ഇസ്രയേലുമായുള്ള ടാങ്ക്‌വേധ മിസൈൽ കരാർ പുനരുജ്ജീവിപ്പിച്ചേക്കും
January 13, 2018, 4:20 pm
ന്യൂഡൽഹി: ഇസ്രയേലുമായി ധാരണയിലെത്തിയി ശേഷം റദ്ദാക്കിയ 3,174 കോടി രൂപയുടെ ടാങ്ക്‌വേധ മിസൈൽ കരാർ പുനരുജ്ജീവിപ്പിക്കുന്ന കാര്യം സർക്കാരും കരസേനയും ആലോചിച്ച് വരികയാണെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി സമാനമായ മിസൈലുകൾ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ നിർമിച്ചു നൽകാമെന്ന് വ്യക്തമാക്കിയതിനാലാണ് കരാർ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ സർക്കാരിന്റെ റാഫേൽ അഡ്വാൻസ്ഡ് സിസ്റ്റംസിൽ നിന്ന് 1600 സ്‌പൈക്ക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ സാങ്കേതിക വിദ്യ സഹിതം വാങ്ങാനായിരുന്നു ധാരണയായത്. എന്നാൽ,​ പ്രത്യേക കാരണം വ്യക്തമാക്കാതെ ഈ മാസം ആദ്യം കരാ‍ർ റദ്ദാക്കുകയായിരുന്നു.

ഡി.ആർ.ഡി.ഒയുടെ മിസൈലുകൾ ഇതുവരെ പരീക്ഷിച്ചിട്ടില്ലെന്നും 2022വരെ ഇവ ഉപയോഗസജ്ജമാവില്ലെന്നും പറഞ്ഞ റാവത്ത്,​ ഇത് ഇന്ത്യയുടെ പ്രതിരോധ ശക്തിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. നിലവിലെ ആവശ്യവും 2022 വരെയുള്ള കാലത്തിനും ഇടയ്ക്കുള്ള വിടവ് എങ്ങനെ നികത്തുമെന്നും അദ്ദേഹം ചോദിച്ചു.

സൈനികർക്ക് കൈയിൽ കൊണ്ടുപോകാവുന്ന 'ഫയർ ആൻഡ് ഫൊർഗെറ്റ്' ഇനത്തിൽപ്പെട്ട മിസൈലാണ് സ്പൈക്ക്. ടാങ്ക് ഉൾപ്പെടെ ചലിക്കുന്ന വസ്തുക്കളെ തകർക്കാൻ ശേഷിയുള്ള മിസൈൽ തൊടുത്ത ശേഷം സൈനികന് വളരെ വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ കഴിയും.
അമേരിക്കയുടെ ജാവ‌ലിൻ മിസൈലുകളെ മറികടന്നാണ് 2014ൽ ഇന്ത്യ സ്‌പൈക്ക് മിസൈലുകൾ വാങ്ങാൻ തീരുമാനിച്ചത്. നിലവിൽ 26 രാജ്യങ്ങളാണ് സ്‌പൈക്ക് മിസൈലുകൾ ഉപയോഗിക്കുന്നത്.

ഇന്ത്യയിലേക്ക് പ്രധാനമായും ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രയേൽ. ഒരു ബില്യൺ ഡോളറിന്റെ സൈനിക ഉപകരണങ്ങളാണ് പ്രതിവർഷം ഇസ്രയേലിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ