, സംവിധായകൻ വിജയ് ചന്ദർ നടത്തിയ സ്കെച്ചിംഗ് തെറ്റിയില്ല. അടി, ഇടി, വെട്ട്, കുത്ത്, അല്പം പ്രണയം, നിറയെ പാട്ടുകൾ, ഇതിലെല്ലാം നിറയുന്ന വിക്രം - ഇതാണ് 'സ്കെച്ച്'. മറ്രൊന്നും ഓർക്കാതെ നല്ലൊരു തട്ടുപൊളിപ്പൻ തമിഴ് ചിത്രം കണ്ടിറങ്ങാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് സ്കെച്ച് നല്ല കാഴ്ചാനുഭവമാകും.

സ്കെച്ചിംഗ് ആണ് സ്കെച്ചിന്റെ പണി
സി.സി അടയ്ക്കാൻ മുടങ്ങുന്ന വണ്ടി പിടിക്കലും ഗുണ്ടായിസം കാട്ടുന്നവരെയും സ്കെച്ച് ചെയ്ത് വകവരുത്തലുമാണ് ജീവയെന്ന സ്കെച്ചിന്റെയും (വിക്രം) മൂന്ന് കൂട്ടുകാരുടെയും ജോലി. വർഷങ്ങൾക്കു മുൻപ് സേട്ട് (ഹരീഷ് പേരടി) എന്ന ബിസിനസുകാരന്റെ അച്ഛൻ മദ്രാസിൽ തുടങ്ങിവച്ച ഗരാഷും സി.സി പിടിത്തവും നടത്തിക്കൊണ്ടുപോകാൻ സേട്ട് കൂടെക്കൂട്ടുന്നവരാണ് സ്കെച്ചും സംഘവും. ചെയ്യുന്ന നെറികേടുകൾക്കിടയിലും മനസിൽ നന്മയും സ്നേവും കരുണയുമുള്ള സ്കെച്ച് എന്ന നായകന്റെ പക്ഷം ചേർന്നാണ് ചിത്രത്തിന്റെ സഞ്ചാരം. പ്രശ്നങ്ങൾക്കിടയിലും അനാഥരായ കുറച്ച് കുട്ടികളെ സ്കൂളിൽ വിടാനും ആദ്യമായി തന്നോട് കൊമ്പുകോർക്കുന്ന അമ്മു (തമന്ന) എന്ന നായികയുമായി പ്രണയത്തിലാകാനും സ്കെച്ച് സമയം കണ്ടെത്തുന്നു. റായ്‌പുരം കുമാറിന്റെ (ബാബുരാജ്) നേതൃത്വത്തിലുള്ള എതിർ ചേരിയുമായുള്ള സ്കെച്ചിന്റെ ഏറ്റുമുട്ടലിന്റെ കഥയാണ് ചിത്രം പറയുന്നത്.

സ്കെച്ചിന്റെ നിറംകണ്ട രണ്ടാം പകുതി
നായകന്റെ ആദ്യ വിജയത്തെ നല്ലൊരു ഡപ്പാം കുത്ത് പാട്ടിന്റെ അകമ്പടിയോടെ ആഘോഷിച്ച് തുടങ്ങുന്ന ചിത്രത്തിന്റെ ആദ്യപകുതി പ്രേക്ഷകനെ ഇടയ്ക്കൊന്ന് മടുപ്പിച്ചേക്കാം. കൂടുതൽ കഥാസന്ദർഭങ്ങളില്ലാതെ കഥയെ മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടപ്പെടുമ്പോൾ വിക്രമിനെ നിറച്ചുവച്ച ഫ്രെയിമുകൾ ആരാധകരെ സന്തോഷിപ്പിക്കും. എന്നാൽ രണ്ടാം പകുതിയോടെ നായക പക്ഷത്തെ പടയാളികൾ ഓരോന്നായി മരിച്ചുവീഴുമ്പോഴും കൈ കെട്ടി നോക്കി നിൽക്കേണ്ടി വരുന്ന നായകന്റെ ദൈന്യത നന്നായി പകർത്താൻ സ്കെച്ചിന് കഴിഞ്ഞു. അമിതാവേശങ്ങളില്ലാതെ പ്രതികാരം തീർക്കാനൊരുങ്ങുന്ന നായകനെ കാത്തിരിക്കുന്നതും ശുഭാന്ത്യമായിരുന്നില്ല. പ്രേക്ഷക പ്രതീക്ഷകളെ തോല്പിക്കുന്ന ക്ലൈമാക്സ് ട്വിസ്റ്റും സ്കെച്ചിനെ മനോഹരമാക്കി. മാസ് സനിമയ്ക്കപ്പുറം മറ്ര് അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ സ്കെച്ച് ഈ വാദത്തിൽ വിജയിച്ചിട്ടുണ്ട്.

മാസുകൾക്കും സന്ദേശമാകാം
ക്വട്ടേഷൻ സംഘങ്ങളുടെ കഥയിലൂടെ പ്രേക്ഷകനിൽ ആവേശം നിറയ്ക്കുന്നുണ്ടെങ്കിലും കൊലപാതകത്തെയും ക്വട്ടേഷൻ പണിയെയും ന്യായീകരിക്കാൻ സ്കെച്ച് ശ്രമിച്ചിട്ടില്ല. പുസ്തകം പിടിക്കേണ്ട കൈകളിൽ കത്തി വച്ചു കൊടുക്കുന്ന സാമൂഹ്യ സാഹചര്യങ്ങളെ വിമർശിക്കാനും സംവിധായകൻ വിജയ് ചന്ദർ ശ്രമിച്ചിട്ടുണ്ട്. ഗാംഗ്സ്റ്റർ പശ്ചാത്തലത്തിലൂടെയും നല്ല സന്ദേശം നൽകി കൈയടി നേടാമെന്ന് സ്കെച്ച് തെളിയിച്ചു. സൂരി, ശ്രീമാൻ, അഭിഷേക്, വേല രാമമൂർത്തി, രവി കിഷൻ, ആർ.കെ.സുരേഷ് തുടങ്ങി തമിഴിന്റെ പ്രിയതാരങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു.

പാക്കപ്പ് പീസ്: നിറമുണ്ട് ഈ സ്കെച്ചിന്
റേറ്റിംഗ് :
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ