ശ്രീജിത്തേ, ശ്രദ്ധിക്കണേ,​ പൊടിയടിക്കും,​ കൊതുക് കടിക്കും - ചെന്നിത്തലയെ തിരിഞ്ഞു കുത്തി ആ വാക്കുകൾ
January 13, 2018, 5:51 pm
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റെ ഘാതകരെ കണ്ടെത്താൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ 764 ദിവസമായി സമരം ചെയ്യുന്ന സഹോദരൻ ശ്രീജിത്തിനോട് ആഭ്യന്തര മന്ത്രി ആയിരിക്കെ രമേശ് ചെന്നിത്തല പറഞ്ഞ വാക്കുകൾ ഇന്ന് അദ്ദേഹത്തെ തിരിഞ്ഞുകുത്തി.

രണ്ട് ദിവസത്തിനിടെ ശ്രീജിത്തിന്റെ സമരത്തെ നവമാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് ചെന്നിത്തല ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ എത്തിയത്. ശ്രീജിത്തിന് ആവശ്യമായ നിയമസഹായവും അഭിഭാഷകനെയും നൽകാമെന്നും ചെന്നിത്തല ഉറപ്പ് നൽകിയിരുന്നു. എന്നാൽ,​ ശ്രീജിത്തിന്റെ ഒരു സുഹൃത്ത് ഇതിനിടെ ചെന്നിത്തലയോട് ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. സുഹൃത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ ചെന്നിത്തല,​ ഇയാൾ വർത്തമാനം പറയണ്ട എന്ന് വിലക്കുകയും ചെയ്തു. ഇതൊക്കെ പറയാൻ താങ്കൾക്ക് എന്ത് അധികാരം ഉണ്ടെന്ന മറുചോദ്യവും ചെന്നിത്തല ഉന്നയിച്ചു.ഇയാൾ ആവശ്യമില്ലാതെ സംസാരിക്കണ്ട എന്ന് പറഞ്ഞ ശേഷം ചെന്നിത്തല മടങ്ങുകയായിരുന്നു.

സുഹൃത്തിന്റെ വാക്കുകൾ
സാറെ ഒരു സംശയം ചോദിച്ചോട്ടെ. ചൂടാകല്ലേ,​ സാർ ആഭ്യന്തര മന്ത്രി ആയിരിക്കെയാണ് ഈ സംഭവം നടന്നത്. സാറിന്റെ മുന്നിൽ ശ്രീജിത്ത് വന്നിട്ടുണ്ട്. അന്ന് ശ്രീജിത്തിനൊപ്പം ഞാനുമുണ്ടായിരുന്നു. സാർ പറഞ്ഞ മറുപടി എനിക്കോർമയുണ്ട്. അപ്പോൾ,​ അന്വേഷിക്കാമെന്ന് താൻ പറഞ്ഞിരുന്നതായി ചെന്നിത്തല മറുപടി നൽകി. ഉടൻ സുഹൃത്ത് അതിന് മറുപടി നൽകി. അന്വേഷിക്കാമെന്നല്ല,​ ശ്രീജിത്ത് അവിടെ പോയി കിടക്കുന്പോൾ റോഡിൽ നിന്ന് പൊടി അടിക്കും. രാത്രി കൊതുക് കടിക്കുമെന്നും പറഞ്ഞിരുന്നു. ഇതിനിടെ നിയമസഹായം നൽകുമെന്ന് ചെന്നിത്തല പറഞ്ഞു. അതാണോ സഹായമെന്ന് സുഹൃത്തിന്റെ ചോദ്യം ചെന്നിത്തലയെ ചൊടിപ്പിച്ചു. ഇതൊക്കെ പറയാൻ ഇയാൾക്ക് എന്ത് അധികാരം എന്നായിരുന്നു ചെന്നിത്തലയുടെ മറുചോദ്യം. പറയാൻ അധികാരമുണ്ട്,​ പൊതുജനവും സുഹൃത്തുമാണ് താനെന്ന് യുവാവ് പറഞ്ഞു. ഇതെല്ലാം പൊതുജനങ്ങൾ കാണുന്നുണ്ട്. ജനങ്ങളുടെ കണ്ണിൽ മണ്ണ് വാരിയിടാൻ സമ്മതിക്കില്ല. സമരന്പന്തലിൽ ഉണ്ടായിരുന്ന മറ്റുള്ളവരും പ്രതിഷേധിച്ചതോടെ ചെന്നിത്തല മടങ്ങുകയായിരുന്നു.

സംഭവം ഇങ്ങനെ:
നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽ പുത്തൻ വീട്ടിൽ ശ്രീജീവെന്ന 25കാരനെ 2014 മേയ് 19നാണ് പാറശാല പൊലീസ് മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ടാംനാൾ മെഡിക്കൽ കോളേജ് ആശുപത്രിൽ കിടക്കുന്ന ശ്രീജീവിന്റെ ചേതനയറ്റ ശരീരമാണ് കുടുംബാംഗങ്ങൾ കണ്ടത്. പ്രതിസ്ഥാനത്ത് ഒരു കൂട്ടം പൊലീസുകാരായതിനാൽ പരാതിയുമായി സ്റ്റേഷനിൽ കയറിയിറങ്ങാൻ കഴിയാത്ത അവസ്ഥയായതോടെ ശ്രീജിത്ത് സെക്രട്ടേറിയേറ്റിനു മുന്നിലെത്തി. ലോക്കപ്പിൽ വച്ച് വിഷം കഴിച്ചതാണെന്ന പൊലീസുകാരുടെ കള്ളക്കഥ പൊലീസ് കംപ്ലെയിന്റ് അതോറിട്ടി ചെയർമാനായിരുന്ന ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് പൊളിച്ചടുക്കി. പാറശാല എസ്.ഐ ആയിരുന്ന ഗോപകുമാർ, എ.എസ്.ഐ ഫിലിപ്പോസ് എന്നിവരാണ് സംഭവത്തിന് ഉത്തരവാദികളെന്നും, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രതാപചന്ദ്രനും എ.എസ്.ഐ വിജയദാസും സംഭവത്തിന് ഒത്താശ ചെയ്‌തെന്നും കണ്ടെത്തിയ അതോറിട്ടി വകുപ്പ് തല നടപടിക്കു ശുപാർശ ചെയ്തു. നഷ്ടപരിഹാരമായി 10ലക്ഷം രൂപ നൽകാനും നിർദ്ദേശിച്ചു. തുക സർക്കാർ ഉടൻ ലഭ്യമാക്കി. എന്നാൽ സി.ബി.ഐ കേസ് അന്വേഷണം ഏറ്റെടുക്കണമെന്നാണ് സഹോദരന്റെ ആവശ്യം. അമ്മയും മറ്റ് രണ്ട് സഹോദരങ്ങളുമാണ് ശ്രീജിത്തിന്റെ നെയ്യാറ്റിൻകരയിലെ വീട്ടിലുള്ളത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ