2017ലെ സുരക്ഷിത വാഹനമെന്ന പദവി വോൾവോയ്‌ക്ക് സ്വന്തം
January 13, 2018, 11:19 pm
2017 വർഷത്തിൽ ലോകം കണ്ടതിൽ വച്ച് ഏറ്റവും സുരക്ഷിത വാഹനമെന്ന പദവി വോൾവോയുടെ പുത്തൽ ആഡംബര എസ്.യു.വി എക്‌സ്.സി 60 സ്വന്തമാക്കി. സുരക്ഷിതത്വത്തിന് പുറമെ ഏറ്റവും മികച്ച ഓഫ് റോഡർ എന്ന പുരസ്കാരവും സ്വീഡിഷ് വാഹന നിർമാതാക്കളുടെ കാറായ വോൾവോ എക്‌സ്‌.സി 60 നേടിയെടുത്തു.സുരക്ഷാ ഏജൻസിയായ യൂറോ എൻ.സി.എ.പിയുടേതാണ് പ്രഖ്യാപനം. ക്രാഷ് ടെസ്റ്റുകളിൽ അഞ്ചിൽ അഞ്ച് സ്റ്റാറും നേടിയാണ് വാഹനത്തിന്റെ നേട്ടം. എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ മുതിർന്ന യാത്രക്കാർക്ക് 98 ശതമാനം സുരക്ഷയാണ് വോൾവോ എക്‌സ്‌.സി60 വാഗ്ദാനം ചെയ്യുന്നത്.

ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എബിഎസ്, സീറ്റ് ബെൽറ്റ്, സ്റ്റീർ അസിസ്റ്റ് എന്നിങ്ങനെ സ്റ്റാന്റേഡ് ഫീച്ചേഴ്‌സിന് പുറമെ വോൾവോയുടെ റഡാർ അധിഷ്ഠിത ബ്ലൈന്റ് സ്‌പോട്ട് ഇൻഡക്കേഷൻ സിസ്റ്റം, പൈലറ്റ് അസിസ്റ്റ്, ലൈൻ മിറ്റഗേഷൻ സിസ്റ്റവും വാഹനത്തിലുണ്ട്. യൂറോപ്പിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന മിഡ്‌സൈസ്ഡ് എസ്‌യുവിയാണ് എക്‌സ്‌സി 60.

വാഹനം 2017 ഡിസംബറിലാണ് ഇന്ത്യയിൽ അവതരിക്കുന്നത്. പൈലറ്റ് അസിസ്റ്റ് മുന്നിലെയും പിന്നിലെയും വാഹനങ്ങളിൽ നിന്നും നിശ്ചിത അകലം പാലിക്കാൻ സഹായിക്കും. ഒപ്പം ലൈൻ മിറ്റഗേഷൻ സിസ്റ്റം 130 കിലോമീറ്റർ വേഗതയിൽ പോകുമ്പോൾ പോലും വാഹനം ലൈൻ മാറാതെ സഹായിക്കും.

1969 സിസി എഞ്ചിനാണ് എക്‌സ്‌.സി 60ന് കരുത്ത് പകരുന്നത്. ട്വിൻ ടർബോ ചാർജ്ഡ് ഡീസൽ എഞ്ചിൻ 4000 ആർ.പി.എമ്മിൽ 233 ബി.എച്ച്.പി കരുത്ത് പകരും. 8 സ്പീഡ് ആട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിനുള്ളത്.

ജഗ്വാർ എഫ് പേസ്, ബെൻസ് ജി.എൽ.സി, ബി.എം.ഡബ്യു എക്‌സ് 3, ഔഡി ക്യു5 എന്നിവയാണ് എക്‌സ്‌.സി 60ന് നിലവിൽ ഇന്ത്യയിലെ എതിരാളികൾ. അത്യാധുനിക സംവിധാനങ്ങളെല്ലാം സ്റ്റാൻഡേർഡ് ഫീച്ചറായി എത്തുന്ന വാഹനത്തിന് 55.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ