ഒറ്റനോട്ടത്തിൽ: മഹാരാഷ്ട്ര, സുപ്രീം കോടതി, കുര്യൻ ജോസഫ്, സിറോ മലബാർ സഭ, ശബരിമല
January 13, 2018, 4:00 pm

1. മഹാരാഷ്ട്രയിൽ സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ബോട്ട് ബോട്ട് മുങ്ങി 4 കുട്ടികൾ മരിച്ചു. അപകടം നടന്നത് മഹാരാഷ്ട്രയിലെ ദഹാനു കടൽതീരത്ത് നിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെ. 40 വിദ്യർത്ഥികളുമായി പോയ ബോട്ട് അപകടത്തിൽപ്പെട്ടത് അമിതഭാരം കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. കാണാതായ 11 കുട്ടികൾക്കായി കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തനത്തിനായി ഡോണിയർ വിമാനവും ഹെലികോപ്ടറുകളും തീരത്ത്.

2. മുംബയ് തീരത്ത് ഒ.എൻ.ജി.സി ഉദ്യോഗസ്ഥരുമായി പോയ ഹെലികോപ്റ്റർ തകർന്ന് വീണ് മൂന്ന് മരണം. ബോട്ടിലുണ്ടായിരുന്നത് രണ്ട് മലയാളി ഉദ്യോഗസ്ഥർ ഉൾപ്പെടെ 7 പേർ. ഒ.എൻ.ജി.സി ഡെ. ജനറൽ മാനേജർമാരായ വി.കെ ബാബു, ജോസ് ആന്റണി എന്നിവരാണ് കാണാതായ മലയാളികൾ. തീര സംരക്ഷണ സേനയുടെ നേതൃത്വത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുന്നു. തീരത്ത് നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ വച്ച് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നതായി എയർ ട്രാഫിക് കൺട്രോൾ.

3. സുപ്രീം കോടതി പ്രതിസന്ധി പരിഹാരമില്ലാതെ തുടരവേ, പ്രശ്‌നം ഗുരുതരമല്ലെന്ന വിശദീകരണവുമായി അറ്റോർണി ജനറൽ. ഇന്നലെ ഉണ്ടായത് ജഡ്ജിമാരുടെ അഭിപ്രായ വ്യത്യാസം മാത്രം. എന്നാൽ, അഭിപ്രായ ഭിന്നത മാദ്ധ്യമങ്ങൾക്കു മുന്നിൽ ഉന്നയിച്ചത് ശരിയായില്ല. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും എ.ജിയുടെ പ്രതികരണം.

4. അതിനിടെ, ചീഫ് ജസ്റ്റിസിന് എതിരെ ആരോപണം ഉന്നയിച്ച ജഡ്ജിമാർക്ക് എതിരെ സുപ്രീം കോടതി ബാർ അസോസിയേഷൻ. മുതിർന്ന ജഡ്ജിമാർ മാദ്ധ്യമ സമ്മേളനം വിളിച്ചത് അനുചിതമായ നടപടി. ബാർ അസോസിയേഷൻ യോഗം ചേർന്ന് ഇക്കാര്യം ചർച്ച ചെയ്യുമെന്നും വിശദീകരണം.

5. അതേസമയം, പ്രശ്‌ന പരിഹാരത്തിൽ ഇടപെടുന്നത് കരുതലോടെ മതിയെന്ന നിലപാടിൽ കേന്ദ്ര സർക്കാർ. വിഷയം ജുഡിഷ്യറിയുടെ ആഭ്യന്തര കാര്യമെന്ന് വിശദീകരണം. അറ്റോർണി ജനറൽ രാവിലെ നടത്തിയ പ്രതികരണം, പ്രധാനമന്ത്രിയുമായി നടത്തിയ ആശയ വിനിമയത്തിനു ശേഷമെന്ന് സൂചന. പ്രകോപനം വേണ്ടെന്ന നിലപാടിൽ കേന്ദ്ര നിയമ മന്ത്രാലയവും.

6. സുപ്രീം കോടതി പ്രതിസന്ധിയിൽ ഇടപെടാനുള്ള കേന്ദ്ര നീക്കത്തിനു തടയിട്ട് ചീഫ് ജസ്റ്റിസ്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പിൽ സെക്രട്ടറിക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ല. വിഷയം ചർച്ച ചെയ്യാൻ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിൽ എത്തിയെങ്കിലും അനുമതി ലഭിക്കാതെ നൃപേന്ദ്ര മിശ്ര മടങ്ങുകയായിരുന്നു. അതേസമയം, പ്രശ്‌ന പരിഹാരം തേടി സുപ്രീം കോടതി ബാർ കൗൺസിൽ യോഗം ഇന്ന്.

7. പ്രശ്‌നങ്ങൾ വൈകാതെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ജസ്റ്റിസ് കുര്യൻ ജോസഫ്. ശ്രമിച്ചത്, ജനങ്ങൾക്ക് ജുഡിഷ്യറിയിൽ ഉള്ള വിശ്വാസം നഷ്ടമാകാതിരിക്കാൻ. ഇതോടെ കാര്യങ്ങൾ സുതാര്യവും കാര്യക്ഷമവും ആകുമെന്നാണ് പ്രതീക്ഷ. അച്ചടക്കലംഘനം ഉണ്ടായതായി കരുതുന്നില്ലെന്നും പ്രതിഷേധം പരസ്യമാക്കിയ നാല് ജഡ്ജിമാരിൽ ഒരാളായ കുര്യൻ ജോസഫ്.

8. പ്രതിഷേധം ഉയർത്തിയ ജഡ്ജിമാരെ അനുനയിപ്പിക്കാനും, കൂടുതൽ പ്രതിസന്ധികൾക്ക് വഴിയൊരുക്കാതെ ഇരിക്കാനും ഊർജ്ജിത ശ്രമം. പ്രതിഷേധത്തിന് നേതൃത്വം നൽകിയ ജസ്റ്റിസ് ചെലമേശ്വറിന് പിന്തുണയുമായി കൂടുതൽ ജഡ്ജിമാർ എത്തുന്നത് തടയാനും നീക്കം.

9. ഭൂമി ഇടപാട് വിവാദത്തിൽ കുരുങ്ങിയ സീറോ മലബാർ സഭയുടെ സിനഡ് യോഗം ഇന്ന് സമാപിക്കാൻ ഇരിക്കെ പുതിയ സംഘടന രൂപീകരിച്ച് വൈദികർ. വിവാദ വിഷയത്തിൽ തുടർ നടപടികളുമായി മുന്നോട്ടു പോകാൻ ആദ്യ യോഗത്തിൽ തീരുമാനം. വിശ്വാസികളുമായി ചേർന്ന് വൈദികർ പുതിയ സംഘടന രൂപീകരിച്ചത് ആർച്ച് ഡയോഷ്യൻ മൂവ്‌മെന്റ് ഫോർ ട്രാൻസ്‌പെരൻസി എന്ന പേരിൽ.

10. ഭൂമി ഇടപാടുകളിലും നിയമനങ്ങളിലും സുതാര്യത വേണമെന്ന് വൈദിക സംഘടനയുടെ ആവശ്യം. ക്രമക്കേടുകൾ ഒതുക്കി തീർക്കാൻ ശ്രമിച്ചാൽ പുതിയ പ്രക്ഷോഭത്തിനും ഒരുക്കം. അതേസമയം, ഭൂമി ഇടപാടു സംബന്ധിച്ച അന്വേഷണത്തിന് സിനഡ് നിയോഗിച്ച മെത്രാൻ സമിതി ഇന്ന് ഇടക്കാല റിപ്പോർട്ട് കൈമാറും. സമിതിയുടേത്, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സംരക്ഷിക്കുന്ന റിപ്പോർട്ട് എന്ന് സൂചന.

11. സീറോ മലബാർ സഭയുടെ സിനഡ് യോഗം ആരംഭിച്ചത് എറണാകുളംഅങ്കമാലി രൂപതയിലെ ഭൂമി വില്പന വിവാദം പുകയുന്നതിനിടെ. സിനഡിൽ പ്രശ്‌നം ചർച്ച ചെയ്യാതെ ആർച്ച് ബിഷപ്പ് മാത്യു മൂലക്കാടന്റെ അധ്യക്ഷതയിൽ അഞ്ചംഗ സമിതിയെ നിയോഗിച്ച് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടുക ആയിരുന്നു. ഭൂമി സംബന്ധമായ സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മതക്കുറവ് ഉണ്ടായെന്നു മാത്രമാകും റിപ്പോർട്ടിലെ പരാമർശം.

12. പ്രവാസി ക്ഷേമത്തിന് ക്രിയാത്മക പരിപാടികളുമായി ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം. പ്രവാസികളുടെ നിക്ഷേപ വിനിയോഗത്തിന് ഭാവനാ പൂർണമായ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന ഉറപ്പുമായി സംസ്ഥാന സർക്കാർ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും, പ്രവാസ ജീവിതം മതിയാക്കി മടങ്ങുന്നവർക്കുമായി ക്ഷേമനിധി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി.

13. പ്രവാസി ക്ഷേമനിധി രൂപീകരണത്തിനുള്ള സർക്കാർ പദ്ധതി, സമ്പന്നരായ പ്രവാസികളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ച്. പ്രവാസി ക്ഷേമനിധി ബോർഡിനുള്ള ധനസഹായം ഉയർത്താൻ ശ്രമിക്കും. പ്രവാസികളിൽ നിന്നുള്ള വിദേശനാണ്യ നേട്ടം കേന്ദ്രത്തിനും ചെലവ് സംസ്ഥാനങ്ങൾക്കും എന്ന സ്ഥിതി മാറണം എന്നും ലോക കേരള സഭയിൽ മുഖ്യമന്ത്രി.

14. മകരവിളക്കിന് ഒരുങ്ങി ശബരിമല സന്നിധാനം. ഭക്തകോടികൾക്ക് ധന്യത പകരുന്ന ദിവ്യ ജ്യോതി ദർശനം നാളെ. സന്നിധാനത്ത് മകരസംക്രമ പൂജയ്ക്കു മുന്നോടിയായുള്ള ശുദ്ധിക്രിയകൾ. ബിംബ ശുദ്ധി ക്രിയകൾക്കു ശേഷം സംക്രമപൂജ നാളെ ഉച്ചയ്ക്ക് 1.47ന് നടക്കും. ജ്യോതി ദർശനത്തിന് തിരക്കേറിയ സാഹചര്യത്തിൽ സന്നിധാനം കനത്ത സുരക്ഷയിൽ.

15. ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് സെഞ്ചൂറിയനിൽ തുടക്കം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്ത മത്സരത്തിൽ ഇന്ത്യ ഇറങ്ങിയത് മൂന്ന് മാറ്റങ്ങളുമായി. കഴിഞ്ഞ മത്സരത്തിൽ കളിച്ച ഓപ്പണർ ശിഖർ ധവാൻ, വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ, ബൗളർ ഭുവനേശ്വർ കുമാർ എന്നിവരെ ഒഴിവാക്കി. കഴിഞ്ഞ മത്സരത്തിൽ ഒഴിവാക്കിയ അജിങ്ക്യ റഹാനെയെ ഈ മത്സരത്തിലും ഉൾപ്പെടുത്തിയില്ല.

16. ഓപ്പണർ ലോകേഷ് രാഹുൽ, വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ, പേസ് ബൗളർ ഇശാന്ത് ശർമ്മ എന്നിവർ ടീമിൽ. ദക്ഷിണാഫ്രിക്കൻ നിരയിൽ പരിക്കേറ്റ ഡെയ്ൽ സ്‌റ്റെയ്‌ന് പകരം പേസ് ബൗളർ ഗിദിക്ക് അരങ്ങേറ്റം. പേസും ബൗൺസും നിറഞ്ഞ സെഞ്ചൂറിയനിലെ പിച്ചിൽ പരാജയപ്പെട്ടാൽ ഇന്ത്യയ്ക്ക് പരമ്പര നഷ്ടം. ഒടുവിൽ വിവരം കിട്ടുമ്പോൾ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടപ്പെടാതെ 55 റൺസ് എന്ന നിലയിൽ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ