ചാരുംമൂട്ടിലെ പ്രിയാപിള്ള അവരുടെ 'പ്യാരിബേട്ടി'
January 14, 2018, 9:50 am
എം.എച്ച്. വിഷ്‌ണു
 തിരുവനന്തപുരം: മദ്ധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിലെ 54 ഗ്രാമങ്ങളിലെ ആദിവാസികളുടെ 'പ്യാരിബേട്ടി' യാണ് കായംകുളം ചാരുംമൂട്ടുകാരി പ്രിയാപിള്ള. അവരുടെ കാടും വീടും ജീവിതവും രക്ഷിക്കാൻ ഒമ്പതുവർഷമായി സമരമുഖത്താണ് പ്രിയ. ഒാരോ ചാക്ക് അരിയും ഉള്ളിയും കിഴങ്ങും ഒരുലക്ഷം രൂപയും നല്കി കുടിയിറക്കപ്പെട്ട പതിനായിരക്കണക്കിന് ആദിവാസികളുടെ കൈത്താങ്ങ്. 11കൽക്കരിഖനികളും 9 തെർമൽ പവർപ്ലാന്റുകളും ഒരു സിമന്റ്‌പ്ലാന്റുമുള്ള സിംഗ്രൗളിയിൽ 'മഹാൻ സംഘർഷ് സമിതി' എന്നപേരിൽ ആദിവാസികളുടെ മുന്നേറ്റം നയിക്കുന്നത് പ്രിയയാണ്. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള സാൽ മരക്കാടുകളുള്ള മഹാനിലെ കൽക്കരി ഖനനത്തിനെതിരെയാണ് പ്രിയ സമരംതുടങ്ങിയത്. 1182 ഹെക്ടർ സ്ഥലത്തെ എസാർ കമ്പനിയുടെ ഖനനപദ്ധതിക്കും തെർമൽ പ്ലാന്റിനായും അഞ്ചു ഗ്രാമങ്ങൾ തുടച്ചുനീക്കപ്പെട്ടു. 54 ഗ്രാമങ്ങളിലെ 5 ലക്ഷത്തിലധികം ആദിവാസികളെയാണ് കുടിയൊഴിപ്പിക്കേണ്ടിയിരുന്നത്. എട്ടുവർഷം നീണ്ട പ്രിയയുടെ സമരത്തിനൊടുവിൽ കൽക്കരിഖനന പദ്ധതി റദ്ദാക്കി. വനത്തിനുള്ളിൽ വേറെയും കൽക്കരിഖനന പദ്ധതികൾ ഒരുങ്ങുന്നുണ്ട്. അതിനെതിരെയാണ് ഇപ്പോഴത്തെ സമരം.
സ്കൂളും റോഡും വെള്ളവും ഭക്ഷണവും ജോലിയുമെല്ലാം വാഗ്ദാനം ചെയ്താണ് ആദിവാസികളെ കുടിയൊഴിപ്പിക്കുന്നത്. ഒന്നും കൊടുക്കില്ല. ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള കമ്പനികളുടെ കൊള്ളയെക്കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ പ്രസംഗിക്കാൻ പോകുംവഴിയാണ് രണ്ടുവർഷംമുൻപ് ഡൽഹി വിമാനത്താവളത്തിൽ പ്രിയാപിള്ള തടയപ്പെട്ടത്.
കൽക്കരി മാഫിയയാണ് അവിടെ ഭരണം നിയന്ത്രിക്കുന്നത്. സമരത്തിനിറങ്ങിയ പ്രിയയ്ക്കെതിരെ നാല് ക്രിമിനൽ കേസുകളും നിരവധി സിവിൽ കേസുകളുമെടുത്തു. ''സമരം അടിച്ചമർത്താനുള്ള തന്ത്രമാണിത്. മാസത്തിൽ 15 ദിവസം കേസിനായി പോകണം. ഒരുദിവസം സിംഗ്രൗളിയിലാണ് കേസെങ്കിൽ അടുത്തത് മുംബയിൽ, പിന്നെ ഡൽഹിയിൽ. ജീവന് നിരവധി തവണ ഭീഷണിയുണ്ടായിട്ടുണ്ട്. മഹാനിലെ പ്രബലവിഭാഗമായ ഠാക്കൂറുകളുടെ ഭീഷണിയുമുണ്ട്.''-പ്രിയ പറഞ്ഞു. ആദിവാസികൾ സൈന്യത്തിനും മാവോയിസ്റ്റുകൾക്കുമിടയിൽ കുടുങ്ങിക്കിടക്കുകയാണ്. സർക്കാരും മാവോയിസ്റ്റുകളും അവരെ ചൂഷണംചെയ്യുന്നു. മാവോയിസ്റ്റുകളാണെന്ന് മുദ്രകുത്തി ആദിവാസികളെ വർഷങ്ങളോളം ജയിലിലിടുന്നു. പൊലീസിന് വിവരം നൽകുന്നുവെന്ന് പറഞ്ഞ് മാവോയിസ്റ്റുകളും ചൂഷണംചെയ്യുന്നു. സർക്കാരിനും മാവോയിസ്റ്റുകൾക്കുമിടയിൽ മദ്ധ്യസ്ഥതയ്ക്ക് തനിക്ക് വൈദഗ്ദ്ധ്യമില്ലെന്നും പ്രിയാപിള്ള പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ